ഇവിടെ സ്ഥാനാർഥി അന്നമൂട്ടുകയാണ്
text_fieldsവേങ്ങാട് പഞ്ചായത്തിലെ ഒാടക്കാട് വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർഥി സി.കെ. വത്സല പാർട്ടി യോഗങ്ങൾക്കും തെരഞ്ഞെടുപ്പ് പ്രചാരണത്തിനും ഇടയിൽ മമ്പറത്തെ ജനകീയ ഹോട്ടലിൽ ഭക്ഷണം വിളമ്പുന്നു
കണ്ണൂർ: തെൻറ ജനകീയ ഹോട്ടലിലെത്തുന്നവർക്ക് വയറുനിറച്ച് ഭക്ഷണം വിളമ്പിയതിനുശേഷമേ വത്സലേച്ചി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമയം കണ്ടെത്തൂ. വേങ്ങാട് പഞ്ചായത്തിലെ ഒാടക്കാട് വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർഥിയായ സി.കെ. വത്സലയാണ് പാർട്ടി യോഗങ്ങൾക്കിടയിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും ഹോട്ടൽ ജോലിക്കായി സമയം കണ്ടെത്തുന്നത്.
ഇത് രണ്ടാം തവണയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ പടുവിലായി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ മത്സരിച്ച് ജയിച്ചിരുന്നു മമ്പറം ലോക്കൽ കമ്മിറ്റി അംഗമായ ഇവർ. കർഷക സംഘം പിണറായി ഏരിയ വൈസ് പ്രസിഡൻറാണ്. മഹിള അസോസിയേഷൻ പിണറായി ഏരിയ കമ്മിറ്റി അംഗം കൂടിയായ വത്സല ഒാടക്കാെട്ട കുടുംബശ്രീ ഹോട്ടലിൽ 20 വർഷക്കാലം ജീവനക്കാരിയായിരുന്നു.
ഇപ്പോൾ മമ്പറത്തെ ജനകീയ ഹോട്ടലിൽ ജോലിചെയ്യുകയാണ്. ജോലികഴിഞ്ഞ് വൈകീട്ടുള്ള സമയങ്ങളാണ് പ്രചാരണത്തിനായി ഉപയോഗിക്കുക. 67 വയസ്സുള്ള വത്സല 1988 മുതൽ പാർട്ടി അംഗമാണ്.