'കൂനിന്മേൽ കുരു'വായി അടിപ്പാതകൾ
text_fields1) ഏറെ പരാതി ഉയർന്നു നിൽക്കുന്ന ധർമശാലയിലെ ബസ് കടന്നു പോകാത്ത അടിപ്പാത 2) പരാതി നിലനിൽക്കുന്ന കല്യാശ്ശേരിയിൽ പണി പൂർത്തിയായ അടിപ്പാത
പാപ്പിനിശ്ശേരി: ഏറെ മുറവിളിയും സമരവും ചെയ്തതിന്റെ ഫലമായി കല്യാശ്ശേരി പഞ്ചായത്തിലെ ധർമശാല, കല്യാശ്ശരി എന്നിവിടങ്ങളിലും പാപ്പിനിശ്ശേരി പഞ്ചായത്തിൽ വേളാപുരത്തും പുതുതായി അടിപ്പാതകൾ അനുവദിച്ചെങ്കിലും അശാസ്ത്രീയമായതിനാൽ ഇവ ജനോപകാരപ്രദമല്ലാത്തതിൽ ഇവ നാടിനു വിനയായി.
നിലവിൽ തളിപ്പറമ്പ് മുതൽ പാപ്പിനിശേരി വരെ മേൽപാലവും അടിപ്പാതയുമായി 13 എണ്ണമാണ് അനുവദിച്ചത്. കുറ്റിക്കോൽ (10x4), ബക്കളം (മേൽപാലം), താഴെ ബക്കളം (10 x 4), ധർമശാല (മേൽപാലം), ധർമശാല (അടിപ്പാത 4x3), മാങ്ങാട് തെരു (4x3), കല്യാശ്ശേരി രജിസ്ട്രാഫിസ് (7 x 3), കല്യാശ്ശേരി (3 X 2), കീച്ചേരി (മേൽപാലം), വേളാപുരം (2x 2.5 നിർമാണം തടഞ്ഞു), അമലോഭവ പള്ളിക്ക് സമീപം (മേൽപാലം), തുരുത്തി പാറക്കൽ (7x4), തുരുത്തി (7x4) എന്നിവിടങ്ങളിലായി അടിപ്പാതയും മേൽപാലവും അനുവദിച്ചത്. ഇതിൽ വേളാപുരം ഒഴികെ ബാക്കിയെല്ലാം നിർമാണവും പൂർത്തിയായി. ധർമശാല, കല്യാശ്ശേരി, വേളാപുരം എന്നിവിടങ്ങളിലാണ് ഒട്ടും ശാസ്ത്രീയമല്ലാത്ത രീതിയിൽ അടിപ്പാതകൾ നിർമിച്ചിരിക്കുന്നത്.
ധർമശാല അടിപ്പാത
ധർമശാലയിൽ തുടക്കത്തിൽ അടിപ്പാത നിർമാണം ആരംഭിച്ചെങ്കിലും ബസുകൾ കടന്നുപോകാൻ പാകത്തിൽ വേണമെന്ന ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി നിർമാണം പാതിവഴിയിലെത്തിയ അടിപ്പാത പൊളിച്ചുമാറ്റിയാണ് പുതിയ അടിപ്പാത നിർമിച്ചത്. അതും നാല് മീറ്റർ വീതിയിലും മൂന്നര മീറ്റർ ഉയരവുമുള്ള പുതിയ അടിപ്പാതയുടെ നിർമാണമാണ് ഇതിനകം പൂർത്തിയാക്കിയത്. ഇതും തീർത്തും അശാസ്ത്രീയം. ബസുകൾക്ക് കടന്നുപോകണമെങ്കിൽ ചുരുങ്ങിയത് ഏഴു മീറ്റർ വീതിയും നാലു മീറ്റർ ഉയരവുമുള്ള അടിപ്പാതയെങ്കിലും വേണം. 10 മീറ്റർ നീളവും 3.9 മീറ്റർ ഉയരമുള്ള അടിപ്പാതയിലൂടെ മാത്രമേ ബസ് കടന്നുപോകാൻ സാധ്യമാകൂ. സർവിസ് റോഡിൽനിന്ന് ബസ് വളച്ചെടുക്കാൻ ഇത്രയും സൗകര്യം ലഭിച്ചാൽ പോലും പ്രയാസമാണ്. കെൽട്രോൺ നഗറിൽ നിലവിൽ നിർമിച്ചത് നാലു മീറ്റർ വീതിയും 3.5 മീറ്റർ ഉയരവുമുള്ള അടിപ്പാതയാണ്.
ഇത് പൊളിച്ചു പണിയുകയോ പുതുതായി മറ്റൊന്ന് പണിയുകയോ വേണം. ധർമശാല കവലയിൽ വീതികൂടിയ ഫ്ലൈ ഓവറാണ് ഇപ്പോഴുള്ളത്. ഇവിടം ദേശീയപാത മണ്ണിട്ട് ഉയർത്തുന്ന സാഹചര്യത്തിൽ വിശാലമായ അടിപ്പാത നിർമിക്കാൻ പ്രയാസമില്ലെന്നാണ് രാഷ്ട്രീയ നേതൃത്വവും പ്രദേശവാസികളും ആവശ്യപ്പെടുന്നത്. നിലവിൽ നിർമിച്ച അടിപ്പാത വഴി ബസുകൾക്ക് കടന്നുപോകാൻ സാധ്യമല്ല. കണ്ണൂർ യൂനിവേഴ്സിറ്റി വഴി കണ്ണപുരം ചെറുകുന്ന് ഭാഗത്തേക്ക് 23ൽ അധികം ബസുകൾ കടന്നു പോകുന്നുണ്ട്. ബസ് കടന്നു പോകാൻ സൗകര്യമൊരുക്കാത്ത പക്ഷം കീച്ചേരി വഴി ഉദ്ദേശം എട്ട് കിലോമീറ്ററോളം ചുറ്റിത്തിരിഞ്ഞാൽ മാത്രമേ യൂനിവേഴ്സിറ്റി റോഡിൽ പ്രവേശിക്കാൻ സാധ്യമാകൂ.
കല്യാശ്ശേരി അടിപ്പാത
സ്കൂൾ, കോളജ് വിദ്യാർഥികളും, രാഷ്ട്രീയക്കാരും, നാട്ടുകാരും ഒത്തൊരുമിച്ച് സമരം സംഘടിപ്പിക്കുകയും എം.എൽ.എ, എം.പി.മാർ, സ്പീക്കർ, മുഖ്യമന്ത്രി എന്നിവരുടെ ഇടപെടലോടെയാണ് കല്യാശ്ശേരിയിൽ 2.5x3 മീറ്റർ വീതിയും നീളവുമുള്ള അടിപ്പാത അനുവദിച്ചു കിട്ടിയത്. ദേശീയപാതയുടെ പ്രവൃത്തി പൂർത്തീകരിച്ചാൽ ഇതുവഴിയുള്ള വാഹന സഞ്ചാരം തടസ്സമാകുമെന്നും പ്രദേശത്തെ രണ്ടു തട്ടിൽ വേർതിരിക്കുന്ന അവസ്ഥയും സംജാതമാകും. കല്യാശ്ശേരി കെ.പി.ആർ ഗോപാലൻ സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂൾ, കല്യാശ്ശേരി പഞ്ചായത്ത് ഓഫിസ്, കാത്തലിക് സിറിയൻ ബാങ്ക്, സഹകരണ ബാങ്കുകൾ, നാലോളം അമ്പലങ്ങൾ എന്നിവ ഹൈവേയുടെ ഒരു ഭാഗത്തും മറുഭാഗത്ത് പി.സി.ആർ ബാങ്ക്, കല്യാശ്ശേരി വില്ലേജ് ഓഫിസ്, ഗ്രന്ഥശാല, പ്രൈമറി ഹെൽത്ത് സെന്റർ, അംഗൻവാടി, കണ്ണൂർ യൂനിവേഴ്സിറ്റി, ഈ രണ്ട് ഭാഗങ്ങളിലേക്കും ജനങ്ങൾക്ക് വാഹനങ്ങളുമായി കടന്നു പോകാൻ സാധ്യമല്ലെന്നും കാൽനട പോലും ഏറെ പ്രയാസത്തിലായിത്തീരുമെന്നും മഴക്കാലത്ത് വെള്ളക്കെട്ടുണ്ടാകുമെന്നും കാണിച്ച് ജനങ്ങൾ വീണ്ടും പരാതിയുമായി രംഗത്തിറങ്ങിക്കഴിഞ്ഞു.
വേളാപുരം അടിപ്പാത
ഏറെ നാളത്തെ പ്രക്ഷോഭത്തിനൊടുവിൽ രാഷ്ട്രീയക്കാരും എം.എൽ.എ., എം.പി. മന്ത്രിമാർ കൂടാതെ ഹൈകോടതിയും ഇടപ്പെട്ട് ഒടുവിൽ അനുവദിച്ച അടിപ്പാതയാണ് വേളാപുരത്തെ അടിപ്പാത. അതും രണ്ടര മീറ്റർ വീതിയും നീളവുമുള്ള അടിപ്പാത.
ഇവിടെ അടിപ്പാത നിർമിക്കാനാവശ്യമായ നടപടിയുമായി എത്തിയ എൻജിനീയറിങ് വിഭാഗത്തെ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തടഞ്ഞതിനാൽ പ്രവൃത്തി നിർത്തിവെക്കുകയാണുണ്ടായത്. വേളാപുരം അടിപ്പാത ആക്ഷൻ കമ്മിറ്റി എക്സിക്യൂട്ടിവ് യോഗ തീരുമാന പ്രകാരം ബസ് കടന്നുപോകാൻ പാകത്തിലുള്ള അടിപ്പാത അനുവദിച്ചു കിട്ടുന്നതുവരെ പ്രക്ഷോഭ പരിപാടികൾ ശക്തിപ്പെടുത്തുന്നതിന് തീരുമാനിച്ചു.
ഇപ്പോൾ അനുവദിച്ചുകിട്ടിയ 2.5 മീറ്റർ വീതിയും ഉയരവുമുള്ള അടിപ്പാത ജനങ്ങൾക്ക് വേണ്ട എന്ന നിലപാടിലാണ് ആക്ഷൻ കമ്മിറ്റി. ബസ് കടന്നു പോകുന്ന അടിപ്പാത അനുവദിച്ചുകിട്ടുന്നതുവരെ സമരപ്പന്തൽ പുതുക്കി നിർമിച്ച് സ്ഥിരം സമരപ്പന്തലാക്കിമാറ്റി.ഇവിടെ സമരം തുടങ്ങിയിട്ട് 500 ദിവസത്തോളമായി. ഇന്നും തുടരുന്നു. നിരവധി ബസുകൾ കടക്കുന്നു പോകുന്ന പ്രധാന കവലയാണ് വേളാപുരം കവല.
കണ്ണൂർ ഭാഗത്ത്നിന്ന് അരോളി മാങ്കടവ് വഴി പറശ്ശിനിക്കടവിലേക്ക് എളുപ്പം എത്തിച്ചേരാവുന്ന മാർഗമായതിനാൽ എട്ട് ബസുകൾ നിലവിൽ വേളാപുരം കവല വഴി പറശ്ശിനിക്കടവിലേക്ക് സർവിസ് നടത്തി വരുന്നുണ്ട്. അരോളി ഹയർ സെക്കൻഡറി സ്കൂൾ, മറ്റു നിരവധി പ്രൈമറി സ്കൂളുകൾ, ക്ഷേത്രങ്ങൾ, വില്ലേജ് ഓഫിസ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് കണ്ണൂർ ഭാഗത്ത്നിന്ന് വരുന്ന വാഹനങ്ങൾക്ക് കടക്കാൻ പാകത്തിലുള്ള അടിപ്പാത വേളാപുരത്ത് കൂടിയേ തീരൂ എന്നാണ് എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നത്. കൂടാതെ, പാപ്പിനിശ്ശേരി പഞ്ചായത്തിലെ വലിയ ജനസാന്ദ്രത കൂടിയ മേഖല കൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

