പരീക്ഷയെ നേരിടാം ആത്മവിശ്വാസത്തോടെ
text_fields‘സ്മൈൽ 2023’പഠനസഹായി ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പ്രകാശനം ചെയ്യുന്നു
കണ്ണൂർ: ചിരിച്ചുകൊണ്ട് ഇനി പരീക്ഷകളെ നേരിടാം. ജില്ലയിലെ എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ്ടു, വി.എച്ച്.എസ്.ഇ വിദ്യാർഥികൾക്ക് ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാനും ഉന്നത വിജയം കൈവരിക്കാനുമായി സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ‘സ്മൈൽ 2023’ പഠനസഹായി പുറത്തിറക്കി.
ജില്ല പഞ്ചായത്ത്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഡയറ്റ് കണ്ണൂർ എന്നിവ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകൾ ആത്മധൈര്യത്തോടെ നേരിടുകയും ഗുണനിലവാരമുള്ള പരീക്ഷാഫലം ഉറപ്പുവരുത്തുകയുമാണ് പ്രധാനലക്ഷ്യം.
പഠനത്തിൽ പിറകിൽ നിൽക്കുന്ന കുട്ടികളെ ആധാരമാക്കി വളരെ ലളിതമായ ഭാഷയിൽ എല്ലാവർക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്ന തരത്തിലാണ് പഠനസഹായി തയാറാക്കിയിരിക്കുന്നത്. എസ്.എസ്.എൽ.സി പഠനസഹായിയിൽ ഐ.ടി ഒഴികെയുള്ള എല്ലാ വിഷയങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഹയർ സെക്കൻഡറിയിൽ ഇംഗ്ലീഷ്, ഹിസ്റ്ററി, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്സ്, അക്കൗണ്ടൻസി, ഇക്കണോമിക്സ്, ബിസിനസ് സ്റ്റഡീസ് എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ജില്ലയിലെ വിവിധ അധ്യാപകർ ചേർന്ന് ശാസ്ത്രീയമായാണ് ഇവ തയാറാക്കിയിട്ടുള്ളത്. ക്രിസ്മസ് അവധി കഴിഞ്ഞാൽ സ്കൂളുകൾക്ക് ഇവയുടെ കോപ്പി ലഭ്യമാക്കും. തുടർന്ന് ഫെബ്രുവരി ഒന്ന് മുതൽ മോഡൽ പരീക്ഷകളും നടത്തും. സ്കൂളുകൾ പഠനസഹായി ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ മോണിറ്ററിങ് ടീം രൂപവത്കരിക്കും.
പഠനസഹായിയുടെ പ്രകാശനം ജില്ല പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് പി.പി. ദിവ്യ നിർവഹിച്ചു. കഴിഞ്ഞ രണ്ടുവർഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ജില്ലക്ക് അഭിമാനകരമായ നേട്ടം കൈവരിക്കാൻ സാധിച്ചത് ഓരോ സ്കൂളും അധ്യാപകരും കുട്ടികളും എടുത്ത പ്രയത്നത്തിന്റെ ഫലമായാണെന്നും ഇനിയുള്ള വർഷങ്ങളിലും അത് തുടരണമെന്നും പ്രസിഡന്റ് പറഞ്ഞു. പഠനത്തിൽ കുട്ടികൾ നേരിടുന്ന പ്രതിസന്ധികൾ തിരിച്ചറിയാൻ പ്രിൻസിപ്പൽമാർ, പ്രധാനാധ്യാപകർ ക്ലാസുകൾ നിരീക്ഷിക്കണം.
പഠനസഹായി ഉപയോഗപ്പെടുത്താൻ സ്കൂൾ തലത്തിൽ കൃത്യമായ പ്രോഗ്രാം ഉണ്ടായിരിക്കണം. കുട്ടികളിൽ ഫോണിന്റെ ഉപയോഗം കുറക്കാൻ രക്ഷിതാക്കൾ നിയന്ത്രണം ഏർപ്പെടുത്തേണ്ടതുണ്ട്. ഇതിനായി രക്ഷിതാക്കളുടെ യോഗം നിർബന്ധമായും വിളിച്ചുചേർക്കണമെന്നും പരീക്ഷ പേടിയുള്ള കുട്ടികൾക്ക് കൗൺസലിങ് നൽകുന്നതിന് സംവിധാനം ഒരുക്കണമെന്നും പ്രസിഡന്റ് പറഞ്ഞു.
ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.കെ. രത്നകുമാരി അധ്യക്ഷതവഹിച്ചു. കണ്ണൂർ ഡി.ഡി.ഇ വി.എ. ശശീന്ദ്രവ്യാസ് ആക്ഷൻ പ്ലാൻ അവതരിപ്പിച്ചു. ഡോ.കെ. വിനോദ്കുമാർ, ടി. സരള, യു.പി. ശോഭ, സി.പി. ഷിജു, വി. അജിത, ആർ. ഉദയകുമാരി, ഇ.സി. വിനോദ്, പി.വി. പ്രദീപൻ, ഡോ. കെ.വി. ദീപേഷ്, കെ. സുനിൽകുമാർ, എൻ.എ. ചന്ദ്രിക, എ.എം. രാജമ്മ, എസ്.കെ. ജയദേവൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

