കര്‍ഷക കൂട്ടക്കൊലയിൽ: പ്രതികരിക്കാത്ത ഏക മുഖ്യമന്ത്രി പിണറായി –ചെന്നിത്തല
text_fieldsകണ്ണൂർ: ഉത്തര്‍പ്രദേശില്‍ കേന്ദ്രമന്ത്രിയുടെ മകനും ബി.ജെ.പി പ്രവര്‍ത്തകരും കര്‍ഷകരെ കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ പ്രതികരിക്കാത്ത ഏക മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡി.സി.സി ഹെഡ് പോസ്റ്റ് ഒാഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രിയങ്ക ഗാന്ധിയെയും രാഹുലിനെയും യു.പി പൊലീസ് തടഞ്ഞ സംഭവത്തിലും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനെ അറസ്റ്റ് ചെയ്യാത്ത നടപടിയിലും കേന്ദ്രമന്ത്രിയെ പുറത്താക്കാത്തതിലും പ്രതിഷേധിച്ച് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന് എം.പിയുടെ നേതൃത്വത്തില്‍ രാജ്ഭവന് മുന്നില്‍ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ധർണ സംഘടിപ്പിച്ചത്. കര്‍ഷകര്‍ക്കായി നിലകൊള്ളുന്ന പാര്‍ട്ടിയാണ് സി.പി.എമ്മെന്ന് പറയുന്നവരാണ് കര്‍ഷകരെ കൂട്ടക്കൊല ചെയ്തിട്ടും ഒന്നും പറയാത്തത്. മോദിക്കും യോഗിക്കും കുഴലൂത്ത് നടത്തുകയാണ് പിണറായി വിജയന്. മോദിയുടെ മറ്റൊരു പതിപ്പായി പിണറായി മാറിയെന്നും ചെന്നിത്തല പറഞ്ഞു.
ധര്‍ണയില്‍ ഡി.സി.സി പ്രസിഡൻറ് അഡ്വ. മാര്ട്ടിന് ജോര്‍ജ് അധ്യക്ഷത വഹിച്ചു. മുന്‍ ഡി.സി.സി പ്രസിഡൻറ് സതീശന് പാച്ചേനി, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ സോണി സെബാസ്റ്റ്യന്‍, സജീവ് മാറോളി, വി.എ. നാരായണന് എന്നിവർ സംസാരിച്ചു.