കണ്ണൂരിൽ ആദ്യ പൊലീസ് കമീഷണർ
text_fieldsകണ്ണൂർ: കണ്ണൂർ സിറ്റി പൊലീസ് സേനയുടെ പ്രഥമ കമീഷണറാവാൻ ആർ. ഇളങ്കോ. ക്രമസമാധാനപാലനം കൂടുതൽ കാര്യക്ഷമമാക്കുന്നതിെൻറ ഭാഗമായാണ് കണ്ണൂർ പൊലീസിനെ സിറ്റി, റൂറൽ എന്നിങ്ങനെ രണ്ടായി വിഭജിച്ചത്. കണ്ണൂർ, തലശ്ശേരി സബ് ഡിവിഷനും മട്ടന്നൂർ വിമാനത്താവളവും ഉൾപ്പെടുന്നതാണ് കണ്ണൂർ സിറ്റി. തളിപ്പറമ്പ്, ഇരിട്ടി സബ് ഡിവിഷനുകളാണ് മാങ്ങാട്ടുപറമ്പ് ആസ്ഥാനമായുള്ള റൂറലിന് കീഴിലുള്ളത്.
ഇന്ത്യ റിസർവ് ബറ്റാലിയൻ കമാൻഡൻറായിരുന്ന നവ്നീത് ശർമയാണ് കണ്ണൂർ റൂറൽ എസ്.പിയായി നിയമിതനായത്. കണ്ണൂർ പൊലീസ് സേനയെ സിറ്റിയായും റൂറലായും വേർതിരിക്കണമെന്ന നീണ്ട നാളത്തെ ആവശ്യത്തിന് ശേഷമാണ് തീരുമാനമുണ്ടായത്. കൊല്ലം റൂറൽ എസ്.പിയായി സേവനമനുഷ്ഠിക്കവേയാണ് ആർ. ഇളങ്കോ കണ്ണൂരിലെത്തുന്നത്. നിലവിലെ എസ്.പി ഓഫിസിലാണ് കമീഷണറുടെ ഓഫിസ് പ്രവർത്തിക്കുക.
കോവിഡ് സാഹചര്യത്തിലടക്കം ജില്ലയുടെ ക്രമസമാധാന ചുമതല വഹിച്ച എസ്.പി. യതീഷ് ചന്ദ്രയെ കെ.എ.പി നാല് ബറ്റാലിയൻ കമാൻഡൻറായാണ് നിയമിച്ചത്. കണ്ണൂർ കോർപറേഷനായപ്പോൾതന്നെ പൊലീസിൽ അനിവാര്യമായി നടപ്പാക്കേണ്ടിയിരുന്ന സിറ്റി പൊലീസ് കമീഷണർ നിയമനവും റൂറൽ ഓഫിസ് മാറ്റവും ഏറെക്കാലം ചുവപ്പുനാടയിൽ കുടുങ്ങിക്കിടന്നിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിെൻറ തിരക്കിലായതിനാലാണ് വിഭജനം വീണ്ടും വൈകിയത്. റൂറൽ ആസ്ഥാനം മലയോരത്തേക്ക് മാറ്റാൻ ആദ്യം ആലോചനയുണ്ടായിരുന്നെങ്കിലും പിന്നീട് മാങ്ങാട്ടുപറമ്പിലേക്ക് മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

