മാലിന്യമുക്ത നവകേരളം കാമ്പയിൻ രണ്ടാം ഘട്ടത്തിലേക്ക്
text_fieldsകണ്ണൂർ: മാലിന്യമുക്ത നവകേരളം കാമ്പയിൻ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമാവുന്നു. മാര്‍ച്ച് 15 മുതല്‍ ജൂണ്‍ ഒന്നുവരെ നടന്ന പ്രവര്‍ത്തനങ്ങളുടെ അവലോകനവും വിലയിരുത്തലും തദ്ദേശ സ്ഥാപനങ്ങളിൽ പരിസ്ഥിതി ദിനത്തിൽ ഹരിത സഭകൾ ചേർന്ന് നടത്തി. ഓരോ തദ്ദേശ സ്ഥാപനവും 2024 മാര്‍ച്ചോടുകൂടി മാലിന്യമുക്തമാക്കുകയാണ് പദ്ധതി ലക്ഷ്യം. കണ്ണൂർ ജില്ലയിലെ പദ്ധതി മേൽനോട്ട ചുമതല തദ്ദേശ വകുപ്പ് റൂറൽ ഡയറക്ടർ എച്ച്. ദിനേശന് നൽകി സർക്കാർ ഉത്തരവിറക്കി.
നവംബര്‍ 30വരെ ഹ്രസ്വകാല ലക്ഷ്യങ്ങൾ വെച്ചുള്ള പ്രവർത്തനങ്ങളും 2024 മാര്‍ച്ച് 31നുള്ളില്‍ പൂര്‍ത്തിയാക്കേണ്ട ദീര്‍ഘകാല ലക്ഷ്യങ്ങൾ വെച്ചുള്ള പ്രവർത്തനങ്ങളുമാണ് ഇനി നടക്കുക. ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും ഇതുവരെ നടന്ന മാലിന്യ മുക്ത പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് ഹരിത സഭകളില്‍ അവതരിപ്പിച്ച് ജനകീയ പരിശോധനക്ക് വിധേയമാക്കി. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും പ്രഖ്യാപിച്ചു.
തദ്ദേശ സ്ഥാപന പ്രദേശത്തെ എല്ലാ വാര്‍ഡുകളില്‍ നിന്നും പ്രാതിനിധ്യം ഉറപ്പാക്കാന്‍ കഴിയുന്ന തരത്തിലാണ് ഹരിതസഭ പ്രതിനിധികളെ തെരഞ്ഞെടുത്തത്. ഹരിതസഭകളിൽ ഉയർന്ന അഭിപ്രായങ്ങളും നിർദേശങ്ങളും മാനിച്ച് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ ജൂലൈ 15വരെ നടക്കും. ഡിസംബര്‍ 31നുള്ളിൽ എല്ലാ പരിമിതികളും പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. ഈ കാലയളവിനുള്ളിൽ സ്ഥിരം എം.സി.എഫുകൾ ഒരുക്കും. മാര്‍ച്ച് 30വരെയുള്ള ദീര്‍ഘകാല പ്രവര്‍ത്തനങ്ങളിൽ മാലിന്യവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളിലും ഡിജിറ്റല്‍ മോണിറ്ററിങ് സംവിധാനം ഉറപ്പാക്കും.
ജൈവ-അജൈവ മാലിന്യങ്ങൾ 100 ശതമാനം ഉറവിടത്തിൽ തന്നെ തരംതിരിക്കുക, അജൈവമാലിന്യങ്ങളുടെ വാതിൽപ്പടി ശേഖരണം, ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ ശാസ്ത്രീയമായി സംസ്കരിക്കുക, മാലിന്യക്കൂനകള്‍ ഇല്ലാത്ത വൃത്തിയുള്ള പൊതുവിടങ്ങള്‍ സൃഷ്ടിക്കുക, എല്ലാ ജലാശയങ്ങളിൽ നിന്നും ഖരമാലിന്യം നീക്കംചെയ്ത് നീരൊഴുക്ക് ഉറപ്പാക്കൽ തുടങ്ങിയ ലക്ഷ്യങ്ങളായിരുന്നു ആദ്യഘട്ടത്തിൽ പൂര്‍ത്തിയാക്കാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

