മട്ടന്നൂർ-ഇരിട്ടി റൂട്ടിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടം; ഇന്ന് ഉന്നതതല യോഗം
text_fieldsഅപകടം പതിവായ ഇരിട്ടി-മട്ടന്നൂർ കെ.എസ്.ടി.പി റോഡ്
ഇരിട്ടി: തലശ്ശേരി-വളവുപാറ കെ.എസ്.ടി.പി റോഡിന്റെ ഭാഗമായ ഇരിട്ടി-മട്ടന്നൂർ റോഡിലെ വർധിക്കുന്ന അപകടങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും കുറക്കാനുള്ള മാർഗങ്ങൾ നിർദേശിക്കുന്നതിനുമായി തിങ്കളാഴ്ച രാവിലെ 10.30ന് ഇരിട്ടി നഗരസഭ ഹാളിൽ ഉന്നതതല യോഗം ചേരും. ഇരിട്ടി നഗരസഭ മുൻകൈയെടുത്താണ് യോഗം വിളിച്ചുചേർത്തിരിക്കുന്നത്. സ്വകാര്യ ബസുകളുടെ മത്സരയോട്ടം തടയുന്നതിനുള്ള നിർദേശങ്ങൾ യോഗം ചർച്ചചെയ്യും. കൂത്തുപറമ്പ് എ.സി.പിയും മോട്ടോർവാഹന വകുപ്പിലെ ഉന്നതരും ബസ് ഉടമ സംഘങ്ങളുടെ പ്രതിനിധികളും തൊഴിലാളി യൂനിയനുകളുടെ പ്രതിനിധികളും രാഷ്ട്രീയപാർട്ടി പ്രതിനിധികളും ഉൾപ്പെടെ യോഗത്തിൽ പങ്കെടുക്കും. കഴിഞ്ഞദിവസം കൂരൻമുക്കിൽ സ്വകാര്യ ബസിന്റെ മത്സര ഓട്ടത്തിനിടയിൽ സ്കൂട്ടറിൽ യാത്രചെയ്യുകയായിരുന്ന അച്ഛനും മകനും ബസിടിച്ച് മരിച്ചിരുന്നു. ഇതേ സ്ഥലത്ത് രണ്ടാഴ്ച മുമ്പും അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. അപകടത്തെ തുടർന്ന് വലിയ ബഹുജനരോഷമാണുയർന്നത്. നാട്ടുകാർ മണിക്കൂറോളം സ്വകാര്യബസ് തടഞ്ഞുവെക്കുന്ന നിലവരെയുണ്ടായി. പ്രശ്നത്തിൽ ഇടപെട്ട പൊലീസും ജനപ്രതിനിധികളും നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
ഇരിട്ടിയിൽനിന്ന് രണ്ടും മൂന്നും മിനിറ്റുകളുടെ വ്യത്യാസത്തിലാണ് കണ്ണൂരിലേക്കും തലശ്ശേരിയിലേക്കും സ്വകാര്യ ബസുകൾ സർവിസ് നടത്തുന്നത്. ചില സർവിസുകൾ പുതിയ സ്റ്റാൻഡിൽനിന്ന് പുറപ്പെട്ടശേഷം പഴയ സ്റ്റാൻഡിൽ എത്താൻ മൂന്നും നാലും മിനിറ്റുകൾ അധികമെടുക്കുന്നു. ഇതുമൂലം സ്റ്റാൻഡിൽനിന്ന് പുറപ്പെടുന്ന ഇതേ ഭാഗത്തേക്കുള്ള മറ്റൊരു ബസും പിന്നാലെ എത്തുമ്പോഴാണ് മത്സര ഓട്ടവും അപകടങ്ങളുമുണ്ടാകുന്നത്. പരമാവധി യാത്രക്കാരെ തങ്ങളുടെ ബസിലേക്ക് കയറ്റുന്നതിനു വേണ്ടിയാണ് പുതിയ സ്റ്റാൻഡിൽനിന്ന് പഴയ സ്റ്റാൻഡിലേക്കുള്ള സമയക്രമീകരണം. ഇതുമൂലം നഷ്ടപ്പെടുന്ന അടുത്ത സ്റ്റാൻഡിലേക്കുള്ള സമയം ഓടിപ്പിടിക്കാനുള്ള ശ്രമത്തിനിടയിലാണ് ചെറുതും വലുതുമായ അപകടങ്ങളുണ്ടാകുന്നത്. പൊലീസും മോട്ടോർ വാഹന വകുപ്പും സമയനിഷ്ഠ ഉറപ്പാക്കുകയാണ് ഇതിൽ പ്രധാനം.
റോഡിൽ കിലോമീറ്ററോളം ഇറക്കമുള്ള പ്രദേശങ്ങളിൽ വേഗനിയന്ത്രണ സംവിധാനവും പ്രധാനമാണ്. ഇരിട്ടി എം.ജി കോളജ് സ്റ്റോപ് മുതൽ പുന്നാട് കുളം സ്റ്റോപ് വരേയും ഉളിയിൽ ടൗൺ ഉൾപ്പെടുന്ന ഭാഗങ്ങളിലും നരയൻപാറ മുതൽ നടുവനാട് റോഡ് കവല വരെയുള്ള ഭാഗങ്ങളിലും വളോര ഇറക്കത്തിലും ചാവശ്ശേരി ടൗൺ സ്റ്റോപ് മുതൽ കളറോഡ് പാലം വരെയുള്ള ഭാഗങ്ങളിലുമാണ് അപകടങ്ങൾ കൂടുതലായി നടക്കുന്നത്. ഈ ഭാഗങ്ങളിലാണ് വാഹനങ്ങളുടെ അമിത വേഗവും. ചെങ്കൽപണകളിലേക്ക് ചെങ്കല്ല് കയറ്റാൻ പോകുന്ന ലോറികളും സാധനങ്ങൾ ഇറക്കിയശേഷം ലക്ഷ്യസ്ഥാനത്ത് വേഗത്തിൽ എത്താനുള്ള ടിപ്പർ ലോറികളുടെ മരണപ്പാച്ചിലും വലിയ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇത്തരം വാഹനങ്ങൾക്ക് വലിയ പിഴതന്നെ ചുമത്തണമെന്നാണ് ജനങ്ങൾ പറയുന്നത്. അമിത വേഗത്തിൽ ഓടുന്ന ഇരുചക്രവാഹന ഉടമകൾക്കും വലിയ പിഴ ഈടാക്കേണ്ടതുണ്ട്. നാട്ടുകാർ ഇതുസംബന്ധിച്ച് പൊലീസ് കമീഷണർക്ക് നിവേദനം നൽകി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

