ഇന്ധന വില വില്ലനായി; രാജ്യം ചുറ്റാനിറങ്ങിയവർ പ്രതിഷേധ യാത്രയിൽ
text_fieldsഇന്ധന വിലവർധനക്കെതിരെ യൂട്യൂബ് ബ്ലോഗർമാരായ എഫ് ക്രൂയ്സേഴ്സിെൻറ നേതൃത്വത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ ബുള്ളറ്റ് തള്ളിയുള്ള പ്രതിഷേധയാത്ര കണ്ണൂരിലെത്തിയപ്പോൾ
കണ്ണൂർ: രാജ്യത്തെ മുഴുവൻ ജില്ലകളും താണ്ടി ഇന്ത്യയെ അറിയാൻ വിനോദയാത്രക്കൊരുങ്ങിയ യുവാക്കൾ ഇന്ധനവില വർധനക്കെതിരെ പ്രതിഷേധയാത്രയുമായി ബുള്ളറ്റ് തള്ളി കേരളംചുറ്റുകയാണ്. തലശ്ശേരി കതിരൂർ സ്വദേശികളും എഫ് ക്രൂയ്സേഴ്സ് യൂട്യൂബ് ബ്ലോഗർമാരുമായ അസറുദ്ദീനും ഷഹീമുമാണ് വേറിട്ട പ്രതിഷേധവുമായി നിരത്തിലിറങ്ങിയത്.
കാസർകോട് മുതൽ തിരുവനന്തപുരം വരെ എല്ലാ ജില്ലകളിലൂടെയും പ്രതിഷേധയാത്ര പ്രയാണം നടത്തും. വ്യാപാരിയായ അസറുദ്ദീനും എൻജിനീയറായ ഷഹീമും യാത്രയോടുള്ള പ്രണയത്തെ തുടർന്നാണ് ഇന്ത്യയെ അറിയാൻ യാത്രക്കൊരുങ്ങിയത്. പെട്രോൾവില 100 കടന്നതോടെ പ്രതിഷേധത്തിന് ശേഷമാകാം വിനോദയാത്രയെന്ന തീരുമാനത്തിലെത്തുകയായിരുന്നു.
രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെയാണ് യാത്ര. രാത്രി മുറിയെടുത്ത് വിശ്രമിക്കും. ആഗസ്റ്റ് അഞ്ചിന് കാസർകോടുനിന്ന് യാത്ര തുടങ്ങിയെങ്കിലും താമസസ്ഥലത്തെ ടെറസിൽനിന്ന് വീണ് അസറുദ്ദീന് പരിക്കേറ്റതോടെ ഒരാഴ്ചയോളം യാത്ര മുടങ്ങി. ശനിയാഴ്ചയാണ് പുനരാരംഭിച്ചത്.