മലയോരത്ത് കനത്ത മഴ; പരക്കെ നാശം
text_fieldsഇരിട്ടി: മലയോരമേഖലയിൽ മഴക്കെടുതി തുടരുന്നു. കനത്തമഴയിൽ നരയമ്പാറ കാരാമ്പേരിയിൽ വീടിന് പിന്നിലെ മതിലിടിഞ്ഞ് സമീപത്തെ വീട്ടമ്മക്ക് പരിക്കേറ്റു . പരിക്കേറ്റ കാരാമ്പേരിയിലെ പി.കെ. യഹിയയുടെ ഭാര്യ സാജിതയെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാജിതയുടെ വീടും സമീപത്തെ മുനീറിന്റെ വീടും മതിൽ ഇടിഞ്ഞതിനെ തുടർന്ന് അപകടഭീഷണിയിലാണ്.
കനത്തമഴയിൽ കീഴൂർകുന്നിൽ കിണർ ഇടിഞ്ഞുതാഴ്ന്നു. ചേമ്പൻ പ്രകാശന്റെ പുതിയ കിണറാണ് മണ്ണിടിഞ്ഞ് അപകടത്തിലായത്. പുതിയ വീട് നിർമിക്കുന്നതിന്റെ ഭാഗമായി കുഴിച്ച കിണറാണ് തകർന്നത്. നഗരസഭ കൗൺസിലർ പി. രഘു സ്ഥലം സന്ദർശിച്ചു. പായം കരിയാലിൽ പി.വി. രേണുകയുടെ വീട് മഴയിൽ തകർന്നു. അടുക്കളയും കുളിമുറിയും നിലംപൊത്തി. പായം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. വിനോദ് കുമാർ വീട് സന്ദർശിച്ചു.
വീടിന് മുകളിൽ മരം പൊട്ടിവീണ് രണ്ടുപേർക്ക് പരിക്ക്
പേരാവൂർ: ആലച്ചേരിയിലെ തെക്കെയിൽ കുഞ്ഞിരാമന്റെ വീടിന് മുകളിൽ മരം പൊട്ടിവീണ് രണ്ട് പേർക്ക് പരിക്ക്. കുഞ്ഞിരാമന്റെ ഭാര്യ കാഞ്ചന, മകൻ ശ്രീഹരി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരിക്കൂറിൽ റോഡ് ഇടിഞ്ഞ് വീടിന് നാശം
ഇരിക്കൂർ: കനത്തമഴയിൽ ഇരിക്കൂർ ബദരിയ നഗറിലെ റോഡ് ഇടിഞ്ഞ് വീടിന്റെ പിൻഭാഗം തകർന്നു. മുക്രിന്റകത്ത് റസീനയുടെ വീടിനാണ് നാശനഷ്ടം സംഭവിച്ചത്. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു സംഭവം. ശക്തമായ മഴയിൽ റോഡ് ഇടിയുകയും വലിയ കല്ലുകളും മണലും വീടിന്റെ പിറകുഭാഗത്തേക്ക് പതിക്കുകയുമായിരുന്നു. വീടിന്റെ പിറകുഭാഗം പൂർണമായി തകർന്നു.
റെയിൽവേ അടിപ്പാലത്തിൽ വെള്ളക്കെട്ട്
പഴയങ്ങാടി: പഴയങ്ങാടി ടൗണിൽ റെയിൽവേ അടിപ്പാലത്തിലെ വെള്ളക്കെട്ട് നിമിത്തം ഗതാഗതവും കാൽനടയാത്രയും ദുഷ്കരമായി. നേരിയ മഴയിൽപോലും വെള്ളക്കെട്ട് രൂപപ്പെടുന്ന ഇവിടെ കഴിഞ്ഞ ദിവസങ്ങളിൽ മഴ കനത്തതോടെയാണ് ജനം കൂടുതൽ ദുരിതത്തിലായത്. പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ, മാടായി വാടിക്കൽ, പുതിയങ്ങാടി, ചൂടാട്, മാട്ടൂൽ ഭാഗങ്ങളിലേക്കും തിരിച്ചുമുള്ള വാഹനങ്ങൾ കടന്നുപോകേണ്ട മേഖലയാണിത്.
ഇന്ത്യൻ റെയിൽവേയുടെ പ്രാരംഭഘട്ടത്തിൽ പണിത അടിപ്പാലമാണിത്. പരിമിതമായ ഗതാഗതം മാത്രമുണ്ടായകാലത്ത് പണിത റെയിൽവേ അടിപ്പാലം ദശകങ്ങൾ പിന്നിട്ടിട്ടും കാലോചിതമായി പരിഷ്കരിപ്പിക്കാനായിട്ടില്ല. റെയിൽ ഇരട്ടിപ്പിക്കുന്നതടക്കമുള്ള വികസന പദ്ധതികൾ പിന്നീടുണ്ടായെങ്കിലും ഈ അടിപ്പാലം അതേ പടി തുടരുകയാണ്. ഒരേസമയത്ത് രണ്ടു വാഹനങ്ങൾക്ക് വശംചേർന്നുപോകാൻ സൗകര്യമില്ലാത്തതിനാൽ ഗതാഗതക്കുരുക്ക് പതിവാണ് ഇവിടെ. അടിപ്പാലത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ താൽക്കാലികമായി നടത്തിയ സൂത്രപ്പണികൾ വൃഥാവിലായതോടെ അധികൃതർ കൈയൊഴിഞ്ഞ നിലയിലാണ് മേഖല. വെള്ളത്തിൽ മുങ്ങി ഇരുചക്രവാഹനങ്ങളടക്കമുള്ള ചെറുകിട വാഹനങ്ങൾ ഇവിടെ നിന്നുപോകും. കാൽനടയാത്രയും അസാധ്യമായിട്ടുണ്ട്. സ്ത്രീകളും കുട്ടികളുമാണ് ഏറെ പ്രയാസപ്പെടുന്നത്.