സ്മാര്ട്ട് വില്ലേജ് ഓഫിസിൽ വൈദ്യുതി എത്തും
text_fieldsകാട് കയറി തുടങ്ങിയ കൊട്ടിയൂരിലെ സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടം
കൊട്ടിയൂർ: നിർമാണം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷം കൊട്ടിയൂർ സ്മാര്ട്ട് വില്ലേജ് ഓഫീസിൽ വൈദ്യുതി എത്തും. 45 ലക്ഷത്തോളം രൂപ ചെലവിൽ നിർമാണം പൂർത്തിയാക്കിയ കൊട്ടിയൂർ സ്മാര്ട്ട് വില്ലേജ് കാട് കയറി തുടങ്ങിയിട്ട് മാസങ്ങളായി. വൈദ്യുതിയും വെള്ളവും ലഭിക്കാത്തതിനെ തുടർന്നാണ് വില്ലേജ് ഓഫിസ് പ്രവർത്തനം തുടങ്ങാതിരുന്നത്. വൈദ്യുതി എത്തിക്കാനായി തൂൺ സ്ഥാപിക്കാൻ 1,21,794 രൂപ വേണമായിരുന്നു.
എന്നാൽ വില്ലേജ് ഓഫിസിന്റെ നിർമാണം പൂർത്തിയായിട്ടും തുക ലഭിച്ചിരുന്നില്ല. റവന്യൂ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് തുക അനുവദിച്ച് ഉത്തരവായെന്നും 15 ദിവസത്തിനകം വില്ലേജ് ഓഫിസിൽ വൈദ്യുതി കണക്ഷൻ നൽകാനാകുമെന്നും വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷാജി പൊട്ടയിൽ പറഞ്ഞു.

