കണ്ണൂർ വാഴ്സിറ്റിയിൽ പരീക്ഷ പേപ്പർ ചോർന്നതിനു പിന്നാലെ ഓൺലൈനിൽ ചോദ്യപേപ്പർ എത്താത്തതിനാൽ വീണ്ടും പരീക്ഷകൾ മുടങ്ങി
text_fieldsകണ്ണൂർ: അടിക്കടിയുള്ള വീഴ്ചകളിൽ താളംതെറ്റി കണ്ണൂർ സർവകലാശാല. പ്രധാന പരീക്ഷകൾ പോലും സർവകലാശാലക്ക് സുഗമമായി നടത്തിക്കൊണ്ടുപാകാൻ കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞ ദിവസം അധ്യാപകൻ പരീക്ഷ പേപ്പർ ചോർത്തിയതിനു പിന്നാലെ ശനിയാഴ്ച വീണ്ടും പരീക്ഷ നടത്തിപ്പിൽ പിഴവുണ്ടായി. ഓൺലൈനിൽ ചോദ്യപ്പേപ്പർ എത്താത്തതിനാൽ പരീക്ഷകൾ മുടങ്ങിയതാണ് സർവകലാശാലക്ക് വലിയ നാണക്കേടായത്. സാങ്കേതിക പ്രശ്നമെന്ന് സർവകലാശാല വിശദീകരിക്കുന്നെങ്കിലും ചോദ്യപ്പേപ്പർ തയാറാക്കുന്നതിലും വിതരണം ചെയ്യുന്നതിലുമുള്ള വീഴ്ചകൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. പരീക്ഷ തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പാണ് കോളജുകളിലേക്ക് ഓൺലൈനായി ചോദ്യങ്ങൾ അയക്കുക. കഴിഞ്ഞ ആഴ്ച ഇത്തരത്തിൽ അയച്ച ചോദ്യപേപ്പർ കാസർകോട്ടെ കോളജിൽ ചോർത്തുകയും പ്രിൻസിപ്പൽ പ്രതിയാകുകയുമുണ്ടായി.
പരീക്ഷ നടത്തിപ്പിൽ കണ്ണൂർ സർവകലാശാലക്കെതിരെ പ്രതിഷേധങ്ങളുണ്ടായി. അത് കത്തിത്തീരും മുമ്പാണ് ചോദ്യപേപ്പറില്ലാത്തതിനാൽ പരീക്ഷ മുടങ്ങിയ സംഭവമുണ്ടായത്. ഇതോടെ ശനിയാഴ്ച പരീക്ഷയെഴുതാനെത്തിയ വിദ്യാർഥികൾക്ക് നൽകാൻ ചോദ്യക്കടലാസ് ഇല്ലാത്തതിന്റെ പേരിൽ പരീക്ഷകൾ മാറ്റിവച്ചു. പുതുതായി ആരംഭിച്ച നാലുവർഷ ബിരുദ കോഴ്സിന്റെ രണ്ടാം സെമസ്റ്റർ പരീക്ഷകളിൽ 14 കോഴ്സ് പരീക്ഷകളാണ് മേയ് അഞ്ചിന് നടക്കുന്ന രീതിയിൽ പുനക്രമീകരിച്ചത്.
സംഭവത്തിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്ന് വ്യാപക പരാതികളാണ് ഉയരുന്നത്. സർവകലാശാല വിദ്യാർഥികളുടെ പ്രവേശനം മുതൽ ഫലപ്രഖ്യാപനം വരെയുള്ള പ്രവർത്തനങ്ങൾക്ക് മഹാരാഷ്ട കമ്പനിയായ കെ റീപ്പ് സോഫ്റ്റ് വെയറിനാണ് കരാർ നൽകിയത്. പുറം കമ്പനിക്ക് കരാർ നൽകിയതിനെതിരെ വ്യാപക പരാതികൾ ഉയർന്നിരുന്നു. കെ റീപ്പിന്റെ പ്രവർത്തനങ്ങളിലും അധ്യാപകർക്കും വിദ്യാർഥികൾക്കും പരാതികളുണ്ട്.
സർവകാലശാല ജീവനക്കാർക്ക് ജോലിഭാരം കുറച്ച് ബന്ധപ്പെട്ട കോളജ് അധ്യാപകർക്ക് ജോലിഭാരം വർധിക്കുകയാണെന്നും അധ്യാപകർ പറയുന്നു. കൂടാതെ സെമസ്റ്റർ പരീക്ഷകൾ പൂർത്തിയായി വേഗത്തിൽ ഫലം പ്രഖ്യാപിക്കുന്നുണ്ടെങ്കിലും തുടർനടപടികൾ നടക്കുന്നില്ലെന്നും അധ്യാപകരിൽനിന്ന് ആക്ഷേപമുയരുന്നുണ്ട് കൂടാതെ സെമസ്റ്റർ പരീക്ഷകൾ പൂർത്തിയായി വേഗത്തിൽ ഫലം പ്രഖ്യാപിക്കുന്നുണ്ടെങ്കിലും തുടർനടപടികൾ നടക്കുന്നില്ലെന്നും അധ്യാപകരിൽനിന്ന് ആക്ഷേപമുയരുന്നുണ്ട്. ഫലം വന്ന് 40 ദിവസത്തിനകം സപ്ലിമെന്ററി പരീക്ഷ നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ, മൂന്നാം സെമസ്റ്ററിലേക്ക് കടക്കാനിരിക്കുന്ന വിദ്യാർഥികൾക്ക് ഇനിയും ഒന്നാം സെമസ്റ്റർ പരീക്ഷയുടെ സപ്ലിമെന്ററി പരീക്ഷകൾ നടത്തിയിട്ടില്ല.
അതിനിടെ കണ്ണൂർ സർവകലാശാലയുടെ പ്രധാനവകുപ്പ് തലവൻമാർ ഡെപ്യൂട്ടഷിലെത്തിയതും കണ്ണൂർ സർവകലാശാലയുടെ പ്രവർത്തനം താളംതെറ്റാൻ കാരണമാകുന്നുവെന്ന് പരാതിയുണ്ട്. മുൻ വൈസ് ചാൻസലർ പദവിയിൽ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം കോടതി റദ്ദാക്കിയതോടെ താൽകാലിമായാണ് ഡോ. കെ.കെ. സാജുവിനെ താൽകാലികമായി നിയമിച്ചത്. രണ്ടര വർഷമായിട്ടും സ്ഥിരം വി.സിയെ നിയമിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. നിരന്തരം പ്രതിഷേധമുയർന്നിട്ടും അക്കാദമിക് പ്രവർത്തനങ്ങൾ കണ്ണൂർ വാഴ്സിറ്റി ഗൗരവത്തോടെ കാണുന്നില്ലെന്നാണ് ഉയരുന്ന ആക്ഷേപം.
വിദ്യാർഥികളെ അവതാളത്തിലാക്കുന്നു
കണ്ണൂർ സർവകലാശാലയിൽ പരീക്ഷ നടത്തിപ്പുമായി നിരവധി വീഴ്ചകളാണ് ഈ കഴിഞ്ഞ ദിവസങ്ങളിൽ നടന്നു കൊണ്ടിരിക്കുന്നത്. ബേക്കലിലെ ഗ്രീൻ വുഡ് കോളജിൽ നടന്നത് ഒറ്റപ്പെട്ട സംഭവമായി കാണുന്നില്ല. മിക്ക കോളജുകളിലെയും വിജയശതമാനം ഉയർത്താൻ ഇതേ പ്രവണത കണ്ടുവരുന്നുണ്ട്. അതുപോലെ പരീക്ഷ ഹാളിലെത്തിയ വിദ്യാർഥികൾക്ക് ചോദ്യപേപ്പർ നൽകാതെ പരീക്ഷ മാറ്റിയത് അവരുടെ മനോവീര്യം തകർക്കുകയും മാനസിക സംഘർഷത്തിലാക്കുന്നതുമാണ്. ഇത്തരത്തിലുള്ള പ്രവണതകൾ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ സുതാര്യതയെയാണ് ചോദ്യം ചെയ്യുന്നത്. നിലവിലെ കണ്ണൂർ യൂനിവേഴ്സിറ്റിയിലെ വൈസ് ചാൻസിലറും സിൻഡിക്കേറ്റ് മെമ്പർമാരും ആലിബാബയും 40 കള്ളന്മാരെയുമാണ് ഓർമിപ്പിക്കുന്നത്. ഇത്തരത്തിലുള്ള അനാസ്ഥകൾക്കെതിരെ കണ്ണൂർ യൂനിവേഴ്സിറ്റിയിലെ ഭരണകർത്താക്കൾ തക്കതായ നടപടി സ്വീകരിച്ചിട്ടിലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകും.-ഫർഹാൻ മുണ്ടേരി (കെ.എസ്.യു സംസ്ഥാന ജന. സെക്രട്ടറി)
വിദ്യാർഥികളെ ബലിയാടാക്കുന്നു
നാലുവർഷ ബിരുദവും കൊണ്ട് സർക്കാറും സർവകലാശാലയും വിദ്യാർഥികളെ ബലിയാടാക്കുന്നു. ഒരു ക്ലാസിൽ തന്നെ നിരവധി കോഴ്സുകൾ തെരഞ്ഞെടുത്ത് പഠിക്കാവുന്ന എം.ഡി.സി (മൾട്ടി ഡിസിപ്ലിനറി കോഴ്സ) യുടെ പരീക്ഷക്ക് ഹാളിൽ വിദ്യാർഥികൾ എത്തിയ ശേഷമാണ് ഏതാനും ചില പരീക്ഷകൾ ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചതായി യൂനിവേഴ്സിറ്റിയിൽനിന്ന് വിവരം ലഭിക്കുന്നത്. മാസങ്ങൾക്ക് മുമ്പ് നോട്ടിഫിക്കേഷൻ ചെയ്ത പരീക്ഷ, അധികൃതർ യാതൊരു മുന്നൊരുക്കവും കൂടാതെയാണ് നടത്തുന്നതെന്നാണ് ഇതിലൂടെ പുറത്ത് വരുന്നത്.
വേനൽ അവധിക്കാലത്ത് വളരെ ദൂരത്ത്നിന്നും മറ്റുമായി കോളജിൽ പരീക്ഷക്ക് മാത്രമായെത്തുന്ന വിദ്യാർഥികളോട് ചെയ്യുന്ന അനീതിയുടെ തുടർക്കഥയാണ് നടന്നത്. മതിയായ ക്ലാസുകൾ നടക്കാതെയും കൃത്യമായി മുന്നൊരുക്കവുമില്ലാതെ നമ്മുടെ സർവകലാശാല സംസ്ഥാനത്ത് എത്രയും പെട്ടെന്ന് പരീക്ഷ നടത്തുകയും ഫലം പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത്തിലുള്ള ഒന്നാം സ്ഥാനം കുത്തകയാക്കാനുള്ള ഓട്ടത്തിലാണ്. യു.ജി.സിയുടെ നാക് പോയന്റിൽ കണ്ണൂർ സർവകലാശാല സംസ്ഥാനത്ത് ഏറ്റവും പിന്നിലാണ്.-നസീർ പുറത്തീൽ (എം.എസ്.എഫ് ജില്ല പ്രസിഡന്റ്)
രാജ്യത്തിനു മാതൃകയായി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയും സർവകലാശാലകളും മുന്നേറുന്ന സാഹചര്യത്തിൽ അതിനെ തകർക്കാൻ ചാൻസലർ മുഖേന സംഘ്പരിവാർ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഓരോ അജണ്ടകളും കേരളം കണ്ടതാണ്. അതിന്റെ തുടർകഥയാണ് കണ്ണൂർ യൂനിവേഴ്സിറ്റിയിൽ നടന്നുകൊണ്ടിരിക്കുന്നത്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥി യൂനിയൻ, സിൻഡിക്കേറ്റ്, സെനറ്റ് പ്രധിനിധികളെ മുഖവിലക്കെടുക്കാതെ സർവകലാശാല വൈസ് ചാൻസലർ സ്വീകരിച്ചുപോന്ന ഏകാധിപത്യ സമീപനങ്ങളാണ് സർവകലാശാലയെ ഈ നിലയിലെത്തിച്ചു കൊണ്ടിരിക്കുന്നത്.
എസ്.എഫ്.ഐ തുടങ്ങിെവച്ച സമരങ്ങൾ ഇനിയും ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് കാലം ആവശ്യപ്പെടുന്നത്. എന്നാൽ സംഘപരിവാറിനും അവരുടെ അജണ്ടകൾക്കും വിധേയപ്പെട്ട് കെ.എസ്.യു ഉൾപ്പെടെയുള്ള വലതു വിദ്യാർഥി സംഘടനകൾ മൗനം പാലിക്കുന്നത് ഏറെ അപകടകരമാണ്. -ശരത് രവീന്ദ്രൻ (എസ്.എഫ്.ഐ ജില്ല സെക്രട്ടറി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

