എടക്കാട് സർവിസ് റോഡുവഴി ബസ് ഓടാത്തതിൽ ദുരിതം
text_fields1. ഇണ്ടേരി അമ്പലത്തിന്റെ ഭാഗത്തെ പണിതീർന്ന റോഡ്, 2. എടക്കാട് അടിപ്പാതയുടെ ഭാഗം, 3. മഴയത്ത് നടുറോഡിൽ ബസ് കാത്തുനിൽക്കുന്നവർ
എടക്കാട്: കണ്ണൂരിൽനിന്ന് തലശ്ശേരിയിലേക്ക് കിഴക്കുഭാഗം സർവിസ് റോഡ് വഴി ഓർഡിനറി ബസുകൾ ഓടാത്തതിൽ യാത്രക്കാർ ദുരിതത്തിൽ.
നിർമാണ പ്രവർത്തനത്തിന്റെ ഭാഗമായി കഴിഞ്ഞ ഏപ്രിൽ 30നാണ് ഇതുവഴി വാഹന ഗതാഗതം നിരോധിച്ചത്.
നിർമാണം പൂർത്തിയായി ഒരുമാസം കഴിഞ്ഞിട്ടും ബസുകൾ ഇതുവഴി പോകുന്നില്ല. കനത്ത മഴയിൽ ചളിക്കെട്ടിലൂടെ വളരെ ദൂരം നടന്ന് പുതിയ ദേശീയപാതയുടെ മുകളിൽ ബസ് കാത്തിരിപ്പ് കേന്ദ്രം പോലും ഇല്ലാത്തിടത്ത് മഴയത്ത് നനഞ്ഞും ചൂടിൽ വെയിലുകൊണ്ടും ബസ് കാത്തുനിൽക്കേണ്ട അവസ്ഥയാണ്. ദിനേന യാത്രചെയ്യുന്ന വിദ്യാർഥികളും തൊഴിലാളികളുമടക്കമുള്ളവർ ഏറെ ദുരിതം പേറുകയാണ്. രണ്ടാഴ്ച കൊണ്ട് പണി തീർത്ത് റോഡ് തുറന്നുകൊടുക്കുമെന്ന് പറഞ്ഞാണ് നിർമാണ കമ്പനി റോഡടച്ചത്.
മറ്റു വാഹനങ്ങൾ ഇതുവഴി പോകുമ്പോഴും ജനങ്ങൾ കൂടുതൽ ആശ്രയിക്കുന്ന ഓർഡിനറി ബസുകൾ ഇതുവഴി പോകാതെ ജനങ്ങളെ ദുരിതക്കയത്തിലാക്കിയതിൽ നാട്ടുകാർ കടുത്ത അമർഷത്തിലാണ്. ദുരിതമനുഭവിക്കുന്നതറിഞ്ഞിട്ടും ആരും പ്രതികരിക്കാനോ പ്രതിഷേധിക്കാനോ മുന്നോട്ട് വരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
ഇണ്ടേരി അമ്പലത്തിന് മുന്നിലെ 30 മീറ്റർ നീളത്തിലെ ഓവുചാലിന്റെയും എടക്കാട് ബസാറിലെ അടിപ്പാതക്ക് സമീപത്തെ ഭിത്തിയുടെയും നിർമാണം പൂർത്തീകരിക്കുന്നതിനാണ് റോഡ് അടച്ചത്.
നിലവിൽ നിർമാണം പൂർത്തിയായിട്ടുണ്ട്. നിർമാണ പ്രവർത്തനം തീർത്ത ഭാഗത്ത് മറ്റുവാഹനങ്ങൾ സർവിസ് റോഡ് വഴി പോകുമ്പോഴും ബസുകൾ ഇതുവഴി പോകുന്നില്ല. ബസ് സർവിസ് പഴയ പോലെ പുനരാരംഭിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ഇവിടെ ബസിറങ്ങുന്നവരും ബസ് കയറാൻ പോകുന്നവരും ഓട്ടോറിക്ഷയെയാണ് ആശ്രയിക്കുന്നത്. ഇത് സാമ്പത്തിക നഷ്ടമാണ് യാത്രക്കാർക്കുണ്ടാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

