പുഴയിലെ മലമാനിന് രക്ഷകരായി വനപാലകർ
text_fieldsകേളകം: കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ചിന് കീഴിലെ കീഴ്പ്പള്ളി-മണത്തണ സെക്ഷൻ അതിർത്തി പങ്കിടുന്ന ഓടംതോട് പുഴയിൽ അവശനിലയിൽ മലമാനിനെ കണ്ടെത്തി. ആറളം ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലുൾപ്പെടുന്ന ഓടംതോട് അയ്യപ്പക്ഷേത്രത്തിന് പിന്നിലെ പുഴയിലാണ് ശനിയാഴ്ച രാവിലെ പത്തോടെ മലമാനിനെ കണ്ടത്. പുഴയുടെ നടുവിൽ അനങ്ങാതെ കിടക്കുന്ന മാനിനെ കണ്ട നാട്ടുകാർ ഉടനെ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.
കൊട്ടിയൂർ റേഞ്ച് മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. നാല് വയസ്സ് തോന്നിക്കുന്ന ആൺ വർഗ്ഗത്തിൽപ്പെട്ട മലമാനാണിത്. ശരീരത്തിൽ മറ്റ് മുറിവുകളോ പരിക്കുകളോന്നും കണ്ടെത്തിയിട്ടില്ലെങ്കിലും ഇടത് കൊമ്പിന്റെ അടിഭാഗത്ത് ചോര പൊടിയുന്ന നിലയിലായിരുന്നു. പ്രകൃത്യാ കൊമ്പ് പൊഴിയുന്ന സമയമായതിനാലുണ്ടായ മുറിവിൽ ഈച്ചകൾ മുട്ടയിട്ട് പുഴുക്കൾ അരിച്ചതാണ് മലമാൻ അവശനാകാൻ കാരണമായതെന്ന് വനപാലകർ പറഞ്ഞു.
പുഴുക്കളുടെ ശല്യം സഹിക്കാനാവാതെയാണ് മാൻ പുഴയിലെ വെള്ളത്തിൽ അഭയം തേടിയതെന്ന് കരുതുന്നു. വനപാലകർ മാനെ കരക്കെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. മുറിവിലെ പുഴുക്കളെ നീക്കം ചെയ്ത് മരുന്ന് വെച്ച് കെട്ടിയിട്ടുണ്ട്. നിലവിൽ വനപാലകരുടെ നിരീക്ഷണത്തിലാണ് മലമാൻ. ആരോഗ്യം വീണ്ടെടുക്കുന്ന മുറക്ക് ഇതിനെ വനത്തിലേക്ക് തന്നെ തുറന്നുവിടുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

