ഹജ്ജ്: കണ്ണൂരിൽനിന്ന് പറന്നുയർന്നത് 20 വിമാനങ്ങൾ; 3397 യാത്രികർ
text_fieldsമട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ശനിയാഴ്ചവരെ പറന്നുയർന്നത് എയർ ഇന്ത്യയുടെ 20 വിമാനങ്ങൾ. ഹജ്ജ് നിർവഹിക്കുന്നതിനായി ഇതിൽ 3397 ഹാജിമാരാണ് യാത്ര ചെയ്തത്. ഇതുവരെ യാത്ര ചെയ്തതിൽ ഏറ്റവും കൂടുതൽ സ്ത്രീകളാണ്, 2132 പേർ. 1265 യാത്രികർ പുരുഷന്മാരുമാണ്.
മേയ് ഒമ്പതിനാണ് ഹജ്ജ് ക്യാമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. 11ന് ഹാജിമാരുമായി ആദ്യ വിമാനം പറന്നുയർന്നു. ആദ്യദിനം പുറപ്പെട്ട രണ്ട് വിമാനങ്ങളിലായി 340 യാത്രക്കാരാണ് ഉണ്ടായിരുന്നത്. 12, 13 തീയതികളിൽ പുറപ്പെട്ട നാല് വിമാനങ്ങളിലും സ്ത്രീകൾ മാത്രമായിരുന്നു ഹജ്ജ് യാത്രികർ.
ആകെ 683 വനിത ഹാജിമാരാണ് ഈ വിമാനങ്ങളിൽ യാത്ര ചെയ്തത്. 14, 15 ദിവസങ്ങളിലും രണ്ടുവീതം വിമാനങ്ങളാണ് 680 ഹാജിമാരെ കൊണ്ടു പോയത്. 16 മുതൽ 19 വരെയും 21,22 തീയതികളിലും ഒന്നു വീതം വിമാനങ്ങളാണ് ഹജ്ജ് സർവിസ് നടത്തിയത്. ഈ ദിവസങ്ങളിൽ ആകെ 1017 ഹാജിമാരാണ് യാത്ര ചെയ്തത്. 20ന് വിമാന സർവിസ് ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ച പുലർച്ചെയും രാത്രിയുമായി സർവിസ് നടത്തിയ രണ്ട് വിമാനങ്ങളിലായി 338 ഹാജിമാരും യാത്ര തിരിച്ചു.
ശനിയാഴ്ച പുലർച്ചെ 12.45നു 19ാമത്തെയും രാത്രി 7.35നു 20ാമത്തെയും വിമാനങ്ങളും ഹാജിമാരുമായി പുണ്യഭൂമിയിലേക്ക് പറന്നു. ശനിയാഴ്ച ആകെ 339 ഹാജിമാരാണ് യാത്ര തിരിച്ചത്. മേയ് 29ന് എയർ ഇന്ത്യയുടെ അവസാനത്തെ ഫ്ലൈറ്റ് കണ്ണൂരിൽനിന്ന് സർവിസ് നടത്തുന്നതോടെ ഈ വർഷത്തെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജ്ജ് ക്യാമ്പിന് സമാപനമാകും.
സൗഹൃദ സംഗമം ഇന്ന്
കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിർമിക്കുന്ന ഹജ്ജ് ഹൗസുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടിയാലോചിക്കുന്നതിന് സംഘടിപ്പിക്കുന്ന സൗഹൃദ സംഗമം ഞായറാഴ്ച നടക്കും. രാവിലെ 10ന് മന്ത്രി വി. അബ്ദുറഹ്മാന്റെ നേതൃത്വത്തിലാണ് സൗഹൃദ സംഗമം നടക്കുന്നത്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടും സംബന്ധിക്കും. കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്നുള്ള ക്ഷണിക്കപ്പെട്ട വ്യക്തികളാണ് സംഗമത്തിൽ സംബന്ധിക്കുന്നത്. ഹജ്ജ് ഹൗസിന്റെ നിർമാണത്തിന് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനാണ് സംഗമം സംഘടിപ്പിക്കുന്നത്. കണ്ണൂർ ഹജ്ജ് ഹൗസ് 2026ൽ അടുത്ത ഹജ്ജ് കാലത്തിന് മുമ്പ് തന്നെ യാഥാർഥ്യമാക്കാനാണ് സംസ്ഥാന സർക്കാരും സംസ്ഥാന ഹജ്ജ് കമ്മിറ്റിയും ആഗ്രഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

