ആറളം ഫാം ഇത്തവണയും പൂത്തുലയും; ഓണം വിപണി ലക്ഷ്യമിട്ട് ഏഴ് ഏക്കറിൽ പൂ കൃഷിക്ക് തുടക്കം
text_fieldsആറളം ഫാമിൽ ആരംഭിച്ച ചെണ്ടുമല്ലി കൃഷി
ആറളം: ഓണക്കാലത്ത് പൂ വസന്തം വിരിയിക്കാൻ ആറളം ഫാം ഒരുങ്ങുന്നു. ഓണത്തോടെ ഇക്കുറി ആറളം ഫാം പൂത്തുലയും. വൈവിധ്യവത്കരണത്തിലൂടെ ആറളം ഫാമിന്റെ വരുമാനവും ആദിവാസികൾക്ക് തൊഴിലും ലക്ഷ്യമാക്കി ആറളം ഫാമിൽ നടപ്പാക്കുന്ന പൂ കൃഷിക്ക് തുടക്കമായി. ഏഴ് ഏക്കറിലാണ് ഇത്തവണ ചെണ്ടുമല്ലി, ജമന്തി, വാടാർമല്ലി കൃഷി ആരംഭിച്ചത്. ഓണം വിപണി ലക്ഷ്യമാക്കിയുള്ള പ്രവർത്തനമാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
ഫാം എട്ടാം ബ്ലോക്കിൽ കാട്ടാനക്കൂട്ടം വ്യാപകമായി തെങ്ങും കശുമാവും നശിപ്പിച്ച പ്രദേശമാണ് ചെണ്ടുമല്ലി കൃഷിക്കായി ഉപയോഗപ്പെടുത്തുന്നത്. ചുവപ്പും മഞ്ഞയും നിറത്തിലുള്ള ചെണ്ടുമല്ലിയും മൂന്നു നിറത്തിലുള്ള ജമന്തിയുമാണ് ഇവിടെ കൃഷിയിറക്കിയിരിക്കുന്നത്. തുടർച്ചയായി പെയ്യുന്ന കനത്ത മഴയും സൂര്യ പ്രകശവും ലഭിക്കാതെ മൂടിക്കെട്ടി നിൽക്കുന്ന അന്തരീക്ഷവും കൃഷിക്ക് പ്രതിസന്ധിയാകുമോ എന്ന സംശയവും അധികൃതർക്കു ഇല്ലാതില്ല.
ചെണ്ടുമല്ലിക്ക് നല്ല സൂര്യപ്രകാശം ലഭിക്കണമെന്നിരിക്കെ മഴമേഘങ്ങൾ നിറഞ്ഞ അന്തരീക്ഷം തുടരുന്ന പക്ഷം രാത്രികാലങ്ങളിൽ ട്യൂബ് ലൈറ്റുകൾ ഇട്ട് വെളിച്ചം നൽകാനുള്ള ആലോചനയും നടക്കുന്നുണ്ട്. ഓണക്കാലമാകുമ്പോഴേക്കും വിളവെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. കഴിഞ്ഞവർഷം മൂന്നേക്കറോളം സ്ഥലത്ത് പരീക്ഷണാടിസ്ഥാനത്തിൽ കൃഷി നടത്തിയിരുന്നു ഇത് വൻ വിജയമാവുകയും പൂവിന് ആവശ്യക്കാർ ഏറുകയും ചെയ്തതോടെയാണ് ഇക്കുറി കൂടുതൽ പ്രദേശത്തേക്ക് കൃഷി വ്യാപിക്കുന്നത്.
കൂടാതെ പൂത്തുലഞ്ഞു നിൽക്കുന്ന ചെണ്ടുമല്ലിപ്പാടം കാണാൻ നിരവധി സന്ദർശകരും കഴിഞ്ഞ തവണ ഇവിടെ എത്തിയിരുന്നു. ഇത്തവണ ഏഴ് ഏക്കറിലേക്ക് ഇത് വ്യാപിപ്പിച്ചതോടെ വിപണിക്കൊപ്പം കൂടുതൽ സന്ദർശകരും ഇവിടെ എത്തിച്ചേരുമെന്നാണ് ഫാം അധികൃതരും കരുതുന്നത്.
ചെണ്ടുമല്ലിക്കൊപ്പം, രണ്ടര ഏക്കർ വീതം മഞ്ഞളും, ഇഞ്ചിയും, ആവർത്തന കൃഷിയായി തെങ്ങും കശുമാവും ഇതോടൊപ്പം ഇവിടെ പരിപാലിക്കുന്നുണ്ട്. കാട്ടാന ശല്യം രൂക്ഷമായതിനാൽ കൃഷിയിടത്തിന് ചുറ്റും തൂക്ക് വൈദ്യുതി വേലിയും സ്ഥാപിച്ചു സംരക്ഷണമൊരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

