നാരായണൻ പറമ്പ്-മോന്താൽ റോഡിന് ഫണ്ട് അനുവദിച്ചു; വർഷങ്ങളായി ഈ റോഡിൽ കാൽനടയാത്ര പോലും ദുസ്സഹമാണ്
text_fieldsചൊക്ലി: തകർന്ന് തരിപ്പണമായ ഒളവിലം നാരായണൻ പറമ്പ്-മോന്താൽ തീരദേശ റോഡിന്റെ അറ്റകുറ്റപ്പണിക്കായി ഹാർബർ എൻജിനിയറിങ് വകുപ്പ് 230.90 ലക്ഷം രൂപ അനുവദിച്ചു. വർഷങ്ങളായി കാൽനടയാത്ര പോലും ദുസ്സഹമായ റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് കഴിഞ്ഞ ജൂലൈ 14ന് മാധ്യമം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
മഴക്കാലമായാൽ ഇവിടെ റോഡാണോ തോടാണോയെന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയാണ്. 1.200 കിലോമീറ്റർ നീളമുള്ള ഈ റോഡിന്റെ ഇരുവശങ്ങളിലായി നൂറോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. നിരവധി വാഹനങ്ങളാണ് ദിനേന ഇതുവഴി കടന്നുപോകുന്നത്. മഴക്കാലമായാൽ വാഹനങ്ങൾ ഈ റോഡിൽ താഴ്ന്നു പോകുന്നതും പതിവ് കാഴ്ചയായിരുന്നു. മിക്ക സ്കൂൾ വാഹനങ്ങളും ഇതു വഴിയുള്ള യാത്ര ഉപേക്ഷിച്ച മട്ടാണ്. ഇതിനാൽ കുഴിയും ചളിയും വെള്ളവും താണ്ടി ഏറെ പ്രയാസപ്പെട്ട് മീറ്ററുകൾ നടന്നു വേണം പ്രധാന റോഡിലെത്താൻ. ഇരുചക്രവാഹനങ്ങൾക്ക് പോലും സുഗമമായി യാത്രചെയ്യാനാകാത്ത ദുരിതത്തിലാണ്.
ദേശവാസികൾക്ക് രോഗികളെ ആശുപത്രിയിലെത്തിക്കാൻ പ്രയാസം നേരിടുന്നുണ്ട്. റോഡ് തകർന്നതിനാൽ അടിയന്തരഘട്ടത്തിലായാലും പ്രദേശത്തേക്ക് ഓട്ടം വിളിച്ചാൽ ടാക്സികൾ വരാറില്ല. ഒളവിലം മേഖലയിലുള്ളവർക്ക് കോഴിക്കോട് ഭാഗത്തേക്ക് പോകാനായി മോന്താലിലേക്ക് എളുപ്പം എത്തിച്ചേരാനാകുന്ന വഴി കൂടിയാണിത്. രോഗികൾക്ക് ആശുപത്രിയിൽ പോകാനും കുട്ടികൾക്ക് വിദ്യാലയങ്ങളിൽ പോകാനും ആശ്രയിക്കുന്ന റോഡ് നവീകരിക്കണമെന്ന ആവശ്യമുയർന്നെങ്കിലും ഫണ്ടിന്റെ ലഭ്യത തടസ്സമായിരുന്നു.
സ്ഥലം എം.എൽ.എ കൂടിയായ സ്പീക്കർ എ.എൻ. ഷംസീറിന്റെ ഇടപെടലിനെത്തുടർന്നാണ് ഹാർബർ എൻജിനിയറിങ് വകുപ്പ് തുക അനുവദിച്ചത്. ഒക്ടോബർ ആറിന് ഇതുസംബന്ധിച്ച് ഭരണാനുമതി നൽകി ഉത്തരവായി.
പ്രദേശത്തുകാരുടെ നിരന്തര ഇടപെടലിനെത്തുടർന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതി മുൻകൈയെടുത്ത് റോഡ് നവീകരണത്തിനായി ഹാർബർ എൻജിനിയറിങ് വകുപ്പ് 3.77 കോടി രൂപയുടെ അടങ്കൽ തയാറാക്കി ഭരണാനുമതിക്കായി നേരത്തേ സമർപ്പിച്ചിരുന്നു. 2.3 കോടി രൂപയുടെ ഭരണാനുമതിയായതോടെ സ്ഥലപരിശോധന നടത്തി അടങ്കൽ അന്തിമമാക്കി സാങ്കേതികാനുമതി ഉടൻ ലഭ്യമാക്കുമെന്ന് ജില്ല എക്സി. എൻജിനീയർ കെ.ജബ്ബാർ അറിയിച്ചു.
ഈ റോഡ് ബന്ധിപ്പിക്കുന്ന മോന്താൽ-പാത്തിക്കൽ തീര ദേശ റോഡിന്റെ 300 മീറ്ററോളം നീളത്തിൽ മോന്താൽ ഭാഗത്ത് നവീകരിക്കപ്പെടാതെ കുണ്ടും കുഴിയുമായി കിടക്കുന്നുണ്ട്. നേരത്തെ തീരദേശറോഡിന്റെ നവീകരണത്തിന് അടങ്കൽ പ്രകാരം ഫണ്ട് അനുവദിച്ചെങ്കിലും പൊതുമരാമത്ത് നിരക്ക് വർധിപ്പിച്ചതിനാൽ പ്രവൃത്തിയുടെ ദൂരം കുറച്ചാണ് സാങ്കേതികാനുമതി നൽകിയിരുന്നത്.ഈ ഭാഗം കൂടി നവീകരിച്ചാൽ മോന്താലിൽനിന്ന് ഒളവിലത്തേക്കും ന്യൂമാഹിയിലേക്കുമുള്ള യാത്ര സുഗമമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

