പകുതി വിലക്ക് വാഹനവും ഗൃഹോപകരണവും: വൻകുളത്ത് വയലിൽ വൻതട്ടിപ്പ്
text_fieldsപരാതിയുമായി കഴിഞ്ഞ ദിവസം വളപട്ടണം പൊലീസ് സ്റ്റേഷനിലെത്തിയ വൻകുളത്ത് വയലിലെ സ്ത്രീകൾ
അഴീക്കോട്: പകുതിവിലക്ക് ഇരുചക്രവാഹനവും ഗൃഹോപകരണങ്ങളും നൽകാമെന്ന് വാഗ്ദാനം നൽകി അഴീക്കോട് വൻകുളത്ത് വയൽ നിവാസികളെ കബളിപ്പിച്ചതായി പരാതി. പ്രദേശത്തെ 90ഓളം വനിതകളാണ് ശനിയാഴ്ച രാവിലെ വളപട്ടണം പൊലീസ് സ്റ്റേഷനിലെത്തിയത്. പലവിധ തട്ടിപ്പിലൂടെ ഒരു കോടിയോളം രൂപ നഷ്ടപ്പെട്ടതായി പ്രദേശവാസികൾ പറയുന്നു. തട്ടിപ്പിനിരയായ പലരും ഇപ്പോഴും അഭിമാനമോർത്ത് രംഗത്ത് വന്നിട്ടില്ല.
അഴീക്കോട് പഞ്ചായത്തിൽ മാത്രം ഇരുന്നൂറോളം സ്ത്രീകൾക്ക് പണം നഷ്ടപ്പെട്ടതായാണ് സൂചന. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി ആയിരത്തോളം സ്ത്രീകൾ തട്ടിപ്പിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. വരും ദിവസങ്ങളിൽ തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ടവരുടെ പരാതികളുടെ എണ്ണം വർധിക്കുമെന്നും പൊലീസ് കരുതുന്നു. തട്ടിപ്പിന് ചുക്കാൻ പിടിച്ചെന്ന് കരുതുന്നവരിൽ ഒരാളെ കഴിഞ്ഞദിവസം മൂവാറ്റുപുഴയിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതോടെയാണ് വൻകുളത്ത് വയൽ നിവാസികൾ പരാതിയുമായി പൊലീസിലെത്തിയത്. തൊടുപുഴ കുടയത്തൂർ കോളപ്ര ചൂരകുളങ്ങര വീട്ടിൽ അനന്തുകൃഷ്ണനാണ് (26) പിടിയിലായത്. പ്രദേശത്തെ ജനസമ്മിതിയായ ഏഴോളം പേരെ പ്രമോട്ടർമാരായി നിയമിച്ചാണ് തട്ടിപ്പിന് തുടക്കമിട്ടത്. ഇവരെ ഉപയോഗിച്ച് പലരെയും സംഘത്തിൽ ചേർക്കുകയായിരുന്നു. വളപട്ടണം പഞ്ചായത്ത് വാർഡുകളുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച വാട്സ്ആപ് ഗ്രൂപ്പു വഴി പരസ്യം നടത്തിയും തട്ടിപ്പു നടത്തി. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഓണത്തിന് 300 ഓളം കുടുംബങ്ങൾക്ക് 3000 രൂപയുടെ വീട്ട് സാധനങ്ങളടങ്ങിയ കിറ്റ് പകുതി വിലക്ക് വിതരണം ചെയ്തിരുന്നു. ഇത് ജനങ്ങളെ ഏറെ സ്വാധീനിക്കാനായി.
60000 രൂപ വിലവരുന്ന ലാപ് ടോപ്പ് പകുതിവിലയായ 30000 രൂപക്ക് വിതരണം ചെയ്യാൻ നിരവധി പേരിൽ നിന്നും പണം സമാഹരിച്ചു. വിരലിലെണ്ണാവുന്നവർക്ക് മാത്രം ലാപ് ടോപ്പ് കിട്ടി. ബാക്കിയുള്ളവർക്ക് വൻ ചടങ്ങ് നടത്തി പ്രമുഖ നേതാക്കളെ ഉൾപ്പെടുത്തി വിതരണം ചെയ്യുമെന്നും വിശ്വസിപ്പിച്ചു. അടുത്ത പടിയാണ് ഇരുചക്രവാഹന വിതരണം നടത്തുമെന്ന പ്രഖ്യാപനം വന്നത്. 1,20,000 രൂപയുടെ ഇരുചക്രവാഹനം പകുതിവിലക്ക് വിതരണം ചെയ്യുമെന്നാണ് പരസ്യം. ഇത് കേട്ടയുടൻ തന്നെ പലരും സ്വർണ പണയപ്പെടുത്തിയും മറ്റ് ചിലർ സ്വർണം വിൽപന നടത്തിയും പണമടച്ചു. ഇതോടെ എല്ലാവരും വെട്ടിലായി. ഇത്രയും വ്യാപകമായ തട്ടിപ്പ് നടന്നിട്ടും അധികൃതരുടെ ശ്രദ്ധയിൽ പെടാത്തതിലും പരാതിയുണ്ട്. പ്രമോട്ടർമാരോട് തിങ്കളാഴ്ച സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

