വൻകുളത്ത് വയൽ തട്ടിപ്പ്; പരാതിയുമായി കൂടുതൽ പേർ രംഗത്ത്
text_fieldsവളപട്ടണം പൊലീസ് സ്റ്റേഷനിൽ എത്തിയ തട്ടിപ്പിനിരയായവർ
വളപട്ടണം: അഴിക്കോട് വൻകുളത്ത് വയലിൽ നടന്ന തട്ടിപ്പിന് ഇരയായവരുടെ പരാതിയിൽ പൊലീസ് സ്റ്റേഷനിൽ നടന്ന ചർച്ചയിൽ താൽക്കാലിക പരിഹാരം.കണ്ണൂർ സീഡ് സൊസൈറ്റിയുടെ പ്രവർത്തനത്തിനായി കണ്ണൂർ കനറാ ബാങ്ക് അകൗണ്ടിലുള്ള തുക ആനുപാതികമായി പരാതി നൽകിയ അംഗങ്ങൾക്ക് വിതരണം ചെയ്യാൻ ധാരണയായി. അംഗങ്ങളുടെ മെംബർഷിപ് ഇനത്തിലും സൊസൈറ്റിയുടെ നടത്തിപ്പിനുമായി നീക്കിയിരിപ്പുള്ള സംഖ്യയാണിത്. ഇത് പത്ത് ലക്ഷത്തോളം തുക കാണുമെന്ന് സംഘം പ്രസിഡന്റ് അറിയിച്ചു.
പ്രസിസന്റും സെക്രട്ടറിയും ട്രഷററും പ്രദേശത്തെ കോഓഡിനേറ്റർമാരിൽനിന്ന് തിരഞ്ഞെടുത്തതാണ്. അവർക്ക് തുക പിൻവലിക്കാൻ സാധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടാതെ സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികൾ വഴി പ്രശനപരിഹാരം കാണാൻ രണ്ടാഴ്ചത്തെ സമയവും അനുവദിച്ചു. തുകവിവരം ചൊവ്വാഴ്ച തന്നെ വളപട്ടണം ഇൻസ്പെക്ടർ സുമേഷിനെ അറിയിക്കുമെന്നും ധാരണയായിട്ടുണ്ട്.
പകുതിവിലക്ക് ഇരുചക്രവാഹനവും ഗൃഹോപകരണങ്ങളും നൽകാമെന്ന് വാഗ്ദാനം നൽകിയാണ് അഴീക്കോട് വൻകുളത്ത് വയൽ നിവാസികളെ കബളിപ്പിച്ചതായി പരാതിയുയർന്നത്. അഴീക്കോട് പഞ്ചായത്തിൽ മാത്രം ഇരുന്നൂറോളം സ്ത്രീകൾക്ക് പണം നഷ്ടപ്പെട്ടതായാണ് സൂചന. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി ആയിരത്തോളം സ്ത്രീകൾ തട്ടിപ്പിൽ കുടുങ്ങിയിട്ടുണ്ടെന്ന് കണക്കാക്കുന്നു. പ്രദേശത്തെ ജനസമ്മിതിയായ ഏഴോളം പേരെ പ്രമോട്ടർമാരായി നിയമിച്ചാണ് തട്ടിപ്പിന് തുടക്കമിട്ടത്. ഇവരെ ഉപയോഗിച്ച് പലരെയും സംഘത്തിൽ ചേർക്കുകയായിരുന്നു.
സീഡ് സൊസൈറ്റിയുടെ കോഓഡിനേറ്ററായി പ്രവർത്തിച്ച ഏഴു പേർക്കെതിരെയാണ് പരാതി. 174 മെംബർമാർ ഒപ്പിട്ട പരാതിയാണ് അംഗങ്ങൾ തയാറാക്കിയത്. മുഖ്യമന്ത്രി, പൊലീസ് മേധാവി, കലക്ടർ, വളപട്ടണം പൊലീസ് എന്നിവിങ്ങളിലും പരാതി നൽകുമെന്ന് സ്റ്റേഷനിലെത്തിയവർ പറഞ്ഞു. കോഓഡിനേറ്റർമാരുടെ നിർദേശപ്രകാരമാണ് കമ്പനിയുടെ അകൗണ്ടിലേക്ക് പരാതിക്കാർ തുക നിക്ഷേപിച്ചത്. എന്നാൽ, കോഓഡിനേറ്റർമാരെ കബളിപ്പിച്ചത് കമ്പനി മേധാവിയാണെന്നാണ് അവരുടെ അഭിപ്രായം. കമ്പനി മേധാവികൾക്കെതിരെ കോഓഡിനേറ്റർമാർ രാവിലെ കണ്ണൂർ ടൗൺ സ്റ്റേഷനിൽ പരാതി നൽകി.
ഒന്നരയോടെ സ്റ്റേഷനിൽ തുടങ്ങിയ ചർച്ച രാത്രി ഏഴുവരെ നീണ്ടു. മുഴുവൻ പരാതിക്കാർക്കും തുക തിരിച്ചു നൽകായില്ലെങ്കിൽ കോഓഡിനേറ്ററുടെ പേരിൽ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.