ചോർന്നൊലിക്കുന്ന പ്ലാസ്റ്റിക് കൂരയിൽ വൈദ്യുതി പോലുമില്ലാതെ നാലു വിദ്യാർഥികൾ
text_fieldsrepresentational image
കണിച്ചാർ: ചോർന്നൊലിക്കുന്ന പ്ലാസ്റ്റിക് കൂരയിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന് സ്മാർട്ട് ഫോണും ടി.വിയും വൈദ്യുതി പോലുമില്ലാതെ നാലു വിദ്യാർഥികൾ. കണിച്ചാർ കുണ്ടേരിയിലെ ചെറുവിള പുത്തൻവീട്ടിൽ യൂസഫ് - സമീറ ദമ്പതികളുടെ നാലു മക്കളാണ് ഓൺലൈൻ സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുന്നത്.
ഒന്ന്, രണ്ട്, അഞ്ച്, ഏഴ് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളാണിവർ. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത കുടുംബം സമീറയുടെ ഉപ്പയുടെ ഭൂമിയിലെ താൽക്കാലിക ഷെഡിലാണ് താമസിക്കുന്നത്. മഴയിൽ ചോർന്നൊലിക്കുന്ന ഷെഡ് തകർച്ചഭീഷണിയിലാണ്. സ്മാർട്ട് ഫോൺ ഇല്ലാത്തതിനാൽ സ്കൂളിൽ നിന്ന് ലഭിക്കുന്ന ക്ലാസിൽ പങ്കെടുക്കാൻ കുട്ടികൾക്കാവുന്നില്ല.
വൈദ്യുതിയും ടി.വിയുമില്ലാത്തതിനാൽ കൈറ്റ് വിക്ടേഴ്സിലെ ക്ലാസുകളിലും കുട്ടികൾക്ക് പങ്കെടുക്കാനാവുന്നില്ല. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സുമനസ്സുകൾ സ്മാർട്ട് ഫോൺ നൽകുമെന്ന പ്രതീക്ഷയിലാണീ കുടുംബം.