ആറളം ഫാമിൽ വീണ്ടും ആനക്കലി; റബർ മരങ്ങൾ വ്യാപകമായി നശിപ്പിക്കുന്നു
text_fieldsകേളകം:: ആറളം ഫാം പുനരധിവാസ മേഖലയിൽ ആനക്കലി വീണ്ടും രൂക്ഷമാകുന്നു. ഫാമിന്റെ പ്രധാന വരുമാനമാർഗമായ റബർ കൃഷിക്കു നേരെയാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. ബ്ലോക്ക് ആറിലെ റബർ മരങ്ങൾ കുത്തിമറിച്ചും തൊലി പൊളിച്ച് തിന്നും ആനകൾ വ്യാപകമായി നശിപ്പിക്കുകയാണ്. ഫാമിന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയായി വന്യമൃഗശല്യം മാറുമ്പോഴും നഷ്ടപരിഹാരമോ ശാശ്വത പരിഹാരമോ ലഭിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
2017 മുതൽ ഒൻപത് വർഷത്തിനിടെ ആറളം ഫാമിൽ 134 കോടി രൂപയുടെ കൃഷിനാശം സംഭവിച്ചതായാണ് കണക്ക്. ഫാമിനുണ്ടായ നഷ്ടത്തിന് വനംവകുപ്പ് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം നിലനിൽക്കുമ്പോഴും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നാണ് പരാതി. ഒരുവശത്ത് സർക്കാർ കോടികൾ ചെലവഴിച്ച് വിവിധ പദ്ധതികൾ നടപ്പാക്കുമ്പോൾ മറുവശത്ത് ആനകളുൾപ്പെടെയുള്ള വന്യമൃഗങ്ങൾ കൃഷിയിടങ്ങൾ നശിപ്പിക്കുന്നത് ഫാമിന്റെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുകയാണ്.
വെയിൽ കടുക്കുന്നതോടെ ആനകൾ കൂട്ടത്തോടെ ഫാമിലും സമീപത്തെ ജനവാസ മേഖലയിലും ഇറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവാണ്. എന്നാൽ ഇത്തവണ നേരത്തേ തന്നെ വന്യമൃഗങ്ങൾ കൂട്ടത്തോടെ എത്തിത്തുടങ്ങിയത് പ്രദേശവാസികളിലും ഫാം അധികൃതരിലും ആശങ്കയുണ്ടാക്കുന്നു. കഴിഞ്ഞ വർഷങ്ങളിലും ആനകൾ വ്യാപകമായി റബർ മരങ്ങൾ നശിപ്പിച്ചിരുന്നു. റബർ പാൽ സൂക്ഷിക്കുന്ന ബാരലുകളും പാത്രങ്ങളും ഉൾപ്പെടെയുള്ളവയും പലതവണ ആനകൾ തകർത്തിട്ടുണ്ട്.
തെങ്ങുകൃഷി തകർന്നു; വിളവെടുപ്പ് കുത്തനെ കുറഞ്ഞു
ഒരുകാലത്ത് തെങ്ങുകൃഷിക്ക് പേരുകേട്ട സ്ഥലമായിരുന്നു ആറളം ഫാം. എന്നാൽ ഇന്ന് തെങ്ങിൻതോട്ടങ്ങളിൽ പലതും തരിശുഭൂമിക്ക് സമാനമായ അവസ്ഥയിലാണ്.
ഫാമിലെ 5,000-ത്തിലധികം തെങ്ങുകൾ ആനകൾ നശിപ്പിച്ചതായാണ് കണക്ക്. ഒരോ വിളവെടുപ്പിലും 2.5 ലക്ഷം മുതൽ അഞ്ച് ലക്ഷം വരെ നാളികേരം ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 25,000 മുതൽ 60,000 വരെ മാത്രമാണ് ലഭിക്കുന്നത്. അവശേഷിക്കുന്ന തെങ്ങുകൾ സംരക്ഷിക്കാനും വിളവെടുപ്പ് ഉറപ്പാക്കാനും ഫാം അധികൃതർ ഏറെ ബുദ്ധിമുട്ടുകയാണ്.
കശുമാവും ആനകളുടെ ആക്രമണത്തിൽ
ഫാമിന്റെ മറ്റൊരു പ്രധാന വരുമാനമാർഗമായിരുന്ന കശുവണ്ടി കൃഷിയും തകർച്ചയുടെ വക്കിലാണ്. കശുവണ്ടി സീസണിൽ ഫാമിലെത്തുന്ന ആനക്കൂട്ടം കശുവണ്ടിയും പഴങ്ങളും തിന്നുതീർക്കുന്നതിനൊപ്പം കശുമാവുകൾ ചവിട്ടിമറിച്ചും നശിപ്പിക്കുന്നു. ആനകളുടെ സാന്നിധ്യം കാരണം കൃത്യസമയത്ത് വിളവെടുപ്പ് നടത്താൻ പോലും കഴിയാത്ത സ്ഥിതിയാണ്. തൊഴിലാളികൾക്ക് സുരക്ഷ ഉറപ്പാക്കിയശേഷം മാത്രമേ വിളവെടുപ്പിനിറങ്ങാൻ കഴിയൂ എന്നതിനാൽ കൃഷിച്ചെലവും പ്രതിസന്ധിയും വർധിക്കുകയാണ്.
വന്യമൃഗശല്യം തുടർന്നാൽ ഫാമിന്റെ ശേഷിക്കുന്ന കാർഷിക സമ്പത്തും ഇല്ലാതാകുമെന്ന ആശങ്ക ശക്തമാണ്. നിർമാണത്തിലിരിക്കുന്ന ആനമതിൽ അടിയന്തരമായി പൂർത്തിയാക്കുകയും ഫാമിലെയും പുനരധിവാസ മേഖലയിലെയും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്നാണ് ആവശ്യം. കൃഷിനാശത്തിന് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണം. വരുമാനമാർഗങ്ങൾ വീണ്ടെടുക്കാൻ അടിയന്തര ഇടപെടലുണ്ടായില്ലെങ്കിൽ ഫാമിന്റെ കാർഷിക മേഖല പൂർണ തകർച്ചയിലേക്ക് നീങ്ങുമെന്ന ആശങ്കയും ഉയരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

