തദ്ദേശ പദ്ധതി ചുമതലയിൽ കുടുങ്ങി പ്രധാനാധ്യാപകർ
text_fieldsകണ്ണൂർ: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളുടെ വിദ്യാഭ്യാസ പദ്ധതികൾ നടപ്പാക്കാനുള്ള അധിക ചുമതല കൂടി വഹിക്കേണ്ടി വരുന്ന സർക്കാർ പ്രൈമറി സ്കൂൾ പ്രധാനാധ്യാപകർ പ്രതിസന്ധിയിൽ. സർക്കാർ പ്രൈമറി സ്കൂളുകളിൽ ഒരു ക്ലാസിന്റെ പൂർണ ചുമതലയും പ്രധാനാധ്യാപകനാണ്. ഗ്രാമപഞ്ചായത്തിന്റെ വിദ്യാഭ്യാസ പദ്ധതികൾ നടപ്പിലാക്കേണ്ട ചുമതല കൂടി വരുമ്പോൾ പലപ്പോഴും ക്ലാസുകളിൽ അധ്യാപകരില്ലാത്ത അവസ്ഥയാണ്. സ്കൂളിന്റെ മുഴുവൻ കാര്യങ്ങളും താളം തെറ്റും. ജോലി ഭാരത്താൽ വലയുന്ന പ്രൈമറി പ്രധാനാധ്യാപകർക്ക് ഗ്രാമപഞ്ചായത്ത് ചുമതല കൂടി ചെയ്യേണ്ടി വരുമ്പോൾ പ്രയാസങ്ങൾ ഏറെയാണ്.
ലക്ഷക്കണക്കിന് രൂപയുടെ പദ്ധതികൾ നടപ്പാക്കേണ്ടിവരുന്നതും അതുമായി ബന്ധപ്പെട്ട മേൽനോട്ടം വഹിക്കേണ്ടി വരുന്നതുമായ ചുമതല പ്രധാനാധ്യാപകരെ സമ്മർദത്തിലാക്കുകയാണ്. ഇതിനൊന്നും മറ്റു വരുമാനങ്ങൾ നൽകുന്നുമില്ല. ശേഷമുള്ള പഞ്ചായത്ത് ഓഡിറ്റും പ്രധാനാധ്യാപകൻ നേരിടേണ്ടി വരുന്നുണ്ട്. വിരമിച്ച് വർഷങ്ങൾക്കു ശേഷവും പലർക്കും ഓഡിറ്റ് മറുപടി നൽകാൻ ഓഫിസ് കയറിയിറങ്ങേണ്ട അവസ്ഥയുണ്ട്. പ്രതിസന്ധികൾ ഏറെയുള്ളതുകൊണ്ട് തന്നെ ഇത്തരം ചുമതലയുള്ള വിദ്യാലയങ്ങളിൽ പ്രധാനാധ്യാപകരാകാൻ പലരും മടിക്കുകയാണ്.
ഗുണമേന്മ ഉറപ്പുവരുത്താനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനങ്ങൾ ഊർജസ്വലമായി നടക്കുമ്പോഴാണ് പൂർണ സമയം ക്ലാസിൽ ഉണ്ടാവേണ്ട പ്രധാനാധ്യാപകൻ ഗ്രാമപഞ്ചായത്ത് പ്രവർത്തനങ്ങൾക്ക് പോകേണ്ടി വരുന്നത്. മുൻ കാലങ്ങളിൽ ഇത്തരം വിദ്യാലയങ്ങളിൽ ഒരു അധിക അധ്യാപകനെ അനുവദിച്ചിരുന്നു. നാലു വർഷമായി അത്തരം സംവിധാനവുമില്ല. കുട്ടികൾക്ക് പൂർണസമയം അധ്യാപകനെ ലഭിക്കുക എന്ന നിയമം നിലനിൽക്കുമ്പോഴാണ് ഇത്തരത്തിൽ പഞ്ചായത്തിന്റെ അധിക ജോലിയിലൂടെ വിദ്യാലയ പ്രവർത്തനങ്ങൾ താളം തെറ്റുന്നത്.
സംസ്ഥാനത്തെ 941 പഞ്ചായത്തുകളിൽ സർക്കാർ പ്രൈമറി സ്കൂളുകൾ ഇല്ലാത്ത നിരവധി പഞ്ചായത്തുകളുണ്ട്. അവിടങ്ങളിലെല്ലാം പഞ്ചായത്ത് നേരിട്ട് വിദ്യാഭ്യാസ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ക്ലാസ് ചുമതല, ഉച്ചഭക്ഷണം, ട്രഷറി, യോഗങ്ങൾ തുടങ്ങി നിരവധി ജോലികൾ ഉള്ളപ്പോഴാണ് പദ്ധതി നിർവഹണം കൂടി തലയിലേൽക്കേണ്ടി വന്നത്. ഇടതു സംഘടനകളിലും വലിയ അമർഷമുണ്ടെങ്കിലും അവർ ഇതുവരെ അതൃപ്തി പരസ്യമാക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

