കാട് കത്തിയിട്ടും നാടറിഞ്ഞില്ല
text_fieldsഅഴീക്കൽ: അഴീക്കൽ ചാൽ ബീച്ചിനു സമീപത്തെ ശ്മശാനത്തിനരികിൽ കടലോരവനത്തിൽ തീ പടർന്ന് പിടിച്ചിട്ടും നാടറിഞ്ഞില്ല. കടലോരത്ത് ഒരു കിലോമീറ്ററിലധികം നീണ്ടുനിൽക്കുന്ന നിക്ഷിപ്ത വനമേഖലയിൽ രണ്ടാഴ്ച മുന്നേ തീപിടിച്ചിരുന്നു. ജനവാസം കുറഞ്ഞ മേഖലയായതിനാൽ അധികമാരും അറിഞ്ഞില്ല. സമീപത്തെ വീട്ടുകാർ പുക ഉയരുന്നത് കണ്ടപ്പോഴാണ് ഫയർഫോഴ്സിനെ വിവരമറിയിച്ചത്. അഗ്നിരക്ഷ സേന സ്ഥലത്തെത്തിയെങ്കിലും ശക്തമായ കടൽക്കാറ്റടിക്കുന്ന പ്രദേശമായതിനാൽ തീയണക്കൽ പ്രയാസമായി തുടരുകയാണ്. ഉണങ്ങിയ നിരവധി മരങ്ങൾക്ക് തീപിടിച്ച് കടപുഴകി വീണ് കത്തിക്കൊണ്ടിരിക്കുകയാണ്. ശക്തിയായ കടൽക്കാറ്റ് അടിക്കുന്നതിനാൽ തീപടരുമെന്ന ഭീതിയിലാണ് സമീപവാസികൾ.
ഏക്കർ കണക്കിന് നീണ്ടുകിടക്കുന്ന കടൽക്കരയിലെ വനത്തിൽ ഒരുഭാഗത്ത് തീയണക്കുമ്പോൾ മറുഭാഗത്ത് തീപിടിക്കുന്ന അവസ്ഥയിലാണ് കാറ്റടിക്കുന്നത്. ജനവാസമില്ലാത്ത കാട്ടുപ്രദേശത്ത് പകൽസമയം പുറം നാടുകളിൽനിന്നും നിരവധിപേർ തമ്പടിക്കുന്നു. മദ്യവും മയക്കുമരുന്നും രഹസ്യമായി ഉപയോഗിക്കാൻ ആൾക്കാർ എത്തുന്നുവെന്നാണ് പ്രദേശവാസികൾ സംശയിക്കുന്നത്.
ഈ കടലോരത്ത് നിരവധി മയിലുകളും പക്ഷികളും എത്തുന്നുണ്ട്. അതുപോലെതന്നെ കരയാമക്കൂട്ടം ഇവിടെ മേയുന്നതായും ചിലർ പറയുന്നു. നൂറുകണക്കിന് കരയാമകൾ കത്തിച്ചാമ്പലായതായും സംശയിക്കപ്പെടുന്നു. കരിഞ്ഞുചത്ത ഏതാനും കടലാമകളെ കാണാൻ നാട്ടുകാരും കുട്ടികളും എത്തുന്നുണ്ട്. രണ്ടാഴ്ച മുമ്പുണ്ടായ തീപിടിത്തം അഗ്നിരക്ഷ സേനയെത്തി തീയണച്ചിരുന്നു. അതിനുശേഷം വീണ്ടും ഉണ്ടായ തീപിടിത്തം കഴിഞ്ഞ മൂന്നുദിവസമായിട്ടും പൂർണമായും അണക്കാനായിട്ടില്ല.
കടുത്ത വെയിൽചൂടിലും കത്തുന്ന തീച്ചൂടിലും ജോലിചെയ്യുന്ന അഗ്നിരക്ഷ സേനാംഗങ്ങൾക്ക് റവന്യൂ അധികൃതരോ പഞ്ചായത്തോ കുടിവെള്ളം പോലും എത്തിച്ചുകൊടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പ്രദേശത്ത് പുറംനാടുകളിൽ നിന്നും എത്തുന്നവരെ നിയന്ത്രിക്കാനും തെറ്റായ പ്രവണതകൾ ഒഴിവാക്കാനും പൊലീസ് പരിശോധന ഇല്ലാത്തതുമാണ് ഇത്തരം സാഹചര്യങ്ങൾക്ക് കാരണമെന്നാണ് പ്രദേശവാസികളായ എം. രാജേഷ്, ടി.പി. സജിത്ത് എന്നിവർ പറയുന്നത്. സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ എ. കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തിൽ ഫയർ ഓഫിസർമാരായ കെ. വിനോദ്, പി. മിധുൻ, പി. രാജേഷ്, റസീഫ് എന്നിവർ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.