നല്ല പെരുമാറ്റം, പത്താം ക്ലാസ് യോഗ്യത; വ്യാജ ഡോക്ടർമാർ വിലസുന്നു
text_fieldsകണ്ണൂർ: എസ്.എസ്.എൽ.സി യോഗ്യതയിലാണ് പാപ്പിനിശ്ശേരി സ്വകാര്യ ആശുപത്രിയിൽ വ്യാജ ഡോക്ടർ മാസങ്ങളോളം രോഗികളെ പരിശോധിച്ചത്. വ്യാജനാണെന്ന് കണ്ടെത്തി ആശുപത്രി മാനേജ്മെന്റ് ‘ഡോക്ടറെ’ പിരിച്ചുവിട്ടെങ്കിലും ഇപ്പോഴും രോഗികൾ കക്ഷിയെ അന്വേഷിച്ച് വരാറുണ്ടെന്ന് സഹപ്രവർത്തകർ പറയുന്നു.
മംഗളൂരുവിലും കോഴിക്കോടും കാസർകോടുമെല്ലാം രോഗികളെ ചികിത്സിച്ചതിന്റെ അനുഭവ സമ്പത്തിലാണ് മലപ്പുറം അരീക്കോട് സ്വദേശിയായ ‘ഡോക്ടർ’ ഷംസീർ ബാബു കണ്ണൂരിലുമെത്തിയത്. ഡി.എം.ഒക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇയാൾ ആൾമാറാട്ടം നടത്തിയാണ് ചികിത്സ നൽകിയതെന്ന് തെളിഞ്ഞതോടെയാണ് വളപട്ടണം പൊലീസ് കേസെടുത്തത്.
ജില്ലയിൽ ഒരു ഡസനിലേറെ ഡോക്ടർമാർക്കെതിരെ പരാതി ലഭിച്ചതായും അന്വേഷണം നടക്കുന്നതായും ഡി.എം.ഒ ഡോ. എം. പിയൂഷ് നമ്പൂതിരി പറഞ്ഞു. ഇവരുടെ യോഗ്യതയിൽ സംശയമുള്ളതിനാൽ രേഖകളടക്കം പരിശോധിച്ചുവരുകയാണ്. ഒരിടത്തും സ്ഥിരമായി തുടരാത്ത വ്യാജന്മാർ രോഗികൾക്കും സഹപ്രവർത്തകർക്കും സംശയം വരുന്നതിനുമുമ്പ് അടുത്ത കേന്ദ്രത്തിലേക്ക് മാറും.
പലപ്പോഴും പരാതിയില്ല
പിടിക്കപ്പെടുന്നതോടെ മുങ്ങുന്നതാണ് വ്യാജ ഡോക്ടർമാരുടെ രീതി. സ്ഥാനത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുന്നതിനാൽ പലരും വ്യാജനെ പറ്റി പരാതിയും നൽകാറില്ല. തങ്ങളെ ചികിത്സിക്കുന്ന ഡോക്ടറെ പെട്ടെന്ന് കാണാതാവുമ്പോൾ രോഗികൾ അന്വേഷിച്ചെത്താറുണ്ടെങ്കിലും ആശുപത്രിക്കാർ മറ്റെന്തെങ്കിലും കാരണം പറഞ്ഞൊഴിയും.
കുറഞ്ഞ പൈസ നൽകിയാൽ മതിയെന്ന കാരണത്താലാണ് സർട്ടിഫിക്കറ്റുകൾപോലും പരിശോധിക്കാതെ പലയിടത്തും വ്യാജന്മാരെ നിയമിക്കുന്നത്. ചില ഡോക്ടർമാർക്ക് എം.ബി.ബി.എസ് യോഗ്യതയുണ്ടെങ്കിലും വിദേശത്തുനിന്നടക്കം നേടിയ ഉയർന്ന ബിരുദങ്ങൾ വ്യാജമാണെന്ന പരാതിയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

