കൊറിയറിലെ സ്വർണം മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ
text_fieldsആലുവ: വ്യാജ വിലാസം നിർമിച്ച് കൊറിയർ വഴി സ്വർണമെത്തിച്ച് മോഷണം നടത്തിയ കൊറിയർ ജീവനക്കാരൻ പിടിയിൽ. കണ്ണൂർ അഴീക്കോട് പി.സി. ലൈൻ വീട്ടിൽ സന്ദീപാണ് (31) പിടിയിലായത്.
ആലുവ തായിക്കാട്ടുകരയിലെ ഡൽഹി വെറി പ്രൈവറ്റ് ലിമിറ്റഡ് എന്ന കൊറിയർ സ്ഥാപനത്തിലെ താൽക്കാലിക ജീവനക്കാരനായിരുന്നു. വ്യാജ വിലാസം നിർമിച്ച് അതിലേക്ക് സ്വർണം ഓർഡർ ചെയ്ത് വരുത്തുകയും കമ്പനി അയച്ച പാക്കറ്റ് എത്തുമ്പോൾ ഇയാൾ പാക്കറ്റ് തുറന്ന് സ്വർണം എടുക്കുകയും ചെയ്യും. തുടർന്ന് കവർ ഒട്ടിച്ചശേഷം വിലാസത്തിൽ ആളില്ലെന്ന് പറഞ്ഞ് തിരിച്ചയക്കും. അങ്ങനെ തിരിെച്ചത്തിയ പാക്കറ്റുകൾ ബംഗളൂരുവിലെ കമ്പനി സ്കാൻ ചെയ്തപ്പോഴാണ് പാക്കറ്റിൽ സ്വർണം ഇല്ലെന്ന് മനസ്സിലായത്. തുടർന്ന് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
ജില്ല പൊലീസ് മേധാവി കെ. കാർത്തികിെൻറ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി ജി. വേണുവും സംഘവും നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ആറു ലക്ഷത്തോളം രൂപയുടെ 10 സ്വർണ ഉരുപ്പടികളാണ് മോഷ്ടിച്ചത്. സംഭവം നടന്നശേഷം സന്ദീപ് ഒളിവിലായിരുന്നു. ഇൻസ്പെക്ടർ പി.എസ്. രാജേഷ്, എസ്.ഐ വി.കെ. രവി, എ.എസ്.ഐമാരായ ബിജു, എം.കെ. ഇക്ബാൽ, സി.പി.ഒ ദിലീഷ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.

