കടൽ കടന്നെത്തിയ ശല്യക്കാർ; ആഫ്രിക്കൻ ഒച്ചുകളാൽ പൊറുതിമുട്ടി പ്രദേശവാസികൾ
text_fieldsഇരിട്ടി: ആഫ്രിക്കൻ ഒച്ചിന്റെ ശല്യത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് ഇരിട്ടി നഗരത്തോട് ചേർന്ന് ജീവിക്കുന്ന പത്തോളം കുടുംബങ്ങൾ. പഴഞ്ചേരി മുക്കിൽ പഴശ്ശി ജലസംഭരണിയുടെ ഭാഗമായ പ്രദേശത്തുനിന്നാണ് ഒച്ച് വീടുകളിലും പറമ്പുകളും എത്തുന്നത്. മൂന്ന് വർഷം മുമ്പാണ് മേഖലയിൽ ആഫ്രിക്കൻ ഒച്ചിനെ കണ്ടുതുടങ്ങിയത്.
ഇതിനെ ഉന്മൂലനം ചെയ്യാനുള്ള നടപടികൾ ആരോഗ്യ വകുപ്പിന്റെയും മറ്റ് ബന്ധപ്പെട്ടവരുടെയും ഭാഗത്തുനിന്നും ഉണ്ടായില്ല. ഇതോടെ രണ്ടു വർഷമായി ഇവയുടെ ശല്യം രൂക്ഷമായി. ഒച്ച് ശല്യം കഴിഞ്ഞ വർഷത്തേക്കൾ കൂടുതലാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. ചെളിയും വെള്ളവും മാലിന്യവും അടിഞ്ഞ പദ്ധതി പ്രദേശത്തു നിന്നും വീടുകളിലും പറമ്പുകളിലും എത്തിയ ഇവ വ്യാപകമായി കൃഷിനാശവും മറ്റും വരുത്തുകയാണ്.
കണ്ണിയത്ത് സുശീലൻ, പുതിയ പറമ്പിൽ മായൻ, കലീഫ, റോഷൻ, സി. സുനിൽകുമാർ, രാജീവൻ, മനോജ് എന്നിവരുടെ വീടുകളിലാണ് ശല്യം രൂക്ഷമായത്. പദ്ധതി പ്രദേശത്തോട് ചേർന്നുള്ള ടൗണിലെ വ്യാപാരസ്ഥാപനങ്ങളിലും ഒച്ച് ശല്യക്കാരായി മാറിയിട്ടുണ്ട്. ഉപ്പും കുമ്മായവും ഉപയോഗിച്ചാണ് പ്രദേശവാസികൾ ഇതിനെ പ്രതിരോധിക്കുന്നത്. ആഫ്രിക്കൻ ഒച്ചിനെ നശിപ്പിക്കാനായി മാത്രം പുതിയ പറമ്പിൽ മായൻ ഒരു ചാക്ക് ഉപ്പാണ് വീട്ടിൽ കരുതിയത്.
സമീപത്തെ സുനിൽകുമാറിന്റെ വീട്ടിൽ ഒരു ചാക്ക് കുമ്മായവും കരുതിവച്ചിട്ടുണ്ട്. സന്ധ്യയോടെയാണ് ഇവ വ്യാപകമായി വീടുകളിലേക്ക് എത്തുന്നത്. വീടിന്റെ അകത്ത് ഉൾപ്പെടെ കയറുന്ന സ്ഥിതിയാണ്. സഞ്ചിയിലും ബക്കറ്റിലുമായി ഇവയെ ശേഖരിച്ച ശേഷം കുമ്മായവും ഉപ്പും ഇട്ട് നശിപ്പിക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. നിരവധി തവണ പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

