കതിരൂരിൽ സ്ത്രീകൾക്കായി ജിംനേഷ്യം
text_fieldsതലശ്ശേരി: കളരി പാരമ്പര്യമുള്ള കതിരൂർ ഗ്രാമത്തിൽ സ്ത്രീകൾക്കായി ജിംനേഷ്യം ഒരുങ്ങുന്നു. പുരുഷന്മാരെ പോലെ സ്ത്രീകളെയും മെയ് കരുത്തുള്ളവരായി മാറ്റുകയാണ് ലക്ഷ്യം. സുംബ ഡാൻസും വെയ്റ്റ് ലിഫ്റ്റിങ്ങുമായി കതിരൂർ പഞ്ചായത്താണ് വനിതകൾക്കായി ജിംനേഷ്യം ഒരുക്കുന്നത്.
പൊന്ന്യം സ്രാമ്പിയിലെ സൈക്ലോൺ ഷെൽട്ടറിൽ ആഗസ്റ്റ് ഒന്നിന് ഫിറ്റ്നസ് സെന്റർ പ്രവർത്തനം തുടങ്ങും. നാലു ലക്ഷം രൂപയുടെ ഫിറ്റ്നസ് ഉപകരണങ്ങൾ ജിംനേഷ്യത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. രണ്ടു ലക്ഷം രൂപകൂടി പദ്ധതിയിൽ വകയിരുത്തി.
എ.എൻ. ഷംസീർ എം.എൽ.എയുടെ ഫണ്ടിൽനിന്നുള്ള തുകയും സംരംഭത്തിലേക്കായി പഞ്ചായത്ത് പ്രതീക്ഷിക്കുന്നു. സ്വകാര്യ ജിംനേഷ്യങ്ങളിൽ പലയിടത്തും പുരുഷാധിപത്യമാണ്. അത്തരം കേന്ദ്രങ്ങളിലേക്ക് പോകാൻ സ്ത്രീകൾ മടിക്കുന്നുണ്ട്. ഇത് കണക്കിലെടുത്താണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്ത്രീകളുടെ ഫിറ്റ്നസ് സെന്റർ ആരംഭിക്കുന്നതെന്ന് പ്രസിഡന്റ് പി.പി. സനിൽ പറഞ്ഞു.
ആരോഗ്യ പരിപാലനത്തിനൊപ്പം ഫിറ്റ്നസോടെ ജീവിക്കാനും ജിംനേഷ്യം സഹായിക്കും. രാവിലെ ആറു മുതൽ 11.30 വരെയും വൈകീട്ട് നാലു മുതൽ ഏഴുവരെയുമാണ് പരിശീലനം. ഇതിനായി വനിത പരിശീലകയെ നിയമിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

