ആ ചാർജിക്കോ.... നഗരത്തില്‍ വൈദ്യുതിയെത്തിക്കാൻ എക്സ്പ്രസ് ഫീഡര്‍
text_fieldsകണ്ണൂര്‍: സ്റ്റേഡിയം പരിസരത്തേക്ക് കൂടുതല്‍ വൈദ്യുതി നേരിട്ടെത്തിക്കാന്‍ സഹായിക്കുന്ന സ്റ്റേഡിയം എക്സ്പ്രസ് ഫീഡര്‍ സംവിധാനം കെ.എസ്.ഇ.ബി വിജയകരമായി ചാര്‍ജ് ചെയ്തു.
കണ്ണൂര്‍ കോടതി, കോര്‍പറേഷന്‍, ജില്ല മൃഗാശുപത്രി, ജില്ല കലക്ടറുടെയും പൊലീസ് മേധാവിയുടെയും ക്യാമ്പ് ഓഫിസുകള്‍, സ്റ്റേഡിയം കോംപ്ലക്സിലെ സ്ഥാപനങ്ങള്‍, അഡ്വക്കറ്റ് ഓഫിസുകള്‍ എന്നിവിടങ്ങളിലേക്ക് തടസ്സമില്ലാതെ വൈദ്യുതിയെത്തിക്കാന്‍ സഹായകമാണ് ഈ സംവിധാനം.
പൊലീസ് മൈതാനിയില്‍ നടക്കുന്ന, കേരള സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള 'എന്റെ കേരളം' എക്സ്ബിഷനും സ്റ്റേഡിയം ഫീഡറില്‍ നിന്നുള്ള വൈദ്യുതി നല്‍കും.
ഡീസല്‍ ജനറേറ്ററിന്റെ ഉപയോഗം ഇതുവഴി കുറക്കാന്‍ സാധിക്കും. ചൂടുകൂടിയതോടെ ആവശ്യമായ അധിക വൈദ്യുതി നിലവിലുള്ള ലൈനുകള്‍ക്ക് താങ്ങാനാവാത്തതിനാല്‍ വ്യാപകമായ വൈദ്യുതി തടസ്സം ശ്രദ്ധയില്‍പെട്ടതോടെയാണ് പുതിയ സംവിധാനം ഒരുക്കിയത്. കെട്ടിടങ്ങളില്‍ എയര്‍ കണ്ടീഷനറുകള്‍ വ്യാപകമായതിനാലാണ് അധിക വൈദ്യുതി ഉപയോഗം വന്നത്.
ഉത്സവകാലമാകുന്നതോടെ നഗരത്തില്‍ വൈദ്യുതി ഉപയോഗം ഇനിയും വര്‍ധിക്കും. കെ.എസ്.ഇ.ബി ജീവനക്കാരും കരാര്‍ ജീവനക്കാരും സംഘങ്ങളായി തിരിഞ്ഞ് വിവിധ സ്ഥലങ്ങളില്‍ ഒരേസമയം പ്രവൃത്തി നടത്തിയാണ് ഒരാഴ്ച നീണ്ട ജോലി പൂര്‍ത്തിയാക്കിയത്.
കോടതി, കോര്‍പറേഷന്‍ ഉള്‍പ്പെടെയുള്ളവക്ക് പ്രവൃത്തി സമയം വൈദ്യുതി മുടക്കം കുറക്കാന്‍, പ്രധാന ലൈനുകള്‍ ഓഫാക്കി നടത്തുന്ന പ്രവൃത്തികള്‍ രാവിലെതന്നെ ചെയ്തുതീര്‍ത്തു. മുപ്പതിനടുത്ത് ജീവനക്കാരെ പ്രവൃത്തിയുടെ ഭാഗമാക്കിയതിലൂടെ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. അസി. എൻജിനീയര്‍ സി. ജഗദീശന്‍, സബ് എൻജിനീയര്‍മാരായ കെ. സുരേഷ് ബാബു, പി.വി. സതീഷ് ബാബു, കരാറുകാരന്‍ അബ്ദുൽ മജീദ് എന്നിവര്‍ പ്രവൃത്തിക്ക് നേതൃത്വം നല്‍കി.