ഫയലുകൾക്ക് വേഗം പോരാ, തീരുമാനം വേഗത്തിലാക്കണം -മുഖ്യമന്ത്രി
text_fieldsകൃഷ്ണമേനോൻ സ്മാരക ഗവ. വനിത കോളജ് ഓഡിറ്റോറിയത്തിൽ നടന്ന മേഖല അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, എം.ബി. രാജേഷ്,
ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് എന്നിവർ സമീപം
കണ്ണൂർ: ഫയലുകളിൽ തീരുമാനങ്ങൾ എടുക്കുന്നതിന് കൂടുതൽ വേഗം വേണമെന്നും കാലതാമസം ജനങ്ങളിൽ അസംതൃപ്തി സൃഷ്ടിക്കുമെന്നും ഏത് കാര്യത്തിലും സമയബന്ധിതമായി തീരുമാനമെടുക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത് കണ്ണൂർ കൃഷ്ണ മേനോൻ സ്മാരക ഗവ. വനിത കോളജ് ഓഡിറ്റോറിയത്തിൽ ചേർന്ന കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളുടെ മേഖലാതല അവലോകന യോഗത്തിന് സമാപനം കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സാധാരണ രീതിയിൽ സംസ്ഥാനത്തുണ്ടാവുന്ന ഫയലുകൾ വളരെ കൂടുതലാണെങ്കിലും തീരുമാനങ്ങൾ എടുക്കുന്നതിൽ പൊതുവേ വേഗംകൂടിയിട്ടുണ്ട്. നമ്മുടെ തലത്തിൽ എടുക്കാൻ കഴിയുന്ന തീരുമാനം മറ്റേതെങ്കിലും തലത്തിലേക്ക് തട്ടിവിടൽ സാധാരണ രീതിയല്ല. തീരുമാനം അതത് തലത്തിൽ എടുത്ത് പോവണം. അത്തരം തീരുമാനം എടുക്കുന്നതിന് കൃത്യമായ പരിരക്ഷയും സർക്കാറിൽനിന്നുണ്ടാവും. ആരും അതിൽ ശങ്കിച്ചുനിൽക്കാൻ പാടില്ല. വേഗത്തിൽ കാര്യങ്ങൾ നിർവഹിക്കുക. തെറ്റായ രീതിയിൽ ചിത്രീകരിക്കപ്പെടാം. ആ ചിത്രീകരണം വന്നോട്ടെ. പക്ഷേ, നല്ല ദിശാബോധത്തോടെയാണ് നാം നീങ്ങുന്നത്.
സംസ്ഥാനത്തെ ജനങ്ങൾ ഒട്ടേറെ ആവശ്യങ്ങളുമായി, പരാതികളുമായി വില്ലേജ് ഓഫിസ് മുതൽ സെക്രേട്ടറിയറ്റ് വരെ വിവിധ തലങ്ങളിലുള്ള ഭരണ കേന്ദ്രങ്ങളെ സമീപിക്കുന്നുണ്ട്. നാം ഭരിക്കുന്നവരും സമീപിക്കുന്നവർ ഭരിക്കപ്പെടുന്നവരും എന്ന ചിന്ത ഉണ്ടാവാൻ പാടില്ല. ഉദ്യോഗസ്ഥർ ആ വിഭാഗത്തിന്റെ ദാസന്മാരാണ്. കേരളത്തിൽ നെഗറ്റിവ് ആയ കാര്യങ്ങൾ ബോധപൂർവം ഉണ്ടാക്കാൻ ശ്രമം നടക്കുന്നുണ്ട്. ഇവിടെ റോഡ് പൊതുവേ മെച്ചപ്പെട്ടതാണ്. വരില്ലെന്ന് കണക്കാക്കിയ ദേശീയപാത യാഥാർഥ്യമാവുന്നു.
വളരെ ദൈർഘ്യമേറിയ റോഡിൽ ചിലയിടത്ത് ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. അതിന്റെ ഭാഗമായി റോഡ് പരിശോധിക്കാൻ ചില മാധ്യമങ്ങൾ പുറപ്പെടുകയാണ്. നെഗറ്റിവായ കാര്യങ്ങൾ വലിയ തോതിൽ ഉയർത്തിക്കാട്ടാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ. കൃഷ്ണൻ കുട്ടി, എം.ബി. രാജേഷ്, പി.എ. മുഹമ്മദ് റിയാസ്, ഒ.ആർ. കേളു, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, അഡീഷനൽ ചീഫ് സെക്രട്ടറിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ, വിവിധ വകുപ്പു സെക്രട്ടറിമാർ, കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിലെ കലക്ടർമാർ, ജില്ലതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വികസന വേഗം കൂട്ടാൻ മേഖല തല അവലോകന യോഗം
വികസന പദ്ധതികൾക്ക് വേഗവും ദിശാബോധവും പകർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും നേതൃത്വത്തിലുള്ള കണ്ണൂർ മേഖല അവലോകന യോഗം. നാലു ജില്ലകളിലെ വിവിധ പദ്ധതികളുടെ പ്രശ്നങ്ങൾ കലക്ടർമാർ മുഖ്യമന്ത്രിയുടെ മുമ്പാടെ അവതരിപ്പിച്ചു. ഓരോ വിഷയത്തിലും മുഖ്യമന്ത്രി ഇടപെട്ട് പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കുകയും പുതിയ നിർദേശങ്ങൾ മുന്നോട്ടുവെക്കുകയും ചെയ്തു. തുടർന്ന് സർക്കാറിന്റെ മുൻഗണന പദ്ധതികളുടെ അവലോകനവും മുഖ്യമന്ത്രി നടത്തി.
ഉപേക്ഷിച്ച ബോട്ടുകളും വലകളും നീക്കും
ഉപയോഗ യോഗ്യമല്ലാത്ത ഫൈബർ ബോട്ടുകൾ, വലകൾ തുടങ്ങിയവ സംസ്കരിക്കുന്നതിനായി നിലവിൽ സംവിധാനം ഇല്ലാത്തത് പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി കലക്ടർ അരുൺ കെ. വിജയൻ അറിയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പും ഫിഷറീസ് വകുപ്പും ക്ലീൻ കേരള കമ്പനിയും മുൻകൈയെടുത്ത് ഇവ സംസ്കരിക്കുന്നതിന് കൃത്യമായ മാർഗരേഖ തയാറാക്കും.
പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് കരട് മാർഗരേഖ (കാലികമായി പ്രായോഗിക സാധ്യതയുള്ള) തയാറാക്കുന്നതിനു ശുചിത്വ മിഷനോട് ആവശ്യപ്പെട്ടിട്ടുള്ളതായി തദ്ദേശ സ്വയംഭരണ വകുപ്പു ഡെപ്യൂട്ടി സെക്രട്ടറി അറിയിച്ചു. മറ്റ് ജില്ലകളെയും ബാധിക്കുന്ന പ്രശ്നമായതിനാൽ ബോട്ടുകൾ, വലകൾ തുടങ്ങിയവ സംസ്കരിക്കുന്നതിനായി ഏതെങ്കിലും ഒരിടത്ത് സ്ഥലം കണ്ടെത്താൻ ചീഫ് സെക്രട്ടറി നിർദേശിച്ചു.
പെട്ടിപ്പാലം, പുന്നോൽ, മാക്കൂട്ടം പ്രദേശങ്ങളിൽ കടൽക്ഷോഭം മൂലം വീടുകളിൽ വെള്ളം കയറുന്നത് തടയാൻ ഈ പ്രദേശങ്ങളിലെ പ്രവൃത്തികൾ തലശ്ശേരിയിലെ ഹോട്ട് സ്പോട്ട് ഏരിയയിൽ ഉൾപ്പെടുത്തി എ.ഡി.ബി സ്കീമിൽ ഫണ്ട് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കാമെന്ന് ജലവിഭവ വകുപ്പ് സെക്രട്ടറി അറിയിച്ചു.
മെഡിക്കൽ കോളജിൽ ട്രോമ കെയർ ഉടൻ
കണ്ണൂർ മെഡിക്കൽ കോളജിൽ ട്രോമ കെയർ ഉൾപ്പെടെയുള്ള നിർമാണത്തിനുള്ള പദ്ധതി ഫയൽ ധനകാര്യ വകുപ്പിന്റെ പരിഗണയിലാണെന്നും അനുമതി ലഭിച്ചാലുടൻ പ്രവൃത്തി ആരംഭിക്കാനാകുമെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി അറിയിച്ചു. കിഫ്ബി ധനസഹായത്തോടെ ചെയ്തിരുന്ന പ്രവൃത്തികളിൽ ട്രോമ കെയർ നിർമാണത്തിനുള്ള ആർക്കിടെക്ചറൽ ഡ്രോയിങ് പുതുക്കി സാമ്പത്തിക അനുമതിക്കായി കിഫ്ബിയിൽ നൽകുന്നതിനുള്ള നടപടി പൂർത്തിയായി വരികയാണ്.
ആശുപത്രിയുടെ വിവിധ അറ്റകുറ്റ പ്രവൃത്തികളുടെ 85 ശതമാനം പൂർത്തീകരിക്കുകയും ചെയ്തു. സീവേജ് ട്രീറ്റ്മെന്റ് നവീകരണപ്രവൃത്തി പുരോഗമിക്കുന്നു. ആശുപത്രിയിലേക്ക് ആവശ്യമായ ഉപകരണങ്ങൾ, കാത്ത് ലാബ്, ഡിജിറ്റൽ -റേഡിയോഗ്രാഫി, ഐ.എ.ബി.പി മെഷീൻ, വെന്റിലേറ്റർ മുതലായവ വിവിധ ഫണ്ട് ഉപയോഗിച്ച് വാങ്ങിയിട്ടുണ്ട്. ആശുപത്രിയിൽ വരുന്ന രോഗികളുടെ കൂട്ടിരിപ്പുകാർക്ക് താമസിക്കുന്നതിനായി ഹൗസിങ് ബോർഡ് ആശ്വാസ ഭവന നിർമാണ പ്രവൃത്തി ആരംഭിച്ചതായും സെക്രട്ടറി അറിയിച്ചു.
അതിദാരിദ്ര്യ നിർമാർജനത്തിൽ ഒന്നാമത്
അതിദാരിദ്ര്യ നിർമാർജനത്തിനായുള്ള ജില്ലയുടെ മികവാർന്ന പ്രവർത്തനങ്ങളെ മേഖലതല അവലോകന യോഗത്തിൽ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകും പ്രശംസിച്ചു. അതിദരിദ്ര വിഭാഗത്തിൽ ജില്ലയിൽ ആകെ കണ്ടെത്തിയത് 3973 കുടുംബങ്ങളെയാണ്. അടിസ്ഥാന ജീവിത ആവശ്യങ്ങൾ ലഭിക്കാത്തവരെ കണ്ടെത്തി അവർക്ക് ഭക്ഷണ ലഭ്യത, ആരോഗ്യം, വരുമാനം, വാസസ്ഥലം എന്നിവ ഉറപ്പാക്കിയാണ് അതിദാരിദ്ര്യ ലഘൂകരണം സാധ്യമാക്കിയത്. ജില്ലയിൽ പാർപ്പിടം മാത്രം ആവശ്യമുള്ള 392 കുടുംബങ്ങളെയാണ് കണ്ടെത്തിയത്. മുഴുവൻ കുടുംബങ്ങൾക്കും പാർപ്പിടം ലഭ്യമാക്കിക്കഴിഞ്ഞു. വസ്തുവും വീടും ആവശ്യമുള്ള 121 കുടുംബങ്ങളെ കണ്ടെത്തി. ഇവർക്ക് വസ്തു ലഭ്യമാക്കുകയും പാർപ്പിടം ഒരുക്കി നൽകുകയും ചെയ്തു.
133 റോഡുകളുടെ പ്രവൃത്തി തുടങ്ങി
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ സംസ്ഥാനത്ത് വിവിധ തദ്ദേശസ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള റോഡുകളുടെ പുനരുദ്ധാരണം പുരോഗമിക്കുന്നു. കണ്ണൂർ ജില്ലയിലെ 447 റോഡുകളിൽ 332 റോഡുകൾക്ക് സാങ്കേതികാനുമതിയായി. 203 റോഡുകളുടെ പ്രവൃത്തിക്ക് കരാർ നൽകുകയും 133 റോഡുകളുടെ പ്രവൃത്തി ആരംഭിക്കുകയും ചെയ്തു.
30 ശതമാനം പ്രവൃത്തിയാണ് ആരംഭിച്ചത്. സംസ്ഥാനത്താകെ 1588 റോഡുകളുടെ പ്രവൃത്തി ആരംഭിച്ചു. 2024-25ലെ സംസ്ഥാന ബജറ്റ് പ്രസംഗത്തിൽ 1000 കോടി രൂപയാണ് പ്രഖ്യാപിച്ചിരുന്നത്. എം.എൽ.എമാർ സമർപ്പിച്ച മുൻഗണനാടിസ്ഥാനത്തിലുള്ള പട്ടിക പ്രകാരം ആകെ 3,808 റോഡുകൾക്ക് തദ്ദേശസ്വയംഭരണ വകുപ്പിൽ നിന്നും ഭരണാനുമതിയും ലഭ്യമായിട്ടുണ്ട്.
സ്കൂളുകളിൽ മഞ്ചാടി വ്യാപിപ്പിക്കും
വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 168 സ്കൂളുകളിലും മഞ്ചാടി പദ്ധതി ഈ വർഷം വ്യാപിപ്പിക്കുമെന്ന് വകുപ്പ് സെക്രട്ടറി അറിയിച്ചു. ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം പദ്ധതി വഴി നടപ്പാക്കുന്ന ജൈവമാലിന്യ സംസ്കരണ സംവിധാനം ജില്ലയിലെ 100 ശതമാനം സ്കൂളുകളും കൈവരിച്ചു.
ജീവൻ വെച്ച് ലൈഫ്
ലൈഫ് മിഷന്റെ പദ്ധതിയിൽ പട്ടികയിലെ അർഹരായ 8,94,684 ഗുണഭോക്താക്കളിൽ 5,82,172 (65 ശതമാനം) പേർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കരാറിൽ ഏർപ്പെട്ടു. 2017 മുതൽ 2025 ജൂൺ 25വരെ കരാറിൽ ഏർപ്പെട്ടതിൽ 4,57,055 (79 ശതമാനം) വീടുകളുടെ നിർമാണം പൂർത്തിയായി. 1,25,117 വീടുകൾ നിർമാണത്തിലാണ്. 2025 ജൂൺ 25 വരെ നിലവിൽ ജില്ലയിൽ 35,031 പേർ അർഹരായിട്ടുണ്ട്. 25,368 പേർ ആകെ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. 24,233 വീടുകളുടെ നിർമാണം തുടങ്ങി. 21,351 (84.17 ശതമാനം) വീടുകൾ പൂർത്തിയായി. സെപ്റ്റംബറിൽ 86.39 ശതമാനം കൈവരിക്കാൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

