പറശ്ശിനി മടപ്പുരയിൽ വെള്ളം കയറി
text_fieldsതളിപ്പറമ്പ്: മലയോരത്ത് മഴ കനത്തതോടെ പറശ്ശിനി, വളപട്ടണം പുഴയിൽ ജലനിരപ്പ് ഉയർന്നു. പുഴയോരത്തെ നിരവധി വീടുകളിലും പറശ്ശിനി മടപ്പുരയിലും വെള്ളം കയറി.
കഴിഞ്ഞ വർഷവും മടപ്പുരയുടെ ശ്രീകോവിലിൽ ഉൾപ്പെടെ വെള്ളം കയറിയിരുന്നു.
മുട്ടിന് മുകളിലെത്തിയ വെള്ളത്തിൽനിന്നാണ് കാർമികർ ശനിയാഴ്ച പയംകുറ്റി ഉൾപ്പെടെയുള്ള വഴിപാടുകൾ നടത്തിയത്. കോവിഡ് നിയന്ത്രണം തുടരുന്നതിനാൽ ഭക്തജനങ്ങൾ കുറവായിരുന്നു.
സമീപത്തെ കടകളിലും വെള്ളമെത്തിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ പ്രളയവും കോവിഡും തീർത്ത പ്രതിസന്ധി തീരുംമുേമ്പ എത്തിയ മറ്റൊരു പ്രളയത്തിെൻറ ആശങ്കയിലാണ് പറശ്ശിനിക്കടവിലെ 140ലധികം കച്ചവടക്കാർ. കോവിഡ വ്യാപന സാഹചര്യത്തിൽ നാലുമാസം മുേമ്പ അടച്ചിട്ട കടകളും സ്ഥാപനങ്ങളും തുറന്നിട്ട് ആഴ്ചകൾ കഴിയുമ്പോഴാണ് വെള്ളം കയറിയത്.
സാധനങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്ന തിരക്കിലാണിവർ.
കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി 50 ലക്ഷത്തോളം രൂപയുടെ നഷ്ടമാണുണ്ടായത്. മുത്തപ്പൻ ക്ഷേത്രത്തിലെത്തുന്ന ഭക്ത ജനങ്ങളെ ആശ്രയിച്ച് മാത്രം വ്യാപാരം നടത്തുന്ന 140ഓളം കച്ചവട സ്ഥാപനങ്ങളും 24ഓളം ലോഡ്ജുകളും ഹോട്ടലുകളുമാണ് പ്രതിസന്ധിയിലായത്.