എം.പിയുമായി മുഖാമുഖം: സിൽവർലൈൻ പദ്ധതിക്കെതിരെ പരാതി പ്രളയം
text_fieldsകണ്ണൂർ ചേംബർ ഹാളിൽ നടന്ന ‘മുഖാമുഖം’ പരിപാടിക്കിടെ കെ. സുധാകരൻ എം.പി യു.ഡി.എഫ് നേതാക്കളുമായി സംസാരിക്കുന്നു
കണ്ണൂര്‍: കെ. സുധാകരൻ എം.പി പൊതുജനങ്ങളുമായി നടത്തിയ 'മുഖാമുഖം' പരിപാടിയിൽ സിൽവർ ലൈൻ, ജലപാത പദ്ധതികൾക്കെതിരെ പരാതി പ്രളയം.
കണ്ണൂർ ചേംബർ ഹാളിൽ നടന്ന പരിപാടിയിൽ നിരവധിപേർ പരാതിയുമായി എം.പിക്ക് അരികിലെത്തി. അതിവേഗ സിൽവർലൈൻ പദ്ധതി സർവേ പ്രവർത്തനങ്ങൾക്കെതിരെ ജില്ലയിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിെൻറ പശ്ചാത്തലത്തിലാണ് എം.പിയുടെ നേതൃത്വത്തിൽ 'മുഖാമുഖം' സംഘടിപ്പിച്ചത്.
തെക്കിബസാര്‍ ഫ്ലൈ ഓവര്‍ നിര്‍മാണം, സിറ്റി റോഡ് നവീകരണം തുടങ്ങിയവക്കെതിരെയുള്ള പരാതിക്കാരും പരിപാടിയിൽ എത്തിയിരുന്നു. ജനഹിതമറിഞ്ഞു വേണം വികസന പദ്ധതികൾ നടപ്പാക്കേണ്ടതെന്ന് എം.പി പറഞ്ഞു. കേരളത്തെ വെട്ടിമുറിച്ചു നടപ്പാക്കുന്ന സിൽവർലൈൻ പദ്ധതി പ്രായോഗികമല്ലെന്നും വികസനത്തിെൻറ പേരില്‍ രണ്ടുതവണ കുടിയിറക്കപ്പെട്ടവര്‍ തെൻറ നാടായ നടാലിലുണ്ടെന്നും സുധാകരന് പറഞ്ഞു.
നാലു വിമാനത്താവളങ്ങള്‍ ഉള്ള കേരളത്തില്‍ ഇത്തരം പദ്ധതി വേണോയെന്ന കാര്യം ആലോചിക്കണം. ജനങ്ങളുടെ അഭിപ്രായം തേടി അത് കേന്ദ്രസര്‍ക്കാറിനെ അറിയിക്കും. തെക്കി ബസാര്‍ ഫ്ലൈ ഓവര്‍ പദ്ധതിയിലൂടെ നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയില്ലെന്നും സുധാകരന് പറഞ്ഞു.
ജില്ല കെ റെയിൽ വിരുദ്ധ സമിതി പ്രതിനിധികൾ നിരവധി പരാതികൾ സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് എം.പിക്ക് കൈമാറി. സ്വകാര്യ ഭൂമിയിൽ കെ റെയിൽ അധികൃതർ പൊലീസിെൻറ അകമ്പടിയോടെ അതിക്രമിച്ചു കടന്നാണ് സർവേ കല്ലിട്ടു വരുന്നതെന്ന് സമിതി രക്ഷാധികാരിയും മാടായിപ്പാറ സംരക്ഷണ സമിതി ചെയർമാനുമായ പി.പി. കൃഷ്ണൻ നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. കേരളത്തിെൻറ ഭൂപ്രകൃതിയും പ്രളയ തുടർച്ചയും പരിഗണിച്ച് പദ്ധതി നടപ്പാക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പരിപാടിയില്‍ ജീവ് ജോസഫ് എം.എല്‍.എ, മേയർ ടി.ഒ. മോഹനൻ, ഡി.സി.സി പ്രസിഡൻറ് മാര്ട്ടിന് ജോര്‍ജ്, അബ്ദുല്‍ കരീം ചേലേരി, സോണി സെബാസ്റ്റ്യന്‍, പി.ടി. മാത്യു തുടങ്ങിയവരും പങ്കെടുത്തു.