മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിൻ: തലശ്ശേരിയിൽ മാസ് ക്ലീനിങ്
text_fieldsതലശ്ശേരിയിൽ ശുചീകരണ ബോധവത്കരണ സന്ദേശം ഉൾക്കൊള്ളുന്ന ഐ.ഇ.സി ബോർഡുകൾ നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി സ്ഥാപിക്കുന്നു
തലശ്ശേരി: മാലിന്യമുക്തം നവ കേരളം ജനകീയ കാമ്പയിന്റെ ഭാഗമായി നഗരസഭാതല മാലിന്യമുക്ത പ്രഖ്യാപനത്തിന്റെ മുന്നോടിയായി നഗരസഭ പരിധിയിലെ അംഗൻവാടികൾ, വിദ്യാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, എല്ലാ വാർഡുകളിലെയും വിവിധ സ്ഥലങ്ങൾ, പൊതുയിടങ്ങൾ തുടങ്ങി മുന്നൂറിലധികം സ്പോട്ടുകളിൽ മാസ് ക്ലീനിങ് ഡ്രൈവ് നടത്തി.
സ്ഥിരമായി മാലിന്യ നിക്ഷേപം നടക്കുന്നതും മാലിന്യം വലിച്ചെറിയുന്നതുമായ ഇടങ്ങളായ സീവ്യൂ പാർക്ക് പരിസരം, സെന്റിനറി പാർക്ക് പരിസരം, കോടതി പരിസരം, കടൽപാലം, കൊടുവള്ളി പാലം, പുതിയ ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനത്തിന് ശേഷം ബോധവത്കരണ സന്ദേശം ഉൾകൊള്ളുന്ന ഐ.ഇ.സി ബോർഡുകൾ നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി സ്ഥാപിച്ചു.
ടി.സി മുക്ക് എം.എൽ.എ ഓഫിസിന് സമീപമുള്ള സ്നേഹാരാമം, തലശ്ശേരി കോട്ട, നഗരസഭ സ്റ്റേഡിയം പരിസരം, മഞ്ഞോടി, എന്നിവിടങ്ങളിലും ബോർഡുകൾ സ്ഥാപിച്ചു.
കൗൺസിലർമാരുടെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി സംഘടനകൾ, സ്കൂൾ വിദ്യാർഥികൾ, കുടുംബശ്രീ അംഗങ്ങൾ തൊഴിലുറപ്പ് പ്രവർത്തകർ റെസിഡൻസ് അസോസിയേഷനുകൾ, യുവജന സംഘടനകൾ എന്നിവരെ പങ്കെടുപ്പിച്ച് നടത്തിയ മെഗാ ക്ലീനിങ് നഗരത്തെ മാലിന്യ മുക്തമാക്കാനുള്ള പ്രവർത്തനങ്ങളിൽ ശക്തമായ മുന്നേറ്റം നടത്തി. കാമ്പയിനിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് സർക്കാർ നിർദേശാനുസരണം മാലിന്യമുക്ത തലശ്ശേരി എന്ന ലക്ഷ്യം കൈവരിക്കുമെന്ന് നഗരസഭ സെക്രട്ടറി എൻ. സുരേഷ് കുമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

