ഹരിതം, മനോഹരം തെരഞ്ഞെടുപ്പ് ജില്ലയിൽ ഒഴിവാകുന്നത് 400 ടൺ പ്ലാസ്റ്റിക് മാലിന്യം
text_fieldsകണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പ് ഹരിത മനോഹരമാകാനുള്ള മുന്നൊരുക്കത്തിലാണ് ജില്ല ഭരണകൂടം. മാലിന്യം ശേഖരിക്കാനും പ്ലാസ്റ്റിക്കിനെ പടിക്കുപുറത്താക്കാനും ചിട്ടയായ പ്രവർത്തനങ്ങളാണ് ജില്ലയിൽ നടക്കുന്നത്. ഈ തെരഞ്ഞെടുപ്പില്‍ ജില്ലയിൽ ഉണ്ടാവുമെന്ന് കരുതുന്ന നാനൂറോളം ടണ്‍ മാലിന്യം കുറക്കാനാകുമെന്നാണ് ജില്ല ഭരണകൂടവും ശുചിത്വ മിഷനും പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളെക്കാൾ മെച്ചപ്പെട്ട നിലയിൽ ഹരിതപ്രോട്ടോക്കോൾ പാലിക്കാനായെന്നാണ് വിലയിരുത്തൽ.
ഉദ്യോഗസ്ഥരുടെ പരിശീലനം, മണ്ഡലംതല വിതരണ കേന്ദ്രങ്ങളിലെ വോട്ടിങ് യന്ത്രങ്ങളുടെ കമീഷനിങ്, പോസ്റ്റല്‍ വോട്ടിങ് കേന്ദ്രങ്ങൾ ഒരുക്കൽ തുടങ്ങിവ ഹരിത ചട്ടം പാലിച്ചാണ് നടപ്പാക്കിയത്. പോളിങ് ഉദ്യോഗസ്ഥരുടെ പരിശീലനം നടത്തിയപ്പോള്‍ ജില്ലയില്‍ ഒഴിവായത് 25000 ഡിസ്പോസിബിള്‍ കപ്പുകളും ടിഷ്യൂ പേപ്പറുകളുമാണെന്നാണ് കണ്ടെത്തൽ.
ജില്ലയിലെ 11 നിയമസഭ മണ്ഡലങ്ങളിലെ കേന്ദ്രങ്ങളിലും പോളിങ് ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടികള്‍ ഹരിതചട്ട പ്രകാരമാണ് നടത്തിയത്. സ്റ്റീല്‍ ഗ്ലാസുകളില്‍ ഭക്ഷണപദാർഥങ്ങൾ വിതരണംചെയ്ത് ഡിസ്പോസിബിള്‍ കപ്പ് മാലിന്യം ഒഴിവാക്കി.
പരിശീലനത്തില്‍ ഉദ്യോഗസ്ഥർക്ക് ഹരിത പെരുമാറ്റച്ചട്ട പാലനത്തെ കുറിച്ച് ക്ലാസും നല്‍കിയിരുന്നു. സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പരിസ്ഥിതി സൗഹൃദവും മണ്ണില്‍ അലിഞ്ഞുചേരുന്നതും പുനഃചംക്രമണം സാധ്യമാവുന്നതുമായ വസ്തുക്കള്‍ മാത്രമേ പ്രചാരണത്തിനായി ഉപയോഗിക്കാവൂ എന്ന് നിർദേശം നൽകിയിട്ടുണ്ട്.
പ്ലാസ്റ്റിക്, പി.വി.സി എന്നിവയില്‍ നിർമിച്ച ഫ്ലക്സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, കൊടിതോരണങ്ങള്‍ എന്നിവ പൂർണമായും ഒഴിവാക്കിയാണ് പ്രചാരണം.
പി.വി.സി, പ്ലാസ്റ്റിക് കലര്‍ന്ന കൊറിയന്‍ ക്ലോത്ത്, നൈലോണ്‍, പോളിസ്റ്റര്‍, പോളിസ്റ്റര്‍ കൊണ്ടുള്ള തുണി തുടങ്ങി പ്ലാസ്റ്റിക്കിെൻറ അംശമോ പ്ലാസ്റ്റിക് കോട്ടിങ്ങോ ഉള്ള പുനഃചംക്രമണം സാധ്യമല്ലാത്ത ബാനറുകളും ബോര്‍ഡുകളും ഉപയോഗിക്കുന്നതിന് വിലക്കുണ്ട്. കോട്ടണ്‍ തുണി, പേപ്പര്‍, പോളി എത്തിലീന്‍ തുടങ്ങിയവ പ്രചാരണത്തിനായി ഉപയോഗിക്കാം.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് ബൂത്തുകളില്‍ മാലിന്യം നീക്കം ചെയ്യുന്നതിനായി ഹരിത കര്‍മസേനാംഗങ്ങളെ നിയോഗിക്കും.
ഹരിത കര്‍മ സേന സജീവമല്ലാത്ത തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ കുടുംബശ്രീ സി.ഡി.എസുമായി ബന്ധപ്പെട്ട് അനുയോജ്യരായവരെ കണ്ടെത്തി ചുമതല നല്‍കാനും സര്‍ക്കാര്‍ ഉത്തരവുണ്ട്. ഇവര്‍ക്ക് വേതനമായി 750 രൂപയും കോവിഡ് സുരക്ഷ സംവിധാനങ്ങളും അനുവദിക്കും. ഇതിനുള്ള ചെലവ് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്നും കണ്ടെത്തണം. ഇത്തരത്തില്‍ നിയോഗിക്കുന്നവര്‍ക്ക് ഗ്ലൗസ്, മാസ്ക്, പി.പി.ഇ കിറ്റ് തുടങ്ങിയവയും അനുവദിക്കും. കോവിഡ് മാലിന്യ പരിപാലന പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്കാന് മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് സര്‍ക്കാര്‍ നിർദേശം നല്കിയിയിട്ടുണ്ട്.