സർക്കാർ സേവനം ഇനി വാതിൽപടിയിൽ
text_fieldsഅഴീക്കോട് മണ്ഡലത്തിലെ വാതില്‍പടി സേവനങ്ങള്‍ കലക്ടർ എസ്. ചന്ദ്രശേഖർ, കെ.വി. സുമേഷ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
കണ്ണൂർ: വാതില്‍പടി സേവനം പൈലറ്റ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തില്‍ അഴീക്കോട് മണ്ഡലം അടക്കം 50 സ്ഥലങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. നിരാലംബരായ ആളുകളുടെ വീട്ടുപടിക്കല്‍ എല്ലാ സര്‍ക്കാര്‍ സേവനങ്ങളും സാമൂഹികക്ഷേമ പദ്ധതികളും എത്തിക്കാന്‍ കഴിയുന്ന സംവിധാനമാണിത്. ആശ വര്‍ക്കര്‍മാരാണ് പദ്ധതിയുടെ നെടുംതൂണ്. കുടുംബശ്രീ, അംഗൻവാടികള്‍, തദ്ദേശ സ്ഥാപനങ്ങള്‍, വാര്‍ഡ് മെംബര്‍മാര്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെ ഏറ്റവും അടിത്തട്ടില്‍ ജനങ്ങളുമായി ഇടപഴകുന്ന സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവയുടെയെല്ലാം കൂട്ടായ പ്രവര്‍ത്തനമാണ് പദ്ധതിയുടെ വിജയം.
കണ്ണൂര്‍ കോര്പറേഷന്, അഴീക്കോട്, ചിറക്കല്‍, നാറാത്ത്, പാപ്പിനിശ്ശേരി, വളപട്ടണം പഞ്ചായത്തുകളിലാണ് വാതില്‍പടി സേവനങ്ങള്‍ ആരംഭിക്കുന്നത്. മണ്ഡലത്തിലെ ചിറക്കൽ പഞ്ചായത്തിൽ കലക്ടർ എസ്. ചന്ദ്രശേഖർ, കെ.വി. സുമേഷ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ എന്നിവർ ചേർന്ന് പുതിയതെരു ചാലുവയലിൽ വാടകക്ക് താമസിക്കുന്ന കെ.വി. ഹസൻ- എം. റംല ദമ്പതികൾക്ക് ജീവൻരക്ഷ മരുന്നുകൾ നൽകി ജില്ലതല ഉദ്ഘാടനം നിർവഹിച്ചു.
അസി. കലക്ടർ മുഹമ്മദ് ഷഫീഖ്, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.സി. ജിഷ, ചിറക്കൽ പഞ്ചായത്ത് പ്രസിഡൻറ് പി. ശ്രുതി, വൈസ് പ്രസിഡൻറ് പി. അനിൽകുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.വത്സല, സെക്രട്ടറി ടി. ഷിബു കിരൺ, കില കോഓഡിനേറ്റർ പി.പി. രത്നാകരൻ, വളൻറിയർമാരായ ടി. പ്രദീപൻ, പി. ഗിരീഷ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.