കനത്തമഴ; ഇന്നും റെഡ് അലർട്ട്
text_fieldsകാറ്റിലും മഴയിലും തളാപ്പ് തട്ടാരത്ത് സവിതയുടെ വീട് തകർന്നനിലയിൽ
കണ്ണൂർ: മഴക്കൊപ്പം കാറ്റും ശക്തമായതോടെ തിങ്കളാഴ്ചയും ജില്ലയിൽ റെഡ് അലർട്ട്. കാറ്റിലും മഴയിലും നിരവധി വീടുകൾക്ക് നാശനഷ്ടവും ഒരു മുങ്ങി മരണവും റിപ്പോർട്ട് ചെയ്തു. സഹോദരനോടൊപ്പം അഴീക്കോട് ആയനിവയൽ മാക്കുനി തറവാട് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ മാട്ടൂൽ സ്വദേശി ഇസ്മയിലാണ് (21) മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം. തലശ്ശേരിയിൽ നിന്നുമെത്തിയ സ്കൂബാ ഡൈവേഴ്സാണ് ഏറെ തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തിയത്.
അറബിക്കടലിൽ കേരള തീരത്ത് മണിക്കൂറിൽ 70 കിലോമീറ്റർ വരെ ശക്തിയിൽ കാറ്റുവീശുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ വിമാനത്താവളത്തിൽ 39 കിലോമീറ്റർ വേഗതയിലും പിണറായി ഭാഗത്ത് 28 കി. മീറ്ററിലും കാറ്റടിച്ചു. ഞായറാഴ്ച ഇടവേളകളോടെ ശക്തമായ മഴയാണ് ലഭിച്ചത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.
തലശ്ശേരി റെയിൽവേ സ്റ്റേഷൻ റോഡിലടക്കം വെള്ളം കയറി പുറത്തിറങ്ങാനാവാതെ യാത്രക്കാർ ബുദ്ധിമുട്ടി. ഒന്നാം പ്ലാറ്റ്ഫോം വഴി പുറത്തിറങ്ങുന്ന റോഡിൽ വെള്ളക്കെട്ട് ഉണ്ടായതിനെ വാഹനങ്ങൾക്കും പോകാനായില്ല. ഞായറാഴ്ച രാവിലെ 8.30 വരെ 24 മണിക്കൂറിൽ പുളിങ്ങോം(138.6 മില്ലീമീറ്റർ), പയ്യാവൂർ (130), ആലക്കോട് (109), കണ്ണൂർ (94) തുടങ്ങിയിവിടങ്ങളിൽ ശക്തമായ മഴ ലഭിച്ചു.
കണ്ണൂരിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കണ്ണൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചു. സ്കൂളുകൾ, അംഗൻവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ എന്നിവക്കാണ് അവധി. കോളജുകൾക്ക് അവധി ബാധകമല്ല.
കാറ്റിലും മഴയിലും വീട് തകർന്നു
ഞായറാഴ്ച ശക്തമായ കാറ്റിലും മഴയിലും കണ്ണൂർ തളാപ്പിൽ വീട് തകർന്നു. തട്ടാരത്ത് സവിതയുടെ വീടാണ് പുലർച്ചെ നാലോടെ തകർന്നത്. സംഭവസമയത്ത് സവിതയും ഭർത്താവ് രാജനും വീട്ടിലുണ്ടായിരുന്നു. വലിയ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് അടുക്കള ഭാഗം പൂർണമായും തകർന്നത് കണ്ടത്. അടുക്കള ഉപകരണങ്ങൾ നശിച്ചു.
അപകട സാധ്യതയുള്ളതിനാൽ വരാന്തയിൽ കഴിച്ചുകൂട്ടിയ സവിതയുും രാജനും രാവിലെ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. റവന്യു അധികൃതർ സ്ഥലം സന്ദർശിച്ചു. വീട് അപകടാവസ്ഥയിലായതോടെ ഇരുവരും ചേലേരിയിലെ ബന്ധുവീട്ടിലേക്ക് താമസം മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

