എടക്കാട് സ്ത്രീകൾ ഇനി സ്മാർട്ടാകും; സ്വാഭിമാന്‍ പദ്ധതിക്ക് തുടക്കമായി
text_fieldsഎടക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ സ്വാഭിമാന്‍ പദ്ധതി ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റി ചെയര്മാന് ആര്.എല്‍. ബൈജു ഉദ്ഘാടനം ചെയ്യുന്നു
കണ്ണൂർ: എടക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെയും എടക്കാട് അഡീഷനല്‍ ഐ.സി.ഡി.എസിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സ്വാഭിമാന്‍ പദ്ധതിയുടെ ഉദ്ഘാടനം ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റി ചെയര്മാന് ആര്.എല്‍. ബൈജു നിര്‍വഹിച്ചു. കൗണ്‍സലിങ്, വിദഗ്ധരുടെ ക്ലാസുകള്‍ എന്നിവയിലൂടെ സ്ത്രീകളെ പ്രതിസന്ധികള്‍ തരണംചെയ്യാന്‍ പ്രാപ്തരാക്കുകയും കുടുംബാന്തരീക്ഷം മെച്ചപ്പെടുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
മാനുഷികമൂല്യങ്ങള്‍ ഉറപ്പാക്കുക, ലഹരിമരുന്ന് ഉപയോഗം തടയാനുള്ള പ്രവര്‍ത്തനത്തിന് കുടുംബങ്ങളില്‍നിന്ന് തുടക്കംകുറിക്കുക, സ്ത്രീകളുടെ മാനസികപ്രശ്നങ്ങള്‍ പരിഹരിക്കുക, ശിശുവികസന മേഖലകള്‍ കൂടുതല്‍ ശക്തിപ്പെടുത്തുക, മെച്ചപ്പെട്ട കുടുംബാന്തരീക്ഷം സൃഷ്ടിക്കുക എന്നിവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. രണ്ടര ലക്ഷം രൂപ ഇതിനായി ബ്ലോക്ക് പഞ്ചായത്ത് മാറ്റിവെച്ചു. ഗൈനക്കോളജിസ്റ്റ്, ശിശുരോഗ വിദഗ്ധര്‍, അഭിഭാഷകര്‍, സ്ത്രീസുരക്ഷ ഓഫിസര്‍, സോഷ്യോളജിസ്റ്റ്, വ്യക്തിത്വവികസന -ആധ്യാത്മിക രംഗങ്ങളിലെ വിദഗ്ധര്‍, പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസെടുക്കുക.
വിവിധ മേഖലയിലെ അറിവുകള്‍ പകരുന്നതിനൊപ്പം സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പങ്കുവെക്കാനും അവസരം ലഭിക്കും. പ്രശ്നപരിഹാരത്തിനായുള്ള നിര്‍ദേശങ്ങള്‍ വിദഗ്ധര്‍ നല്‍കും. ഇതിലൂടെ ഗാര്‍ഹികപീഡനം ഉൾപ്പെടെ തടയാനാകുമെന്നാണ് പ്രതീക്ഷ. വിവാഹജീവിതം സംബന്ധിച്ച പ്രത്യേക കൗണ്‍സലിങ്ങും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പെരളശ്ശേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. പ്രമീള അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ അഡ്വ. എം.സി. സജേഷ് പദ്ധതി വിശദീകരിച്ചു. വിവാഹത്തിന് മുമ്പ്, വിവാഹത്തിന് ശേഷം, കുടുംബങ്ങളിലെ നീതിന്യായം എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

