ഒരു എക്സിക്യൂട്ടിവ് വൈകൽ
text_fieldstrain
കണ്ണൂർ: കോഴിക്കോടുനിന്ന് രാത്രി എക്സിക്യൂട്ടിവ് എക്സ്പ്രസിൽ കണ്ണൂരിലേക്ക് വരുന്നവരുടെ ക്ഷമ അപാരമാണ്. ഒന്നും രണ്ടും മണിക്കൂർ വൈകിയാണ് എന്നും ട്രെയിൻ കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുക. അതുവരെ കൊതുകുകടിയുംകൊണ്ട് സ്റ്റേഷനുകളിൽ കാത്തിരിപ്പ് തന്നെ രക്ഷ. ഏറെനേരം വൈകി ജില്ലയിലെത്തുമ്പോഴേക്കും ഉൾനാടുകളിലേക്കുള്ള ബസുകളെല്ലാം പോയിട്ടുണ്ടാവും. സ്റ്റേഷനിൽ ട്രെയിനെത്തിയാൽ പിന്നെ ബസും ഓട്ടോയും പിടിക്കാനുള്ള യാത്രക്കാരുടെ നെട്ടോട്ടമാണ്. ഓടിക്കിതച്ച് റോഡിലെത്തുമ്പോഴേക്കും ലൈൻ ബസൊക്കെ പോയിട്ടുണ്ടാവും. പിന്നെ കിട്ടുന്ന വണ്ടിക്ക് വലിയ തുക നൽകി വീടണയണം. കുറച്ചുകാലമായി രാത്രി കോഴിക്കോട് ഭാഗത്തുനിന്നും എക്സിക്യൂട്ടിവ് എക്സ്പ്രസിന് വരുന്നവരുടെ അവസ്ഥയാണിത്.
വിവിധയിടങ്ങളിൽ ജോലിചെയ്യുന്നവരും വിദ്യാർഥികളും വ്യാപാരികളും അടക്കം നിരവധി പേരാണ് ഈ ട്രെയിനിനെ ആശ്രയിക്കുന്നത്. 6.15ന് കോയമ്പത്തൂർ-കണ്ണൂർ എക്സ്പ്രസ് പോയാൽപ്പിന്നെ വടക്കോട്ടേക്കുള്ള യാത്രക്ക് എക്സിക്യൂട്ടിവ് മാത്രമാണ് ആശ്രയം. 12.50ന് കണ്ണൂരിലെത്തുന്ന ജനശതാബ്ദിയിൽ ജനറൽ ടിക്കറ്റുകൾ ലഭ്യമല്ല.
വന്ദേഭാരതിനായി പിടിച്ചിടൽ
തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്സ്പ്രസ് സർവിസ് തുടങ്ങിയതോടെയാണ് ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസിന് പിടിവീഴാൻ തുടങ്ങിയത്. രാത്രി 9.25നാണ് വന്ദേഭാരത് കോഴിക്കോട് എത്തുക. ഇത് വൈകുന്നതിന് അനുസരിച്ച് എക്സിക്യൂട്ടിവും വൈകും. ഈ വണ്ടി കടത്തിവിടാനായി എക്സിക്യൂട്ടിവ് വിവിധ സ്റ്റേഷനുകളിൽ പിടിച്ചിടുകയാണ് പതിവ്. വന്ദേഭാരത് രാത്രി 10.24ന് കണ്ണൂരിലെത്തി യാത്രക്കാർ വീടണഞ്ഞാലും എക്സിക്യൂട്ടിവുകാർ സ്റ്റേഷനിലും ട്രെയിനിലും കാത്തിരിപ്പ് തുടരുകയാവും. തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഓടുന്ന പ്രത്യേക വണ്ടികൾക്കുവേണ്ടിയും എക്സിക്യൂട്ടിവ് എക്സ്പ്രസിനെ പിടിച്ചിടും. ചില ദിവസങ്ങളിൽ രണ്ടും മൂന്നും വണ്ടികൾക്കായി പിടിച്ചിട്ട് വലഞ്ഞ യാത്രക്കാർ വീട്ടിലെത്തുമ്പോഴേക്കും മണിക്കൂറുകൾ കഴിഞ്ഞിട്ടുണ്ടാവും. ബുധനാഴ്ച ഒന്നരമണിക്കൂറിലേറെ വൈകിയാണ് കണ്ണൂർ എക്സിക്യൂട്ടിവ് കോഴിക്കോട് എത്തിയത്. ഇതിനിടയിൽ വന്ദേഭാരത് എക്സ്പ്രസും ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റും കടന്നുപോയി. വന്ദേഭാരതിനായി ട്രെയിനുകൾ അന്യായമായി പിടിച്ചിടുന്നില്ലെന്നാണ് റെയിൽവേയുടെ വാദമെങ്കിലും ഇക്കാരണത്താൽ മണിക്കൂറുകളാണ് ഓരോ വണ്ടിയും വൈകുന്നത്.
ആനവണ്ടിയും പെട്ടു
കണ്ണൂരിൽനിന്ന് കാസർകോട് ഭാഗത്തേക്ക് രാത്രി 7.35ന് നേത്രാവതി പോയാൽ പിന്നെ വണ്ടിയില്ല. സ്പെഷൽ ട്രെയിനുകളെയും വന്ദേഭാരതിനെയും എല്ലാ വിഭാഗം യാത്രക്കാർക്കും ആശ്രയിക്കാനാവില്ല. കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ് കണ്ണൂരിലെത്തിയാൽ കാസർകോട് ഭാഗത്തേക്കുള്ള യാത്രക്കാർക്കായി കെ.എസ്.ആർ.ടി.സി ബസ് സർവിസ് നടത്തുന്നുണ്ട്. മുമ്പ് 11നായിരുന്നു ഈ ബസ് പുറപ്പെട്ടിരുന്നത്. എക്സിക്യൂട്ടിവ് വൈകാൻ തുടങ്ങിയതോടെ കെ.എസ്.ആർ.ടി.സി ബസും സമയക്രമം മാറ്റി ഓടുകയാണ്. മിക്കദിവസങ്ങളിലും നല്ലതിരക്കാവും ബസിൽ. ഇതിന് പുറമെ 11.15നും പുലർച്ച 1.15നുമാണ് കാസർകോട് ഭാഗത്തേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവിസുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

