ഗൂഗ്ൾ മാപ് വഴിതെറ്റിച്ചു മുഹൂർത്ത വേളയിൽ വധു ഇരിട്ടിയിൽ; വരൻ പയ്യോളിയിൽ
text_fieldsഇരിട്ടി: വിവാഹം നടക്കേണ്ട അമ്പലത്തിന്റെ ലൊക്കേഷൻ മാറി ഗൂഗ്ൾ മാപ് പറ്റിച്ച പണിയിൽ പുലിവാല് പിടിച്ചത് വധൂവരന്മാരും ബന്ധുക്കളും. മുഹൂർത്തത്തിന് താലികെട്ടൽ നടക്കാത്തതിനു പുറമെ ക്ഷേത്രം പൂജാരിക്ക് പകരം ക്ഷേത്രം ജീവനക്കാരനെ പരികർമി ആക്കേണ്ടതായും വന്നു. മുഹൂർത്തം കഴിഞ്ഞിട്ടും വരനെ കാണാതെ ആശങ്കയുടെ മുൾമുനയിൽ നിന്ന വധുവിന് ശ്വാസം നേരെ വീണത് മൂന്ന് മണിക്കൂർ കഴിഞ്ഞെത്തിയെ വരൻ താലിചാർത്തി വരണമാല്യം അണിയിച്ചപ്പോഴാണ്.
പത്തനംതിട്ട സ്വദേശിയായ വരൻ തലശ്ശേരിയിലെത്തി ഗൂഗ്ൾ മാപ് വഴി സഞ്ചരിച്ചതാണ് വിനയായത്. ഇരിട്ടി കീഴൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ വിവാഹത്തിന് എത്തേണ്ട വരൻ എത്തിയത് വടകര പയ്യോളിയിലെ കീഴൂർ ശിവക്ഷേത്രത്തിൽ. പത്തരക്കും പതിനൊന്നരക്കും ഇടയിലെ മുഹൂർത്തത്തിലായിരുന്നു പത്തനംതിട്ട സ്വദേശിയായ വരന്റെയും ഇരിട്ടി മാടത്തിൽ സ്വദേശിനിയുടെയും വിവാഹം നടക്കേണ്ടിയിരുന്നത്.
മുഹൂർത്ത സമയം കഴിയാറായിട്ടും വരനെയും സംഘത്തേയും കാണാതെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഇപ്പോൾ എത്തും എന്ന മറുപടിയാണ് കിട്ടിയത്. അൽപ സമയത്തിന് ശേഷം വരനും സംഘവും അമ്പലത്തിൽ എത്തി ഞങ്ങൾ ശിവക്ഷേത്രത്തിൽ നിൽപുണ്ടെന്നു പറഞ്ഞു. മഹാവിഷ്ണു ക്ഷേത്രത്തിനു പുറമെ അടുത്തുള്ള കീഴൂർ മഹാദേവ ക്ഷേത്രത്തിൽ എത്തിയും വധുവിന്റെ ബന്ധുക്കൾ പരിശോധിച്ചിട്ടും വരനും സംഘവുമില്ല. വീണ്ടും തിരിച്ചുവിളിച്ചപ്പോഴാണ് ഞങ്ങൾ വടകര പയ്യോളിയിലെ കീഴൂർ ശിവക്ഷേത്രത്തിൽ നിൽക്കുകയാണെന്ന് അറിയിച്ചത്. വരനും വധുവും നിൽക്കുന്ന അമ്പലങ്ങൾ തമ്മിൽ 60ലധികം കിലോമീറ്ററിന്റെ വ്യത്യാസം ഉണ്ടെന്ന് അപ്പോഴാണ് അറിയുന്നത്.
ഗൂഗ്ൾ മാപ് നോക്കി വന്ന വരൻ പയ്യോളി കീഴൂർ ശിവക്ഷേത്രത്തിലാണ് മൂഹൂർത്ത സമയത്ത് എത്തിയത്. ഉച്ചക്ക് ഒന്നരയോടെ വരൻ ഇരിട്ടി കീഴൂരിലെ ക്ഷേത്രത്തിലെത്തുകയും ക്ഷേത്രം ജീവനക്കാരുടെ നേതൃത്വത്തിൽ ക്ഷേത്ര നടയിൽ വിവാഹം നടത്തുകയും ചെയ്തെന്ന് വിവാഹത്തിന് കർമിയായി നിന്ന ക്ഷേത്രം ജീവനക്കാരൻ ചന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

