അതിതീവ്ര മഴ; കനത്ത നാശം
text_fieldsബൈപാസ് നിർമാണത്തിനിടെ തകർന്നു വീഴാറായ മഞ്ചക്കുഴിയിലെ വീട്
കണ്ണൂർ: ജില്ലയിൽ തുടരുന്ന കനത്ത മഴയിൽ പരക്കെ നാശം. ഓറഞ്ചു പ്രഖ്യാപിച്ചിരുന്ന ജില്ലയിൽ ഇന്നലെ രാവിലെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പുലർച്ച മുതൽ തോരാതെ പെയ്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ബാവലി പുഴയിൽ ഒഴുക്കിൽപെട്ട രണ്ടുപേരിൽ ഒരാളുടെ മൃതദേഹം അണുങ്ങോട് ഭാഗത്തുനിന്ന് കണ്ടെത്തി. ഭാര്യയോടൊപ്പം കൊട്ടിയൂരിൽ ദർശനത്തിനെത്തിയ കോഴിക്കോട് അത്തോളി സ്വദേശി നിശാന്തിന്റെ (40) മ്യതദേഹമാണ് കണ്ടെത്തിയത്.
മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം
കൂവേരി വില്ലേജില്‍ ചപ്പാരപ്പടവ് ടൗണ്‍, പന്നിയൂര്‍ വില്ലേജില്‍ പന്നിയൂര്‍ പൂമംഗലം കൂളി കുണ്ട്, പൂമംഗലം മാഴൂര്‍ റോഡ്, തളിപ്പറമ്പ് വില്ലേജില്‍ തൃച്ചംബരം ഭാഗത്തുള്ള റോഡ്, കാക്കാത്തോട് ബസ് സ്റ്റാൻഡ്, കുറുമാത്തൂര്‍ വില്ലേജില്‍ കുറുമാത്തൂര്‍ കാണിച്ചമല്‍ എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട്.
പരിയാരം കൊട്ടിയൂര്‍ ക്ഷേത്രത്തിന് സമീപം ദേശീയ പാതയില്‍ വെള്ളക്കെട്ടായതോടെ സമീപത്തെ വി.വി. കരുണാകരന്റെ വീട്ടില്‍ വെള്ളം കയറി. കുറുമാത്തൂര്‍ കാണിച്ചമലില്‍ വെള്ളക്കെട്ട് ഉണ്ടായതോടെ നാലു കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറി. പന്നിയൂര്‍ പൂമംഗലം കൂളിക്കുണ്ടില്‍ പി.പി. ലക്ഷ്മണന്, സത്യന് ഉപ്പേരി, രാധ, സുമേഷ്, കൃഷ്ണന് എന്നിവരുടെ വീടുകളില്‍ വെള്ളം കയറി. പൂമഗലം മഴുര്‍ റോഡില്‍ വെള്ളം കയറി.
സ്കൂളിന് ഭീഷണി
ഉദയഗിരി മണക്കടവ് ടൗണില്‍ മണ്ണിടിഞ്ഞത് ശ്രീപുരം ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിന് ഭീഷണിയായി. എടക്കാട് വില്ലേജ് കണ്ണൂര്‍ കരാര്‍ ദേശം കുറുവ പാലത്തിനു സമീപം കോട്ടമ്മല്‍ കുന്ന് കനത്ത മഴയില്‍ ഇടിഞ്ഞു. ആലക്കോട് ഐന്റേഷന്‍ ദേവകിയുടെ മുറ്റം ഇടിഞ്ഞ് വീട് അപകടാവസ്ഥയിലായി.
പരിയാരം ഇരിങ്ങള്‍ നിവാസി കെ.പി. മിഥുന്റെ വീടിനോട് ചേര്‍ന്നുള്ള മതില് ഇടിഞ്ഞു വീടിന്റെ പോര്‍ച്ച് തകര്‍ന്നു. ചെക്കിക്കടവ് പാലത്തിനു സമീപം വലിയവളപ്പില്‍ ഷാജിയുടെ വീടിനു സമീപം വീണ്ടും കരയിടിഞ്ഞു. പട്ടുവം വില്ലേജില്‍ മുതുകുടയില്‍ മഠത്തില്‍ അബ്ദുൽ സലാം, കയ്യം കാനാമഠത്തില്‍ പ്രകാശന് എന്നിവരുടെ വീടുകള്‍ മണ്ണിടിഞ്ഞ് അപകടാവസ്ഥയിലായി.
അപകടാവസ്ഥയിലായ വീട് നിർമാണ കമ്പനി നിർമിച്ചു നൽകും
തളിപ്പറമ്പ്: ദേശീയപാത ബൈപാസ് നിർമാണത്തിനിടെ മണ്ണിടിച്ചിലിനെ തുടർന്ന് തകർന്നു വീഴാറായ മഞ്ചക്കുഴിയിലെ വള്ളിയോട്ട് ശ്രീധരനും കുടുംബത്തിനും ദേശീയപാത നിർമാണ കരാറുകാരായ മേഘ കൺസ്ട്രക്ഷൻസ് പുതിയ വീടുവെച്ച് നൽകും.
നിലവിൽ ശ്രീധരന്റെ വീടിരുന്ന സ്ഥലത്ത് തന്നെ ബലപ്പെടുത്തി മണ്ണിട്ടുയർത്തിയാണ് വീട് നിർമിക്കുക. ശ്രീധരന്റെ 15 സെന്റ് സ്ഥലത്തിൽ അഞ്ചുസെന്റ് സ്ഥലം ദേശീയപാത ബൈപാസിനായി ഏറ്റെടുത്തിരുന്നു. ബാക്കിയുള്ള 10 സെന്റ് സ്ഥലമാണ് ഇപ്പോൾ ഇടിഞ്ഞുവീണു കൊണ്ടിരിക്കുന്നത്.
പള്ളം, കൊക്കായി പാലങ്ങളുടെ സമീപം നിർമിച്ചിരുന്ന സമാന്തര റോഡുകൾ ഒലിച്ചുപോയ നിലയിൽ
പെട്ടെന്ന് ഇടിഞ്ഞ് വീഴുന്ന ഉറപ്പിലാത്ത മണ്ണ് ആയതിനാൽ മറ്റൊന്നും ചെയ്യാനില്ലാത്ത അവസ്ഥയാണെന്നാണ് മേഘ അധികൃതർ പറയുന്നത്. വീടിനൊപ്പം ഉപജീവനമാർഗമായി പട്ടുവം റോഡിന് അഭിമുഖമായി വലിയ കടമുറിയും നിർമിച്ചു നൽകും.
അടർന്നുവീണ് കൊണ്ടിരിക്കുന്ന മൺ തിട്ടയുടെ മുകളിലുള്ള വീട് എത് നിമിഷവും പതിക്കാവുന്ന നിലയിലാണുള്ളത്. മണ്ണിടിച്ചൽ ഭീഷണിയെ തുടർന്ന് കഴിഞ്ഞ മാർച്ചു മുതൽ തന്നെ ശ്രീധരൻ വാടകവീട്ടിലേക്ക് മാറിയിരുന്നു. ഇതിന്റെ വാടക കരാറുകാരാണ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

