മാടായിപ്പാറയിലും എരിപുരത്തും തീപിടിത്തം
text_fieldsമാടായിപ്പാറയിൽ ജൂതക്കുളത്തിനടുത്ത് തിങ്കളാഴ്ച സമൂഹദ്രോഹികൾ തീയിട്ടതിനെ തുടർന്നുണ്ടായ അഗ്നിബാധ
പഴയങ്ങാടി: മാടായിപ്പാറയിലും എരിപുരത്തും സാമൂഹികദ്രോഹികൾ തീയിട്ടു. തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് എരിപുരത്തെ കുറ്റിക്കാട്ടിൽ തീ പടർന്നു പിടിച്ചത്. പയ്യന്നൂരിൽനിന്നെത്തിയ ഫയർ സർവിസാണ് തീയണച്ചത്.
തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് മാടായിപ്പാറയിലെ ജൂതക്കുളം പരിസരത്ത് തീ പടർന്നത്. ഒന്നര ഏക്കേറാളം ഡൈമേറിയ പുൽമേടുകൾ കത്തി നശിച്ചു. പയ്യന്നൂരിൽനിന്ന് അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്.
അഗ്നിക്കിരയായ ഡൈമേറിയ പുൽമേടുകൾ നിരവധി ജീവികളുടെ ആവാസ കേന്ദ്രമാണ്. ഡൈമേറിയ പുൽമേടുകളിലാണ് വാനമ്പാടി പക്ഷി മുട്ടയിടുന്നത്. മാടായിപ്പാറയിൽ അടിക്കടി ഉണ്ടാവുന്ന തീപിടിത്തിൽ അപൂർവ സസ്യങ്ങളും ഉരഗങ്ങളും ശലഭങ്ങളും നാശമടയുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ആഴ്ചയിൽ രണ്ടും മൂന്നും തവണയാണിവിടെ സമൂഹദ്രോഹികൾ തീയിടുന്നത് . എന്നാൽ, ഇവരെ കണ്ടെത്താനോ പിടികൂടി നടപടിയെടുക്കാനോ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.