കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇനി ഇലക്ട്രിക് കാര്‍ യാത്ര
text_fieldsമട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ഇനി ഇലക്ട്രിക് കാറില്‍ യാത്ര ചെയ്യാം. വിമാനത്താവളത്തിലെ പ്രീപെയ്ഡ് ടാക്സി സര്‍വിസ് ഏറ്റെടുത്ത കാലിക്കറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് കമ്പനിയാണ് സംവിധാനം ഏർപ്പെടുത്തിയത്.
ചൊവ്വാഴ്ച വൈകീട്ട് 3.30ന് വിമാനത്താവള ടെര്‍മിനലില്‍ കിയാല്‍ എം.ഡി വി. തുളസിദാസ് ഇലക്ട്രിക് കാറുകളുടെ ഉദ്ഘാടനം നിര്‍വഹിക്കും. സബ് കലക്ടര്‍ ആസിഫ് കെ. യൂസുഫ് മുഖ്യാതിഥിയായിരിക്കും. കണ്ണൂര്‍ ആര്.ടി.ഒ ഇ.എസ്. ഉണ്ണികൃഷ്ണന്, മട്ടന്നൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ അനിത വേണു, കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡൻറ് എം. രാജന് എന്നിവര്‍ സംബന്ധിക്കും. തുടക്കത്തില്‍ മൂന്ന് ഇലക്ട്രിക് കാറുകളാണ് സർവിസ് നടത്തുക.
പിന്നീട് എണ്ണം കൂട്ടും. ഒരു ചാര്‍ജിങ്ങില്‍ 180 കിലോമീറ്ററാണ് സർവിസ് നടത്താന്‍ സാധിക്കുക. നിലവില്‍ ചാര്‍ജിങ് സ്റ്റേഷന് കണ്ണൂര്‍ വിമാനത്താവളത്തില്‍ മാത്രമാണുള്ളത്. മട്ടന്നൂര്‍, കൂത്തുപറമ്പ്, തലശ്ശേരി, പയ്യന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൂടി ചാര്‍ജിങ് സ്റ്റേഷന് വരുന്നതോടെ കാറുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് എം.ഡി ഷൈജു നമ്പറോന്‍ അറിയിച്ചു.