പാതിവില തട്ടിപ്പ്; കണ്ണൂരിൽ നാല് കേസുകൾകൂടി
text_fieldsകണ്ണൂർ: പാതിവില തട്ടിപ്പിൽ കണ്ണൂരിൽ ക്രൈംബ്രാഞ്ച് നാല് കേസുകൾ രജിസ്റ്റർ ചെയ്തു. പാതിവില തട്ടിപ്പിൽ പൊലീസില്‍നിന്ന് നീതി ലഭിച്ചില്ലെന്നാരോപിച്ച് ഇരകൾ കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നതിനിടയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. ശ്രീകണ്ഠപുരം, പയ്യന്നൂര്‍, ചെറുപുഴ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.
കെ.കെ. രതീഷിന്റെ പരാതിയിൽ നാഷനല്‍ എന്‍.ജി.ഒ കോഓഡിനേഷന്‍ ചെയര്മാന് കെ.എന്‍. അനന്തകുമാര്‍, സെക്രട്ടറി അനന്തു കൃഷ്ണന്, ആക്ടിങ് ചെയര്പേഴ്സൻ ബീന സെബാസ്റ്റ്യന്‍, ഡയറക്ടര്‍ ഷീബ സുരേഷ് എന്നിവരെ പ്രതി ചേര്‍ത്താണ് ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തത്.
കുഞ്ഞിമംഗലത്തെ ഇ.പി. സിന്ധു, അന്നൂരിലെ പി.വി. നിമിഷ എന്നിവരുടെ പരാതിയില്‍ കോഓഡിനേറ്റര്‍മാരായ ജയരാജ്, വീണ എന്നിവരെ പ്രതികളാക്കി പയ്യന്നൂര്‍ സ്റ്റേഷനിലും പുളിങ്ങോത്തെ ദിവ്യ ബാബുവിന്റെ പരാതിയില്‍ ചെറുപുഴ സ്റ്റേഷനിലും കേസ് രജിസ്റ്റർ ചെയ്തിരുന്നു.
സംസ്ഥാന വ്യാപകമായി പാതിവില തട്ടിപ്പുകേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറി ഫെബ്രുവരി മാസത്തിൽ സംസ്ഥാന പൊലീസ് മേധാവി ഉത്തരവ് ഇറക്കിയിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും ക്രൈംബ്രാഞ്ച് നടപടിയെടുത്തില്ലെന്ന് ഇരകൾ ആരോപിച്ചിരുന്നു. കേസ് അന്വേഷണത്തിൽ പുരോഗതിയില്ലെന്നാണ് പ്രധാന ആക്ഷേപം. ഇതിന്റെ ഭാഗമായി ഇരകൾ അഭിഭാഷകനെ കാണാൻ കണ്ണൂരിലെത്തിയിരുന്നു. പൊലീസിനെതിരെ വ്യാപക പരാതിയാണ് ഇരകൾ തുടക്കം മുതൽ ഉന്നയിച്ചത്.
കോടതിയിൽ കേസ് നൽകുന്നതിന് പരാതിയുടെ റസീറ്റ് ഹാജരാക്കേണ്ടതുണ്ട്. എന്നാല്‍ പൊലീസ് പരാതിയുടെ റസീറ്റ് നല്കാന് തയാറായില്ലെന്നാണ് ഇരകളുടെ ആരോപണം. അക്ഷയ കേന്ദ്രം വഴി പരാതി നല്‍കിയവര്‍ക്ക് അവിടെ നിന്ന് റസീറ്റ് ലഭിച്ചെങ്കിലും പൊലീസ് ജീവനക്കാരെ ഭീഷണിപ്പെടുത്തി അതും തടഞ്ഞുവെന്നും തട്ടിപ്പിനിരയായവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

