മുഴുവൻ വിവരങ്ങളും പോർട്ടലിൽ; ആദ്യ ജി.െഎ.എസ് അധിഷ്ഠിത കോർപറേഷനായി കണ്ണൂർ
text_fieldsജി.ഐ.എസ് അധിഷ്ഠിത കണ്ണൂർ കോർപറേഷൻ പ്രഖ്യാപനം ചേംബർ ഹാളിൽ കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു
കണ്ണൂർ: ഭൗമ വിവരസാങ്കേതികവിദ്യ (ജി.ഐ.എസ്) അടിസ്ഥാനമാക്കിയുള്ള സംസ്ഥാനത്തെ ആദ്യത്തെ കോർപറേഷനായി കണ്ണൂർ. കോർപറേഷൻ പരിധിയിലെ മുഴുവൻ കെട്ടിടങ്ങളും റോഡുകളും ലാൻഡ് മാർക്കുകളും തണ്ണീർത്തടങ്ങളും ഉൾപ്പെടെ മുഴുവൻ വിവരങ്ങളും വെബ് പോർട്ടലിൽ ആവശ്യാനുസരണം തിരയാൻ സാധ്യമാകുന്ന വിധത്തിലാണ് ഇത് ഒരുക്കിയത്.
നഗരാസൂത്രണവും വാർഷിക പദ്ധതി ആസൂത്രണവും ഗുണഭോക്താക്കളെ തിരഞ്ഞെടുക്കലും ഉൾപ്പെടെയുള്ള മുഴുവൻ കാര്യങ്ങളും വളരെ കൃത്യതയോടെ ചെയ്യാൻ കഴിയുന്ന തരത്തിലാണ് പുതിയ സംവിധാനം. കൃഷിഭൂമി സംരക്ഷണം, മാലിന്യ സംസ്കരണം, റോഡുകളുടെ വികസനം, ഡാറ്റബാങ്ക് പരിധിയിൽ നിർമാണങ്ങൾ തടയൽ തുടങ്ങിയവ കാര്യക്ഷമമായി നടപ്പാക്കാനാവും.
തണ്ണീർത്തടങ്ങൾ, കണ്ടൽക്കാടുകൾ, ജീവവൈവിധ്യ മേഖലകൾ എന്നിവയുടെ സംരക്ഷണവും ഉറപ്പുവരുത്താം. ജലമലിനീകരണം കുറക്കാനാവും. കോവിഡ് കാരണം ചെറിയ കാലതാമസം നേരിട്ടെങ്കിലും ഡ്രോൺസർവേ, ഡി.ജി.പി.എസ് സർവേ, ജി.പി.എസ് സർവേ, പ്രത്യേക മൊബൈൽ ആപ്ലിക്കേഷെൻറ സഹായത്തോടുകൂടിയുള്ള കെട്ടിട സർവേ തുടങ്ങിയ വിവിധ പ്രവൃത്തികളിലൂടെ കോർപറേഷെൻറ മുഴുവൻ വിവരങ്ങളും വെബ്പോർട്ടലിൽ ലഭ്യമാണ്.
യു.എല്‍.ടി.എസാണ് പോര്‍ട്ടല്‍ തയാറാക്കിയത്. നഗരാസൂത്രണം, കൃത്യതയാര്‍ന്ന പദ്ധതി വിഭാവനം, നിര്‍വഹണം, ക്ഷേമ പദ്ധതികള്‍ ഏറ്റവും അര്‍ഹരായവരില്‍ എത്തിക്കുക എന്നിവ പോര്ട്ടലിെൻറ സഹായത്തോടെ സാധ്യമാകും. ഭൗമശാസ്ത്രപരമായ വിശകലനം, വിവിധ കാലങ്ങളിലുണ്ടായ മാറ്റങ്ങള്‍ സംബന്ധിച്ച വിശകലനം എന്നിവയും പോര്‍ട്ടലില്‍ സാധ്യമാകും.
സാമ്പത്തികമായ കാര്യങ്ങളിലും പുതിയ സംവിധാനം സഹായകമാകും. നികുതിപരിധിയിൽ വരാത്ത കെട്ടിടങ്ങളും അനധികൃത നിർമാണം കണ്ടെത്താനും നടപടിയെടുക്കാനുമാവും. എല്ലാ തരത്തിലുള്ള ആസൂത്രണങ്ങൾക്കും ഈ പദ്ധതി ഉപയോഗപ്രദമായതിനാൽ മറ്റുള്ള ഫീൽഡ് സ്റ്റഡികൾ മൂലമുള്ള സാമ്പത്തിക-സമയചെലവുകൾ കുറക്കാൻ സഹായിക്കും.
ജി.ഐ.എസ് അധിഷ്ഠിത കണ്ണൂർ കോർപറേഷൻ പ്രഖ്യാപനം ചേംബർ ഹാളിൽ കെ. സുധാകരൻ എം.പി നിർവഹിച്ചു. മേയർ ടി.ഒ. മോഹനൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ കെ. ഷബീന, മുൻ മേയർമാരായ സുമ ബാലകൃഷ്ണൻ, സി. സീനത്ത്, ഊരാളുങ്കൽ ലേബർ കോൺട്രാക്ടിങ് സൊസൈറ്റി ജി.ഐ.എസ് ഹെഡ് ജയിക് ജേക്കബ്,സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷമീമ, അഡ്വ. പി. ഇന്ദിര, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ, കൗൺസിലർ മുസ്ലിഹ് മഠത്തിൽ, സെക്രട്ടറി ഡി. സാജു തുടങ്ങിയവർ സംസാരിച്ചു.