പട്ടാപ്പകലിലെ പൊട്ടിത്തെറിയിൽ ഞെട്ടി നാട്; പൊട്ടിയത് ഉഗ്രശേഷിയുള്ള ബോംബ്
text_fieldsതോട്ടടയിൽ ബോംബേറിൽ കൊല്ലപ്പെട്ട ജിഷ്ണുവിന്റെ മൃതദേഹം പൊലീസ് പരിശോധിക്കുന്നു
കണ്ണൂര്‍: നിമിഷങ്ങൾകൊണ്ടാണ് വിവാഹാഘോഷത്തിന്റെ ആഹ്ലാദാന്തരീക്ഷം കൊലപാതകത്തിന്റെയും ഭയത്തിന്റെയും കാർമേഘത്തിലേക്കു മാറിയത്. സംഭവത്തിൽ ദാരുണമായി കൊല്ലപ്പെട്ടത് അക്രമിസംഘത്തിലെ യുവാവുതന്നെയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊട്ടിയത് ഉഗ്രശേഷിയുള്ള ബോംബാണ്. സ്ഫോടനത്തിൽ ജിഷ്ണുവിന്റെ തലയോട്ടി പൊട്ടിച്ചിതറി.
ശരീരഭാഗങ്ങൾ മീറ്ററുകൾ അകലെ വരെ ചിന്നിച്ചിതറി. സംഭവസ്ഥലത്തുനിന്ന് പൊട്ടാത്ത മറ്റൊരു ബോംബുകൂടി കണ്ടെടുക്കുകയുമുണ്ടായി. ഇതെല്ലാം സംഭവസ്ഥലത്ത് ഭീതി വിതച്ചു. കല്യാണവീട്ടില്‍ കഴിഞ്ഞദിവസം രാത്രി നടന്ന സംഗീതപരിപാടിക്കിടെ ഇരുവിഭാഗങ്ങൾ തമ്മിൽ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായിരുന്നു. ഇതിന്റെ പ്രതികാരമെന്നോണമാണ് മണിക്കൂറുകൾക്കകം അക്രമി സംഘം ആസൂത്രിതമായി ബോംബുകളുമായി സംഘടിച്ചെത്തിയത്.
ഇവർക്ക് ഇത്ര പെട്ടെന്ന് ബോംബ് എങ്ങനെ കിട്ടിയെന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെ, സ്ഫോടനത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സംഭവസ്ഥലമായ തോട്ടടയിൽ സി.പിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കം ഉടലെടുത്തു. പൊലീസ് സ്ഥലത്തുണ്ടായിരിക്കെയായിരുന്നു ഇരുവിഭാഗവും തമ്മില്‍ തര്‍ക്കം. ഇരുകൂട്ടരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലീസ് എത്താന്‍ വൈകിയെന്ന് കോണ്‍ഗ്രസുകാര്‍ ആരോപിച്ചതാണ് തര്‍ക്കത്തിന് കാരണമായത്.
കോണ്‍ഗ്രസ് അനാവശ്യമായി പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് സി.പി.എം പ്രവര്‍ത്തകർ ഇതിനെതിരെ രംഗത്തുവന്നു. പൊലീസ് സ്ഥിതി നിയന്ത്രണവിധേയമാക്കുകയായിരുന്നു.

ബോംബ് വീണ് തല ചിതറിത്തെറിച്ചു; കൊലയിലേക്ക് നയിച്ചത് നിസ്സാര തർക്കം
കണ്ണൂർ: തോട്ടടയിൽ വിവാഹാഘോഷത്തിനിടെ ഉണ്ടായ ബോംബ് സ്ഫോടനത്തിലേക്കും കൊലയിലേക്കും നയിച്ചത് നിസ്സാര തർക്കവും വാക്കേറ്റവും. തോട്ടടയിലെ വിവാഹവീടിനോട് ചേര്‍ന്നാണ് പട്ടാപ്പകല്‍ ദാരുണ സംഭവമുണ്ടായത്. വിവാഹത്തലേന്ന് പാട്ടുവെക്കുന്നതും നൃത്തം ചെയ്യുന്നതും സംബന്ധിച്ചുണ്ടായ നിസ്സാര തര്‍ക്കമാണ് ഉഗ്രമായ ബോംബ് സ്ഫോടനത്തിലും ഒരുയുവാവിന്റെ ജീവന് പൊലിയാനും കാരണമായത്.
ഏച്ചൂര്‍ സ്വദേശിയായ ജിഷ്ണു സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനാണ് തലേദിവസം തന്നെ കൂട്ടുകാരോടൊപ്പം തോട്ടടയിലെത്തിയത്. തലേദിവസം ഏറെ വൈകിവരെ വിവാഹവീട്ടില്‍ ആഘോഷങ്ങള്‍ നടന്നതായി നാട്ടുകാര്‍ പറയുന്നു. യുവാക്കള്‍ ഡാന്‍സ് ചെയ്യുന്നതിന് പാട്ടുവെക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലെത്തി. ഇതോടെ തോട്ടടയിലെ യുവാക്കളും ഏച്ചൂരില്‍ നിന്നുമെത്തിയവരും തമ്മില്‍ വെല്ലുവിളി നടന്നു.
വിഷയം വീട്ടുകാരും നാട്ടുകാരും ഇടപെട്ട് രമ്യമായി പരിഹരിച്ചെങ്കിലും ഇരുവിഭാഗവും തമ്മിലുള്ള സ്പര്‍ധ മാഞ്ഞിരുന്നില്ല. ഇതിന്റെ ഭാഗമായാണ് പിറ്റേന്ന് ദാരുണ സംഭവത്തിന് നാട് സാക്ഷ്യം വഹിച്ചത്.
വധൂ ഗൃഹത്തില്‍നിന്ന് ഞായറാഴ്ച ഉച്ചക്ക് രണ്ടരയോടെ ദേശീയപാതയിലെ തോട്ടട സ്റ്റോപ്പില്‍ ടെമ്പോ ട്രാവലറിൽ നിന്നിറങ്ങി ബാന്ഡുസംഘത്തിന്റെ താളമേളങ്ങളോടെ വഴിനീളെ പടക്കം പൊട്ടിച്ചും വര്‍ണക്കടലാസ് ആകാശത്തേക്കു വിതറിയും സഞ്ചരിച്ച വധൂവരന്മാരടങ്ങിയ സംഘത്തിനു നേരെയാണ് ബോംബേറുണ്ടായത്. മുന്‍നിരയില്‍ നിന്നും തിരിഞ്ഞുനോക്കിയ ജിഷ്ണുവിന്റെ മുഖത്തുതന്നെ ബോംബ് പതിക്കുകയായിരുന്നു.
ഉഗ്രശബ്ദത്തോടെ പൊട്ടിയ ബോംബില്‍ അതുവരെ തങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന ജിഷ്ണു റോഡരികില്‍ തലച്ചോറ് ചിതറി തല്‍ക്ഷണം മരിക്കുന്നത് ചിതറിയോടുന്നതിനിടയിലും വധൂവരന്മാര്ക്കും മറ്റുള്ളവര്‍ക്കും കാണേണ്ടിവന്നു. കണ്ണൂരില്‍ രണ്ടാഴ്ചക്കിടെ ഇതു രണ്ടാമത്തെ കൊലപാതകമാണ് നടക്കുന്നത്. ഈ മാസം ഒന്നിന് പയ്യാമ്പലത്തെ ഹോട്ടല്‍ ഉടമ ജസീര്‍ വാഹന പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള നിസ്സാര തര്‍ക്കത്തെ തുടര്‍ന്ന് രണ്ടു യുവാക്കളാല്‍ കുത്തേറ്റ് കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

