ഹയർ സെക്കൻഡറി സീറ്റ് കുറവ്; തൃക്കരിപ്പൂരിൽ അധിക ബാച്ച് ആരംഭിക്കാൻ ഉത്തരവ്
text_fieldsതൃക്കരിപ്പൂർ: മലബാറിലെ ഹയർസെക്കൻഡറി സീറ്റ് കുറവ് പരിഹരിക്കാനായി സർക്കാർ തൃക്കരിപ്പൂരിൽ അനുവദിച്ച ഹ്യുമാനിറ്റീസ് അധിക ബാച്ചിന്റെ ക്ലാസ് ആരംഭിക്കാത്തത് സംബന്ധിച്ച കുരുക്കഴിഞ്ഞു. പുതിയ ബാച്ച് ക്ലാസുകൾ ആരംഭിച്ച് അക്കാര്യം റിപ്പോർട്ട് ചെയ്യാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടു.
ഇക്കഴിഞ്ഞ ജൂലൈ 22ന് തൃക്കരിപ്പൂർ വി.പി.പി. മുഹമ്മദ് കുഞ്ഞി പട്ടേലർ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അനുവദിക്കപ്പെട്ട അധിക ബാച്ച് സാങ്കേതികപ്രശ്നങ്ങളിൽ കുരുങ്ങി ആരംഭിക്കാൻ കഴിയാതിരുന്ന സാഹചര്യം ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് രാഷ്ട്രീയ നേതൃത്വം ഇടപെട്ടാണ് ചുവപ്പുനാട അഴിച്ചത്. നേരത്തെ കൂടിക്കാഴ്ച നടത്തി തെരഞ്ഞെടുത്ത സോഷ്യൽ വർക്ക് അധ്യാപകർക്ക് അടുത്ത ദിവസം സ്കൂളിലെത്താൻ അറിയിപ്പ് നൽകിയിട്ടുണ്ട്.
അനുവദിക്കപ്പെട്ട കോഴ്സ് കോഡ് 11ൽ നിന്ന് 16 ആക്കി മാറ്റി സർക്കാർ ഉത്തരവിറങ്ങി രണ്ട് മാസം പിന്നിട്ടിട്ടും അനന്തര നടപടികൾ പൂർത്തിയാകാത്തതിനെ തുടർന്ന് സോഷ്യൽ വർക്ക് വിഷയത്തിന്റെ ക്ലാസ് ആരംഭിക്കാൻ കഴിയാത്ത സാഹചര്യമായിരുന്നു. അധ്യാപകരുടെ കൂടിക്കാഴ്ച ഉൾപ്പെടെ നടത്തിയെങ്കിലും പ്രത്യേക ഉത്തരവിന് കാത്ത് സ്കൂൾ അധികൃതർ ക്ലാസ് ആരംഭിച്ചില്ല.
ഹ്യുമാനിറ്റീസ് കോഴ്സ് കോഡ് 16 അനുവദിച്ച് ജൂലൈ 29ന് സർക്കാർ ഭേദഗതി ഉത്തരവ് പുറപ്പെടുവിച്ചിട്ടും കുട്ടികൾ ക്ലാസ് കിട്ടാതെ അലഞ്ഞു. ഹയർ സെക്കൻഡറി സെൻട്രലൈസ്ഡ് അലോട്ട്മെൻറ് പ്രോഗ്രാം പോർട്ടലിൽ അധിക ബാച്ചിന്റെ കോഴ്സ് കോഡ് 11ൽ നിന്ന് 16 ആക്കി ഇപ്പോൾ മാറ്റിയിട്ടുണ്ട്. ഈ സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ വർക്ക് വിഷയത്തിന്റെ ക്ലാസുകൾ ആരംഭിക്കാതിരുന്നത്.
സർക്കാർ ഉത്തരവിനെതുടർന്ന്, നിലവിൽ പഠിക്കുന്ന കുട്ടികൾ കോഴ്സ് കോഡ് 16 ലേക്ക് മാറാൻ സന്നദ്ധത അറിയിച്ച് സമ്മതപത്രം നൽകിയിട്ടും ഡി.ജി.ഐയുടെ ഉത്തരവിന് കാത്തിരിക്കുകയായിരുന്നു.
പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ച് ഏറെ നാൾ പിന്നിട്ടിട്ടും ഒരു പ്രധാന വിഷയത്തിന്റെ പഠനം ആരംഭിക്കാൻ കഴിയാത്തത് അധികൃതരുടെ അനാസ്ഥ മൂലമാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. വാർത്തയെ തുടർന്ന് യു.ഡി.എഫ് നേതാക്കൾ, സന്ദീപ് വാര്യർ എം.എൽ.എ എന്നിവരാണ് വിഷയത്തിൽ ഇടപെട്ടത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

