പഞ്ചായത്ത് ഭൂമിയിൽ കുന്നിടിച്ച് വ്യാപക മണ്ണുകടത്ത്
text_fieldsമണ്ണു കടത്തിയ കടമ്പൂർ പഞ്ചായത്തിലെ ഭൂമി
എടക്കാട്: കടമ്പൂർ പഞ്ചായത്തിന്റെ കൈവശമുള്ള കുന്ന് ഇടിച്ച് അനധികൃതമായി വ്യാപക തോതിൽ മണ്ണ് കടത്തിയതായി പരാതി. പഞ്ചായത്തിലെ മൂന്നാം വാർഡിലെ ആയിച്ചോത്ത് മുക്കിലാണ് സംഭവം. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കടമ്പൂർ പഞ്ചായത്ത് സെക്രട്ടറി എടക്കാട് പൊലീസിൽ പരാതി നൽകി.
മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ രണ്ടര മീറ്റർ താഴ്ചയിൽ ടിപ്പർ ലോറി ഉപയോഗിച്ച് 200ലധികം ലോഡ് മണ്ണ് കടത്തിയതായാണ് പരാതിയിൽ പറയുന്നത്. 2005-10 കാലഘട്ടത്തിലെ എൽ.ഡി.എഫ് പഞ്ചായത്ത് ഭരണസമിതി 24 സെന്റ് ഭൂമി മൃഗസംരക്ഷണ ആവശ്യത്തിന് വിലക്കെടുത്തതായിരുന്നു.
പിന്നീട് അംഗൻവാടി നിർമിക്കാൻ 10 സെന്റ് വിട്ടുനൽകി. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയെങ്കിലും തുടർനടപടി ഉണ്ടായില്ല. ഈ ഭൂമിയിൽനിന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി മണ്ണ് കടത്തിയത്.
പ്രദേശവാസികൾ പഞ്ചായത്തിൽ വിവരമന്വേഷിച്ചപ്പോഴാണ് സംഭവത്തെക്കുറിച്ച് അറിയുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. തുടർന്ന് ഭൂമി സന്ദർശിച്ച് മണ്ണ് കടത്ത് ബോധ്യപ്പെട്ടശേഷം പഞ്ചായത്ത് സെക്രട്ടറി എടക്കാട് പൊലീസിൽ പരാതി നൽകുകയായിരുന്നു.
അനധികൃത മണൽ കടത്തിനെതിരെ പഞ്ചായത്ത് ഭരണസമിതി നടക്കവെ സി.പി.എം കടമ്പൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. മുൻ പ്രസിഡന്റ് കെ. ഗിരീശൻ, ഇ,കെ. അശോകൻ, സതീഷ് ബാബു തുടങ്ങിയവർ നേതൃത്വം നൽകി. ഇതിന്റെ പിന്നിലെ അഴിമതി അന്വേഷിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

