ഓണം, നബിദിനം: മഞ്ഞപ്പിത്തം തടയാൻ ആരോഗ്യ വകുപ്പ്
text_fieldsകണ്ണൂർ: ഓണം, നബിദിനം തുടങ്ങിയ ഉത്സവാഘോഷങ്ങളിൽ മഞ്ഞപ്പിത്തം പോലെയുള്ള അസുഖങ്ങൾ പടിക്കുപുറത്താക്കി സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ്. ആഘോഷങ്ങളുടെ ഭാഗമായി വിവിധ ഇടങ്ങളില്‍ ഭക്ഷണവും പാനീയവും തയാറാക്കി പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിന് ആരോഗ്യ വകുപ്പ് മാർഗ നിർദേശം പുറത്തിറക്കി.
ഉത്സവാഘോഷത്തിന് പാനീയങ്ങള്‍ തയാറാക്കുമ്പോൾ ശുദ്ധമായ ജലവും ഐസും ഉപയോഗിക്കണം. ഇക്കാര്യം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷിക്കും. ഭക്ഷണ പാനീയങ്ങൾ തയാർ ചെയ്തു വിതരണം ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡുണ്ടായിരിക്കണം. വിതരണം ചെയ്യുന്നവർ കൈയുറ ധരിക്കണം.
പൊതുജനത്തിന് വിതരണം ചെയ്യുന്ന പാനീയങ്ങളിൽ തണുത്തവ ഒഴിവാക്കി പായസം, കാപ്പി, ചായ തുടങ്ങിയ തിളപ്പിച്ച വെള്ളത്തില്‍ തയാറാക്കുന്നവ തെരഞ്ഞെടുക്കാന്‍ പൊതുജനം ശ്രദ്ധിക്കണം. ഉത്സവാഘോഷവുമായി ബന്ധപ്പെട്ട് ഭക്ഷണ-കുടിവെള്ള വിതരണം നടത്തുന്ന കമ്മിറ്റി ഭാരവാഹികൾ അതതു സ്ഥലത്തെ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കണം.
കുടിവെള്ളവും ഭക്ഷണവും പണിതരും
ജില്ലയിൽ റിപ്പോർട്ട് ചെയ്ത ഹെപ്പറ്റൈറ്റിസ് എ അഥവാ മഞ്ഞപ്പിത്ത കേസുകളിൽ നല്ലൊരു ശതമാനവും കുടിവെള്ളത്തിൽനിന്നും ഭക്ഷണത്തിൽനിന്നുമാണ് പകർന്നത്. മഞ്ഞപ്പിത്ത രോഗമുള്ളവർ ഭക്ഷണ വിതരണം നടത്തിയതിന്റെ ഭാഗമായി ജില്ലയിൽ രോഗവ്യാപനം കണ്ടെത്തിയിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ഹെൽത്ത് കാർഡുള്ളവർ മാത്രമേ ഭക്ഷണ കുടിവെള്ള വിതരണം നടത്താൻ പാടുള്ളൂവെന്നും കൈയുറ ധരിക്കണമെന്നും നിഷ്കർഷിച്ചത്.
ഐസിൽ ശ്രദ്ധവേണം
പൊതുജനത്തിന് വിതരണം ചെയ്യേണ്ട തണുത്ത പാനീയങ്ങൾ തയാറാക്കുന്നതിന് വലിയ അളവിൽ ഐസ് ആവശ്യമാണ്. എന്നാൽ, ഗാർഹിക ആവശ്യത്തിന് മാത്രമുള്ള അളവിലുള്ള ഭക്ഷ്യയോഗ്യമായ ഐസ് മാത്രമേ ജില്ലയിൽ ഉൽപാദിപ്പിക്കുന്നുള്ളൂ.
ആവശ്യത്തിന് ഭക്ഷ്യ ഐസ് ലഭ്യമല്ല എന്നതിനാൽ അത്തരം ആവശ്യക്കാർ വാണിജ്യ ഐസ് ഉപയോഗിച്ച് തണുത്ത പാനീയങ്ങൾ തയാറാക്കാൻ സാധ്യതയുണ്ട്. കുടിവെള്ളം തയാറാക്കുമ്പോൾ ശുദ്ധമായ ജലവും ഐസും ഉപയോഗിക്കണമെന്ന കാര്യം കർശനമായി പാലിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

