തടവിന് ശിക്ഷിച്ചയാളുടെ തെരഞ്ഞെടുപ്പ് വിജയം; കോടതിയെ സമീപിക്കാൻ കമീഷൻ നിർദേശം
text_fieldsകണ്ണൂർ: തടവിന് ശിക്ഷിച്ച പ്രതിയുടെ നാമനിർദേശ പത്രിക തള്ളാത്ത നഗരസഭ വരണാധികാരിക്കും പൊലീസിനുമെതിരെ നടപടിയാവശ്യപ്പെട്ട പരാതിക്കാരനോട് കോടതിയെ സമീപിക്കാൻ നിർദേശിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ.
തളിപ്പറമ്പ് സെഷൻസ് കോടതി തടവിന് ശിക്ഷിച്ച് ജയിലിലായ വി.കെ. നിഷാദ് പയ്യന്നൂർ നഗരസഭയിൽ മത്സരിച്ച് ജയിച്ച പശ്ചാത്തലത്തിൽ ഹൈകോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ കുളത്തൂർ ജയ്‌സിങ്ങാണ് സംസ്ഥാന തെരെഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാന് പരാതി നൽകിയിരുന്നത്.
പയ്യന്നൂർ 46ാം വാർഡിൽ വിജയിച്ച നിഷാദിനെ കോടതി 20 വർഷത്തേക്ക് തടവിന് ശിക്ഷിച്ചിരുന്നു. സ്വന്തം പിതാവിന്റെ കാൽമുട്ടിന് ശസ്ത്രക്രിയയുണ്ടെന്നും പരോൾ വേണമെന്നും കാണിച്ചുള്ള അപേക്ഷയിൽ അടിയന്തര പരോൾ അനുവദിച്ചതിലൂടെ ജയിലിൽനിന്ന് പുറത്തുവന്ന പ്രതി വിധി മറച്ചുവെച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പത്രിക നൽകി.
ഇതേപ്പറ്റി അറിവുള്ള വരണാധികാരി നാമനിർദേശ പത്രിക തള്ളാൻ തയാറായില്ല. ശിക്ഷാവിധി മേൽകോടതി റദ്ദാക്കിയിട്ടില്ല. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തും ശിക്ഷാവിധിയെക്കുറിച്ച് പൊലീസ് അധികൃതർക്ക് റിപ്പോർട്ട് നൽകിയില്ല.
ഏതെങ്കിലും കുറ്റത്തിന് ശിക്ഷിക്കപ്പെട്ടാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യതയുണ്ടെന്ന് വ്യക്തമാക്കുന്ന നിയമത്തെ പയ്യന്നൂർ നഗരസഭ തെരഞ്ഞെടുപ്പ് വരണാധികാരിയും പൊലീസും അട്ടിമറിച്ചിരിക്കുകയാണ്. ഇതിനാൽ ഇവർക്കെതിരെ നടപടിയെടുക്കണമെന്നും പ്രതിയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്നുമാണ് കുളത്തൂർ ജയ്സിങ് ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

