തീപിടിത്ത സുരക്ഷ; കണ്ണൂരിലെ കടകളിൽ പരിശോധന
text_fieldsകണ്ണൂർ: തീപിടുത്തമുണ്ടായാൽ പ്രാഥമിക രക്ഷക്കുള്ള സംവിധാനങ്ങൾ ഒരുക്കാത്ത കച്ചവട സ്ഥാപനങ്ങൾ, ലോഡ്ജുകൾ ഉൾപ്പെടെ അഗ്നി രക്ഷാസേന നോട്ടീസ് നൽകിത്തുടങ്ങി. സാധാരണ കടകൾ മുതൽ ലക്ഷങ്ങൾ വരുമാനമുണ്ടാക്കുന്ന ലോഡ്ജുകൾ വരെ നഗരത്തിലും പരിസരങ്ങളിലുമുണ്ട്. എന്നാൽ, 90 ശതമാനം സ്ഥാപനങ്ങളിലും അഗ്നിരക്ഷാ സംവിധാനങ്ങളൊരുക്കിയിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. പ്രാഥമിക അഗ്നിരക്ഷാ സംവിധാനങ്ങൾ പോലും പല കടകളിലും ഒരുക്കിയിട്ടില്ല.
നിലവിൽ റെയിൽവേ സ്റ്റേഷൻ പരിസരത്തെയും മാർക്കറ്റിലെയും 100 ഓളം കടകളിലാണ് കണ്ണൂർ അഗ്നിരക്ഷാനിലയം ഓഫീസർ വി.വി. പവിത്രന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. തുടർന്നാണ് നോട്ടീസ് നൽകിയത്. പ്രാഥമിക സുരക്ഷാ സംവിധാനമെങ്കിലും എത്രയും വേഗം ഒരുക്കാനാണ് നോട്ടീസിൽ പറഞ്ഞിട്ടുള്ളത്.
കടമുറിയിൽ സാധനങ്ങൾ കൂട്ടിയിടുന്നത് ഒഴിവാക്കാനും വൈദ്യുതി സ്വിച്ച് ബോർഡുകളും മറ്റും കാണുന്ന വിധത്തിൽ വെക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. തളിപ്പറമ്പിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിലാണ് ജില്ലയിലാകെ അഗ്നിരക്ഷാസേനയുടെ പരിശോധനയും നോട്ടീസ് നൽകലും തുടങ്ങിയിട്ടുള്ളത്.
വരും ദിവസങ്ങളിലും നടപടി തുടരും. അഗ്നിരക്ഷാ നിലയത്തിന്റെ അനുമതിയില്ലാതെ നിർമിച്ച കെട്ടിടങ്ങളിലാണ് യാതൊരു സുരക്ഷാ സംവിധാനങ്ങളില്ലാത്തത്. പലയിടത്തും പുതിയ കെട്ടിടങ്ങൾക്കു പോലും നിയമപ്രകാരം ആവശ്യമായ അഗ്നിരക്ഷാ സംവിധാനങ്ങളൊരുക്കിയിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

