വളപട്ടണം വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡിൽ തീപിടിത്തം
text_fieldsവെസ്റ്റേൺ ഇന്ത്യ പ്ലൈവുഡിൽ കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ തീപിടിത്തം
വളപട്ടണം: വളപട്ടണം ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡിൽ തീപിടിത്തം. ഞായറാഴ്ച പുലർച്ച രണ്ടോടെയാണ് തീപിടിത്തമുണ്ടായത്. കോംപ്രഗ് സെക് ഷന്റെ ഭാഗത്താണ് തീ ആദ്യം പടർന്നത്. ബസ്സുകളുടെയും ലോറികളുടെയും മറ്റും പ്ലാറ്റ്ഫോമിനായി ഉപയോഗിക്കുന്ന ശക്തിയേറിയ കോംപ്രഗ് പ്ലൈവുഡ് സൂക്ഷിച്ച സ്ഥലത്തും സൂപ്പർവൈസർമാർ ഇരിന്നിരുന്ന മുറിയിലുമാണ് തീപിടിച്ചത്. ഈ മുറിയിലുണ്ടായിരുന്ന ഏതാനും യന്ത്രസാമഗ്രികളും കമ്പ്യൂട്ടറും കത്തി നശിച്ചു. ലക്ഷക്കണക്കിന് രൂപ വിലവരുന്ന യന്ത്രങ്ങളുള്ള ഭാഗമാണിത്.
അറക്കപ്പൊടി കടന്നു പോകുന്ന കൂട്ടിലാണ് തീ ആളിപ്പടരുന്നത് കണ്ടത്. ഈ സെക് ഷനിൽ രാത്രി ജോലിക്കാർ ഇല്ലാത്തതിനാൽ തീപിടിച്ച് ഏതാനും സമയം കഴിഞ്ഞപ്പോൾ അടുത്ത സെക് ഷനിൽ ജോലി ചെയ്തുവരുന്ന തൊഴിലാളികളാണ് തീകണ്ടത്.
ഇതോടെ മറ്റ് തൊഴിലാളികളും ഓടി കൂടി. ഫാക്ടറിയുടെ സുരക്ഷക്കായി കമ്പനിയുടെ ഉടമസ്ഥതയിലുള്ള രണ്ട് ഫയർ എൻജിൻ ഉപയോഗിച്ച് രാത്രി ഷിഫ്റ്റിലെ തൊഴിലാളികളും ചേർന്ന് തീ അണക്കാൻ ശ്രമിക്കുകയായിരുന്നു. കൂടുതൽ ഭാഗത്ത് തീ പടരുന്നത് ഒഴിവാക്കാൻ പുലർച്ച 2.45ഓടെ കണ്ണൂരിൽ നിന്നും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തീപടരുന്നത് നിയന്ത്രിച്ചു.
വിദേശത്തേക്ക് കയറ്റുമതി ചെയ്യേണ്ട ലക്ഷങ്ങൾ വിലമതിക്കുന്ന നിരവധി പ്ലൈവുഡ് ഉൽപന്നങ്ങളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ആപ്രദേശത്ത് തീപടരുന്നതിനു മുമ്പേ തീയണക്കാൻ കഴിഞ്ഞത് നേട്ടമായി. രാത്രി സെക്യൂരിറ്റിക്കാരുടെ പട്രോളിങ്ങിനിടെയാണ് തീപിടിച്ച വിവരം ശ്രദ്ധയിൽപെട്ടതെന്നും അതിനാൽ കനത്ത നാശനഷ്ടം ഒഴിവാക്കാനായെന്നും കമ്പനി മേധാവികൾ പറഞ്ഞു. തീപിടിത്തവുമായുള്ള നാശനഷ്ടം പരിശോധിച്ചു വരുകയാണെന്നും തിട്ടപ്പെടുത്തി കഴിഞ്ഞിട്ടില്ലെന്നും കമ്പനി അധികൃതർ പറഞ്ഞു.
വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന്റെ കാരണമെന്നാണ് നിഗമനം. ഏഷ്യയിലെതന്നെ വൻകിട കമ്പനിയാണ് വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ്. കണ്ണൂരിൽ നിന്നും അഗ്നിരക്ഷാ സേനാവിഭാഗത്തിലെ അസി. സ്റ്റേഷൻ ഓഫിസർമാരായ സി. രാജേന്ദ്രൻ നായർ, എം. രാജീവൻ എന്നിവരുടെ നേതൃത്വത്തിലുള്ള അനിരക്ഷാ സേനയാണ് പൂർണമായും തീയണച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

