പനിച്ച് മലയോരം; മലയോരത്ത് പനിബാധിതരുടെ എണ്ണം കൂടുന്നു
text_fieldsകൊട്ടിയൂർ: മലയോരത്ത് ഡെങ്കിപ്പനിയും വൈറൽ പനിയും ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വൻ വർധന. കേളകം, കൊട്ടിയൂര്‍ പഞ്ചായത്തുകളിൽ ഡെങ്കിപ്പനി ബാധിച്ച് നിരവധി രോഗികൾ വിദഗ്ധ ചികിത്സ തേടി. പേരാവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിയ നിരവധി രോഗികൾക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതോടെ മാനന്തവാടി ജില്ല ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്.
നിലവിൽ ജില്ലയിൽ 586 പേർ ഡെങ്കിപ്പനി ബാധിതരുള്ളതായാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. എന്നാൽ യഥാർഥ കണക്ക് ഇതിന്റെ എത്രയോ അധികമാണെന്ന് രോഗബാധിത മേഖലയിലെ നാട്ടുകാർ പറയുന്നു. പനി ബാധിച്ച് നിരവധി പേരാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സ്വകാര്യ ആശുപത്രികളിലും എത്തുന്നത്. രക്തപരിശോധന നടത്തുന്നതോടെ ഇവരിൽ പലർക്കും ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നു. രോഗം മൂർച്ഛിച്ച് കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ച രോഗികളും നിരവധിയുണ്ട്.
രോഗബാധിത മേഖലകളിൽ അടിയന്തര മെഡിക്കൽ ക്യാമ്പുകൾ നടത്തണമെന്നും ഫോഗിങ് നടത്തണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു. നിലവിൽ കൊട്ടിയൂര്‍-40, അയ്യങ്കുന്ന്-36, ചെമ്പിലോട്-33, പേരാവൂര്‍-30, മുഴക്കുന്ന്-30, കേളകം-29, ചെറുപുഴ-17, കുന്നോത്ത് പറമ്പ്-17, ഇരിട്ടി-17, കോളയാട്-15 എന്നിങ്ങനെയാണ് ഡെങ്കിപ്പനി കണക്കുകള്‍. തോട്ടം മേഖലയിലാണ് ഡെങ്കിപ്പനി കൂടുതലും റിപ്പോര്‍ട്ട് ചെയ്തത്. മുൻ വർഷങ്ങളെക്കാളേറെ ഡെങ്കിപ്പനി കേസുകൾ മലയോര പ്രദേശങ്ങളിൽ വർധിച്ചു വരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഡെങ്കിപ്പനി പടരുന്നത് തോട്ടം മേഖലയിൽ
ഡെങ്കിപ്പനി ബാധിത പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനകളിൽ, ടാപ്പിങ് നിർത്തിയ നിരവധി റബർ തോട്ടങ്ങളിൽ ചിരട്ടകൾ എടുത്തുമാറ്റാതെ അവയിൽ വെള്ളം കെട്ടിനിന്ന് അനേകം കൂത്താടികൾ പെരുകിയിരിക്കുന്നത് കാണപ്പെട്ടതായും ഒരു തോട്ടം ഉടമയുടെ അശ്രദ്ധ കാരണം പതിനായിരക്കണക്കിന് ഈഡിസ് കൊതുകുകൾ ഒരുമിച്ചുപെരുകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അധികൃതർ പറയുന്നു.
ചിരട്ടകൾ പൂർണമായി എടുത്ത് ചാക്കിൽ കെട്ടി നനയാത്ത ഒരിടത്തേക്ക് ഭദ്രമായി മാറ്റണമെന്നും ഇത്തരത്തിൽ തോട്ടങ്ങളിലൂടെ ഡെങ്കിപ്പനി പടരുന്ന സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനാരോഗ്യ നിയമ പ്രകാരം നടപടിയുണ്ടാവുമെന്നും അധികൃതർ അറിയിച്ചു. കൂടാതെ വീടിനകത്തുള്ള മണി പ്ലാന്റുകൾ, ചെടിച്ചട്ടികളുടെ ട്രേ, ഫ്രിഡ്ജിന്റെ അടിയിലെ ട്രേ തുടങ്ങിയവ നാലഞ്ചു ദിവസത്തിൽ ഒരിക്കലെങ്കിലും വെള്ളം മാറ്റുകയും വീടിനു പുറത്ത് കെട്ടിനിൽക്കുന്ന വെള്ളം ഒഴിവാക്കുകയും വേണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

